ദുബായ് : ജനങ്ങളുടെ സേവനത്തിനായി അടിയന്തര സാഹചര്യങ്ങളെ നേരിടാൻ ഡ്രോൺ നിരീക്ഷണവുമായി ദുബായ് പൊലീസ്. ആകാശത്ത് അപ്രതീക്ഷിതമായി ഡ്രോൺ കണ്ടാൽ ആശങ്കപ്പെടേണ്ടെന്ന് പോലീസ് അറിയിച്ചു. നീല നിറത്തിലുള്ള ഡ്രോണുകളാണ് നിരീക്ഷണത്തിനായി പോലീസ് ഉപയോഗിക്കുക..
നഗരത്തിൽ ആളുകൾ തിങ്ങി പാർക്കുന്ന കേന്ദ്രങ്ങളിൽ അടക്കം നിരീക്ഷണത്തിനായി ഡ്രോണുകൾ ഉപയോഗിക്കാനാണ് ദുബായ് പോലീസിന്റെ തീരുമാനം. സുരക്ഷാ നിരീക്ഷണം, അടിയന്തിര ഘട്ടത്തിൽ സഹായം എത്തിക്കൽ, താമസക്കാരുടെ അപേക്ഷകളോട് വേഗത്തിൽ പ്രതികരിക്കൽ തുടങ്ങി വിവിധ ആവശ്യങ്ങൾക്ക് ഡ്രോണുകൾ ഉപയോഗിക്കും. ബഹുനില കെട്ടിടങ്ങളുടെ മുകൾ ഭാഗത്തേക്ക് വിവിധ സേവനങ്ങൾ എത്തിക്കാനും ഡ്രോണുകൾ സഹായിക്കും. അഗ്നിബാധ, കുട്ടികൾ ബാൽക്കണിയിൽ കുടുങ്ങി പോകുക തുടങ്ങിയ ഘട്ടങ്ങളിൽ ഗ്രോൺ സേവനം ഗുണം ചെയ്യും.
അതേസമയം, മറ്റ് ഡ്രോണുകളിൽ നിന്നും തിരിച്ചറിയാൻ പോലീസിന്റേത് നീലത്തിലുള്ള ഡ്രോണുകളായിരിക്കും. പൊതുജനങ്ങൾക്ക് പോലീസ് സേവനം വേഗത്തിൽ തിരിച്ചറിയാനാണ് പ്രത്യേക നിറം നൽകുന്നതെന്നും ദുബായ് പോലീസ് സമൂഹ മാധ്യമമായ എക്സിൽ അറിയിച്ചു. ജനങ്ങളുടെ സുരക്ഷ വർദ്ധിപ്പിക്കുകയും വേഗത്തിൽ സേവനം ലഭ്യമാക്കുകയുമാണ് ലക്ഷ്യമെന്നും പോലീസ് വിശദീകരിച്ചു.