ട്വൻ്റി20 ലോകകപ്പ് മത്സരങ്ങൾക്ക് കാഴ്ചക്കാരില്ലെന്നും അതിനാൽ പ്രതീക്ഷിച്ച പരസ്യ വരുമാനത്തിൽ വന്‍ കുറവുണ്ടായതായും റിപ്പോര്‍ട്ട്. ടെലിവിഷന്‍-ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലെ പരസ്യവും സ്‌പോണ്‍സര്‍ഷിപ്പുമടക്കം ഏതാണ്ട് 2,000 കോടിയുടെ വരുമാനമാണ് കമ്പനികള്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, പ്രതീക്ഷിച്ചിരുന്ന വരുമാനത്തിന്റെ 25 ശതമാനത്തോളം നഷ്ടത്തിലായിരിക്കും ടൂർണ്ണമെന്റ് അവസാനിക്കുകയെന്നാണ് പറയപ്പെടുന്നത്. ടൂര്‍ണ്ണമെന്റിന്റെ തുടക്കത്തില്‍ ഇന്ത്യാ-പാക് മത്സരത്തിലെ 10 സെക്കന്റുള്ള ഒരു പരസ്യ സ്ലോട്ടിന് ഏകദേശം ലക്ഷം രൂപ വരെ ഈടാക്കിയിരുന്നു.
തിടുക്കത്തില്‍ തയ്യാറാക്കിയ ഗ്രൗണ്ടുകളായിരുന്നു ഇത്തവണത്തെ പ്രധാന രസം കൊല്ലി. ടി-20 മത്സരങ്ങളുടെ ആവേശം കെടുത്തുന്ന സ്ലോ പിച്ചുകളായിരുന്നു അമേരിക്കയില്‍ ഒരുക്കിയിരുന്നത്. പല മത്സരങ്ങളിലും തടസമായെത്തിയ പ്രതികൂല കാലാവസ്ഥയും കാഴ്ച്ചക്കാരെ കുറയ്ക്കുന്നതിന് കാരണമായി. മത്സരത്തിന്റെ സമയക്രമമായിരുന്നു മറ്റൊരു വിഷയം. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് കഴിഞ്ഞയുടന്‍ ലോകകപ്പ് ആരംഭിച്ചതും കാണികളെ കുറച്ചതായി വിലയിരുത്തുന്നുണ്ട്.
അതേസമയം, സൂപ്പര്‍ എട്ട് മത്സരങ്ങള്‍ സജീവമാകുന്നതോടെ കാണികള്‍ കൂടുമെന്നാണ് ഈ രംഗത്തെ വിദഗ്ദരുടെ അഭിപ്രായം. ട്വൻ്റി20 ലോകകപ്പിൻ്റെ ഔദ്യോഗിക ബ്രോഡ്കാസ്റ്ററായ ഡിസ്‌നി സ്റ്റാറിന്റെയും പ്രധാന സ്‌പോണ്‍സര്‍മാരുടേയും അവസാന പ്രതീക്ഷയും സൂപ്പര്‍ എട്ട് മത്സരങ്ങൾ തന്നെ. അതും കഴിഞ്ഞിട്ട് ‘കാവിലെ ഉത്സവത്തിന് കാണാം ‘ എന്നു പറഞ്ഞിട്ട് കാര്യമില്ലല്ലോ!