വയനാട് / തൃശൂർ : ഒരു മാസത്തോളം നീണ്ടുനിന്ന, ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് വയനാട്ടിലും ചേലക്കരയിലും ഇന്ന് കൊട്ടിക്കലാശം. ഇരുമണ്ഡലങ്ങളിലും പരസ്യപ്രചരണം അവസാനിച്ചു. ചെറിയ ചില സംഘർഷങ്ങൾ ഒഴിച്ചാൽ സമാധാനപരമമായിരുന്നു കൊട്ടിക്കലാശം. ഇനി നിശബ്ദ പ്രചാരണത്തിൻ്റെ മണിക്കൂറുകൾ.
( സത്യൻ മെകേരിയുടെ ചിത്രം പതിച്ച തൊപ്പിയും കൊടിയുമായി ജർമ്മനിയിൽ നിന്നെത്തിയവർ കൊട്ടിക്കലാശത്തിൽ പങ്കെടുത്തപ്പോൾ)
ബത്തേരിയിലും തിരുവമ്പാടിയിലും സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധിയും രാഹുൽ ഗാന്ധിയും റോഡ് ഷോ നടത്തി പ്രവർത്തകരെ ആവേശഭരിതരാക്കി. പ്രിയങ്കയുടെ ചിത്രം പതിച്ച തൊപ്പിയുമണിഞ്ഞാണ് യുഡിഎഫ് പ്രവർത്തകർ റോഡ് ഷോയിൽ പങ്കെടുക്കാനെത്തിയത്. എൽഡിഎഫ് സ്ഥാനാര്‍ത്ഥി സത്യൻ മൊകേരി വൈകീട്ട് കൽപ്പറ്റയിലെ കൊട്ടിക്കലാശത്തിലാണ് പങ്കെടുത്തത്. എൻഡിഎ സ്ഥാനാർത്ഥി നവ്യ ഹരിദാസും ക്രെയിനിൽ കയറിയാണ് പരസ്യ പ്രചാരണം അവസാനിപ്പിച്ചത്.
(പ്രിയങ്കാ ഗാന്ധിയുടെയും നവ്യാ ഹരിദാസിൻ്റെയും റോഡ് ഷോയിൽ നിന്ന്)
ചേലക്കരയിൽ ഇത്തവണ തെരഞ്ഞെടുപ്പ് പ്രചാരണം ആവേശത്തിൻ്റെ പാരമ്യതയിൽ എത്തിച്ചായിരുന്നു കൊട്ടിക്കലാശം. വൈകിട്ട് ചേലക്കര ടൗണിലാണ് മൂന്ന് സ്ഥാനാർത്ഥികളുടെയും കൊട്ടിക്കലാശത്തിന് അരങ്ങൊരുങ്ങിയത്.
പരസ്യ പ്രചാരണം അവസാനിപ്പിച്ച് നിശബ്ദ പ്രചാരണത്തിലേക്ക് കടക്കുമ്പോഴും മുന്നണികള്‍ വിജയപ്രതീക്ഷയിലാണ്. നവംബര്‍ 13 നാണ് വയനാട്ടിലും ചേലക്കരയിലും വോട്ടെടുപ്പ്. പാലക്കാട് കൽപ്പാത്തി രഥോത്സവം പ്രമാണിച്ച് തെരഞ്ഞെടുപ്പ് തിയ്യതി 20 ലേക്ക് മാറ്റിയിരുന്നു. നവംബര്‍ 23 നാണ് മൂന്നിടത്തും വോട്ടെണ്ണല്‍ നടക്കുക.