ന്യൂഡൽഹി: എഴുപതു വയസ്സു പൂർത്തിയായോ, എങ്കിൽ നിങ്ങൾ കേന്ദ്രസർക്കാറിന്റെ ‘ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ് പദ്ധതി’യുടെ ‘ആയുഷ്മാൻ വയ വന്ദന കാർഡി’ന് അർഹനാണ്. വർഷം അഞ്ചു ലക്ഷം രൂപ വരെയുള്ള സൗജന്യ ചികിത്സ നിങ്ങൾക്ക് ലഭ്യമാകും.
പദ്ധതിയിൽ അംഗമാവാൻ വരുമാനപരിധി പ്രശ്നമല്ല. അംഗമായാൽ എല്ലാ ആശുപത്രികളിലും സൗജന്യ ചികിത്സ നേടാം. വർഷം അഞ്ചുലക്ഷം വരെ ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. കാർഡ് എന്ന് എടുക്കുന്നോ അന്നു മുതൽ പരിരക്ഷയും ലഭിക്കും. സർക്കാർ, സ്വകാര്യ ആശുപത്രികളിൽ ചികിത്സക്ക് കാർഡ് ഉപയോഗിക്കാം. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആവുന്നതുവരെ പൂർണമായ പരിരക്ഷ നൽകും.
അപേക്ഷകന് പ്രായം 70 കഴിഞ്ഞെന്നു തെളിയിക്കാൻ ആധാർ കാർഡ് വിവരങ്ങളാണ് അടിസ്ഥാനം. ഇതാണ് കാർഡ് സ്വന്തമാക്കുന്നതിനുള്ള പ്രധാന യോഗ്യതാ മാനദണ്ഡവും.
സ്മാർട്ഫോണിലൂടെ വീട്ടിലിരുന്നും ‘ആയുഷ്മാൻ വയ വന്ദന കാർഡ് സ്വന്തമാക്കാം.
www.beneficiary.nha. gov.in വെബ്സൈറ്റ് വഴിയും എടുക്കാം.
ആൻഡ്രോയ്ഡ് ഫോണുകളിൽ പ്ലേ സ്റ്റോറിൽ നിന്ന് ആയുഷ്മാൻ ആപ് ഡൗൺലോഡ് ചെയ്യുക. നാഷനൽ ഹെൽത്ത് അതോറിറ്റി ആപ്പാണെന്ന് ഉറപ്പുവരുത്തണം.
മൊബൈൽ നമ്പർ നൽകിയ ശേഷം ലോഗിൻ ക്ലിക്ക് ചെയ്യുക.
അപേക്ഷകന്റെ വിവരങ്ങളും ആധാർ വിശദാംശങ്ങളും നൽകുക
ഫോട്ടോ എടുക്കാനുള്ള അനുമതി നൽകുക.
ഇനി അപേക്ഷാഫോറത്തിലെ ഭാഗങ്ങൾ പൂരിപ്പിക്കുക.
അപേക്ഷകന്റെ മൊബൈൽ നമ്പർ സ്ഥിരീകരിക്കാൻ ഒ.ടി.പി നൽകുക
അപേക്ഷകന്റെ വിഭാഗം, പിൻ കോഡ് എന്നിവ പൂരിപ്പിക്കുക.
കുടുംബാംഗങ്ങളുടെ വിവരങ്ങൾ കൂടി നൽകുക.
അപേക്ഷ സമർപ്പിക്കുക.
ഇതോടെ ഇ-കെ.വൈ.സി പൂർത്തിയായി.
ഇനി ആയുഷ്മാൻ വയ വന്ദന കാർഡ് ഡൗൺലോഡ് ചെയ്യാം.
കാർഡ് ലാമിനേറ്റ് ചെയ്യിച്ച് വൃത്തിയായി സൂക്ഷിക്കാൻ മറക്കരുത്.