മ്യൂണിക്ക്∙ യൂറോ കപ്പിലെ ആദ്യ സെമി ഫൈനൽ പോരാട്ടത്തിൽ ഫ്രാൻസിനെ തകർത്തു സ്പെയിൻ ഫൈനലിൽ. യൂറോയിൽ സ്പെയിൻ കളിക്കുന്ന അഞ്ചാം ഫൈനലാണിത്.
ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് സ്പെയിനിൻ്റെ വിജയം. ലമീൻ യമാൽ, ഡാനി ഓൽമോ എന്നിവരുടെ ഗോളുകളിലാണ് സ്പെയിൻ ലീഡ് നേടിയത്. കോലോ മുവാനി ഫ്രാൻസിനായി ഗോൾ നേടി.
2024 യൂറോ കപ്പിൽ തോൽവി അറിയാതെയാണ് സ്പെയിൻ ഫൈനലിൽ കടക്കുന്നത്. യൂറോ കപ്പിന്റെ ചരിത്രത്തിൽ തന്നെ തുടർച്ചയായി ആറു കളികൾ ജയിക്കുന്ന ആദ്യ ടീമായി സ്പെയിൻ.
ജൂലൈ15ന് നടക്കുന്ന ഫൈനലിൽ ഇംഗ്ലണ്ട്– നെതർലൻഡ്സ് മത്സരത്തിലെ വിജയികളെ സ്പെയിൻ നേരിടും.
സ്പെയിനിന്‍റെ മുന്നേറ്റത്തോടെയാണ് കളി തുടങ്ങിയതെങ്കിലും ആദ്യ ഗോൾ നേടിയത് ഫ്രാൻസാണ്. ഒമ്പതാം മിനിറ്റിൽ ബോക്സിന്‍റെ
വിങ്ങിൽനിന്ന് കിലിയൻ എംബാപ്പെ ഉയർത്തി നൽകിയ ക്രോസ് മുവാനി ഹെഡ്ഡറിലൂടെ വലയിലാക്കി. ടൂർണമെന്‍റിൽ ഫ്രഞ്ചുകാർ നേടുന്ന ആദ്യ ഓപ്പൺ പ്ലേ ഗോളാണിത്. ഗോൽ വഴങ്ങിയതോടെ സ്പെയിനിൻ്റെ ഊർജ്ജം കൂടി.
16 വയസ്സുകാരൻ ലാമിൻ യമാലും നിക്കോ വില്യംസും തകർത്താടുന്നതാണ് പിന്നീട് കണ്ടത്.
അഞ്ചാം മിനിറ്റിൽ തന്നെ സ്പെയിനിന് ലീഡെടുക്കാനുള്ള അവസരം ലമിൻ യമാൽ ഒരുക്കിയതാണ്. വലതു വിങ്ങിൽനിന്ന് നൽകിയ മനോഹര ക്രോസ് ഫാബിയാൻ റൂയിസ് ഹെഡ്ഡ് ചെയ്തെങ്കിലും പോസ്റ്റിനു മുകളിലൂടെ പറന്നു.
വിടാതെ പൊരുതിയ യമാൽ’ 21ാം മിനിറ്റിൽ ലക്ഷ്യം കണ്ടു. അസാമാന്യമായ ഒരു ഗോളിലൂടെ ഫ്രഞ്ച് വല കുലുക്കി ഈ കൗമാരതാരം
ബോക്സിനു പുറത്തുനിന്ന് ഫ്രഞ്ച് പ്രതിരോധത്തെ കബളിപ്പിച്ച് യമാൽ തൊടുത്ത ഷോട്ട് ഇടതു പോസ്റ്റിൽ തട്ടി വലയിൽ കയറി. 30 വാര അകലെ നിന്ന് യമാൽ തൊടുത്ത കിക്ക് ഫ്രഞ്ച് ഗോളി മൈക്ക് മെയ്ഗ്നനെയും നിസ്സഹായനാക്കി.. യൂറോ കപ്പ് ചരിത്രത്തിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡ് ഇതോടെ യമാലിൻ്റെ പേരിൽ കുറിക്കപ്പെട്ടു. 16 വയസ്സും 362 ദിവസവുമാണ് താരത്തിന്‍റെ പ്രായം.1958 വെയിൽസ് ലോകകപ്പിൽ പെലെ ഗോൾ നേടുമ്പോൾ പ്രായം 17 വർഷവും 239 ദിവസവുമായിരുന്നു.
ആദ്യ മത്സരത്തിൽ ക്രൊയേഷ്യയ്ക്കെതിരെ ഇറങ്ങിയപ്പോൾ യൂറോയിൽ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനെന്ന റെക്കോർഡും യമാൽ സ്വന്തമാക്കിയിരുന്നു. സ്പാനിഷ് ലീഗ് ഫുട്ബോളിൽ ബാർസിലോന ക്ലബ്ബിന്റെ താരമായ യമാൽ ഇത്തവണ യൂറോയിൽ സ്പെയിനിന്റെ കുതിപ്പിൽ
നിർണായകമായ പങ്കാണ് വഹിക്കുന്നത്.
സമനില ഗോൾ വീണതിന്‍റെ ഞെട്ടലിൽനിന്ന് ഫ്രാൻസ് മുക്തമാകുന്നതിനു മുമ്പേ അടുത്ത ഗോളും വീണു. ബോക്സിനുള്ളിൽ ഫ്രഞ്ച് പ്രതിരോധ താരം ക്ലിയർ ചെയ്ത പന്ത് കാലിൽ തടഞ്ഞുകിട്ടിയ ഓൽമോയ, ഔറേലിയൻ ചൗമേനിയെ മറികടന്ന് തൊടുത്ത ഷോട്ട് പ്രതിരോധ താരം ജൂൾസ് കുണ്ടെയുടെ കാലിൽ തട്ടി നേരെ പോസ്റ്റിലേക്ക്. സെൽഫ് ഗോളായിയാണ് ആദ്യം പരിഗണിച്ചിരുന്നതെങ്കിലും പിന്നീട് ഓൽമോയുടെ പേരിൽ തന്നെ ഗോൾ അനുവദിച്ചു . (2-1) യൂറോ കപ്പിൽ താരത്തിന്റെ മൂന്നാം ഗോളാണിത്.