റൂതര്‍ഫോര്‍ഡ്: കോപ്പാ അമേരിക്ക ഗ്രൂപ്പ് എ പോരാട്ടത്തില്‍ ചിലിയെ തോല്‍പ്പിച്ച് അര്‍ജന്റീന ക്വാര്‍ട്ടറില്‍. ആവേശകരമായ മത്സരത്തിന്റെ 88ാം മിനുട്ടിലാണ് ലൗട്ടാരോ ഹാവിയർ മാർട്ടിനെസ് രക്ഷകനായി അവതരിച്ചത്. കോര്‍ണര്‍ കിക്കില്‍ നിന്ന് ലഭിച്ച അര്‍ജന്റീനയുടെ ഗോള്‍ശ്രമം തടുത്തതാണ് ചിലി ഗോളിയെങ്കിലും റീബൗണ്ട് ചെയ്ത പന്ത് നിമിഷ നേരം കൊണ്ട് മാര്‍ട്ടിനെസ് ഗോൾ വര കടത്തി -1- 0
കളിയുടെ ആദ്യാവസാനം ശക്തമായ പോരാട്ടം തന്നെയാണ് ചിലി കാഴ്ചവെച്ചത്. മൂന്നാം മിനുട്ടില്‍ ജുലിയന്‍ അല്‍വാരസ് ബോക്‌സിലേക്ക് നല്‍കാന്‍ ശ്രമിച്ച കുറുകിയ പാസ് പ്രതിരോധ നിര തടുത്തു. അഞ്ചാം മിനുട്ടില്‍ ചിലിയുടെ മികച്ച മുന്നേറ്റം. എഡ്വാര്‍ഡോ വര്‍ഗാസ് പന്ത് പെനല്‍റ്റി ബോക്‌സിലേക്ക് എത്തിച്ചെങ്കിലും അര്‍ജന്റീനന്‍ പ്രതിരോധ നിരയുടെ കൃത്യമായ ഇടപെടല്‍ ടീമിനെ രക്ഷിച്ചു
22ാം മിനുട്ടില്‍ ജുലിയന്‍ അല്‍വാരസിലൂടെ അര്‍ജന്റീന പ്രതീക്ഷ നൽകിയെങ്കിലും ചിലി ഗോളിയുടെ സന്ദർഭോചിതമായ ഇടപെടൽ ചിലിക്ക് രക്ഷയായി.
26ാം മിനുട്ടില്‍ ലോങ് റേഞ്ചിലൂടെ റോഡ്രിഗോ ഡി പോളിന്റെ ഗോള്‍ശ്രമവും ലക്ഷ്യം കണ്ടില്ല. 36ാം മിനുട്ടില്‍ മെസിയും പാസിലൂടെ കൈ വന്നൊരു പന്തിനെ ലോങ് റേഞ്ച് ഷോട്ടിൽ തൊടുത്തുവിട്ടെങ്കിലും പന്ത് ഗോൾവല കയറാൻ മടിച്ച് പോസ്റ്റിന്റെ വലത് മൂലയോട് ചേര്‍ന്ന് കടന്ന് പോയി. ആദ്യ പകുതിക്ക് വിസില്‍ മുഴങ്ങിയപ്പോള്‍ ഇരു ടീമിനും ലക്ഷ്യം കാണാനായില്ല.
ഗോള്‍ശ്രമത്തിന് മുതിരാതെ പ്രതിരോധ കോട്ട തീർത്ത് അർജൻ്റിനയെ ചെറുക്കാനായിരുന്നു ചിലിയുടെ ലക്ഷ്യം. അത് രണ്ടാം പകുതിയിലും ഗുണം കണ്ടതുമാണ്. ചിലി പ്രതിരോധ നിരയുടെ മികച്ച കാവൽ അർജൻ്റീനയുടെ മുന്നേറ്റങ്ങളുടെ മുനയൊടിച്ചു. 61ാം മിനുട്ടില്‍ ചിലിയുടെ പ്രതിരോധത്തെ മറികടന്ന് അര്‍ജന്റീനയുടെ നിക്കോളാസ് ഗോണ്‍സാലസ് നടത്തിയ മികച്ചൊരു നീക്കം പക്ഷെ ചിലി ഗോളി തടുത്തു. മറുഭാഗത്ത്, 72ാം മിനുട്ടില്‍ മുന്നിലെത്താനുള്ള ഒരു സുവര്‍ണ്ണാവസരം ചിലിയും പാഴാക്കി
റോഡ്രിഗോ എക്‌വേറിയയുടെ ബുള്ളറ്റ് ഷോട്ട് പോസ്റ്റിന്റെ വലത് മൂല ലക്ഷ്യമാക്കി കുതിച്ചെങ്കിലും എമിലിയാനോ മാര്‍ട്ടിനെസ് മനോഹരമായി സേവ് ചെയ്തു.
മികച്ച മുന്നേറ്റങ്ങള്‍ക്കൊടുവില്‍ അര്‍ജന്റീന ചിലി പ്രതിരോധം തകർത്ത് 88ാം മിനുട്ടില്‍ ലൗട്ടാരോ മാര്‍ട്ടിനെസിലൂടെ ലക്ഷ്യം കണ്ടു. തുടര്‍ച്ചയായ രണ്ടാം ജയത്തോടെ ഗ്രൂപ്പ് എയില്‍ അര്‍ജന്റീന മുന്നിൽ തന്നെ നിലയുറപ്പിച്ചു.