(Photo: AP/Paul Sancya)
ന്യൂയോർക്ക്: യു.എസ് പ്രസിഡന്റ് സ്ഥാനാർഥിയായി ഡൊണാൾഡ് ട്രംപിനെ ഔദ്യോഗികമായി പ്രഖ്യാപിച്ച് റിപ്പബ്ലിക്കൻ പാർട്ടി. ഒഹിയോവിൽ നിന്ന് ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട സെനറ്റർ ജെ.ഡി. വാൻസാണ് വൈസ് പ്രസിഡന്റ് സ്ഥാനാർഥി. പാർട്ടിയുടെ ദേശീയ കൺവെൻഷനിലായിരുന്നു പ്രഖ്യാപനം.
വെടിവെയ്പിൽനിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ട ട്രംപ് വെടിയേറ്റ വലതുചെവിയിൽ ബാൻഡേജ് ധരിച്ചാണ് കൺവെൻഷനിൽ പങ്കെടുത്തത്. സാദ്ധ്യതപ്പട്ടികയിലുണ്ടായിരുന്ന ഫ്ലോറിഡ സെനറ്റർ മാർക്കോ റൂബിയോ, നോർത്ത് ഡക്കോട്ട ഗവർണർ ഡഗ് ബേർഗം എന്നിവരെ മറികടന്നാണ് 39കാരനായ വാൻസ് വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയാകുന്നത്.
മുൻപ് ട്രംപിന്റെ കടുത്ത വിമർശകനായിരുന്ന ആളായിരുന്നു വാൻസ്, ഇപ്പോൾ വളരെ അടുത്തയാളും. സമഗ്ര കൂടിയാലോചനകൾക്ക് ശേഷമാണ് വാൻസിനെ തെരഞ്ഞെടുത്തതെന്ന് ഡൊണാൾഡ് ട്രംപ് സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചു.
ഒഹിയോവിലെ മിഡിൽടൗണിൽ ജനിച്ച വാൻസ് യു.എസ് സൈനികനായി ഇറാഖിൽ ഉൾപ്പെടെ പ്രവർത്തിച്ചിട്ടുണ്ട്. ഒഹിയോ സ്റ്റേറ്റ് യൂനിവേഴ്സിറ്റി, യേൽ ലോ സ്കൂൾ എന്നിവിടങ്ങളിൽനിന്ന് ബിരുദങ്ങൾ നേടി. സിലിക്കൺവാലിയിൽ വെഞ്ച്വർ ക്യാപിറ്റലിസ്റ്റായിരുന്നു. ‘ഹിൽബില്ലി എലജി’ എന്ന ഓർമ്മക്കുറിപ്പിലൂടെ ദേശീയശ്രദ്ധ നേടി. യു എസ് സർക്കാരിൽ അറ്റോർണിയായ ഇന്ത്യൻ വംശജ ഉഷ ചിലുകുരിയാണ് വാൻസിൻ്റെ ഭാര്യ.