80 വയസ്സുകാരനെ പ്രണയിച്ച ഇരുപത്തിമൂന്നുകാരി പെൺകുട്ടി. അത്യപൂർവ്വമായ ഇവരുടെ പ്രണയകഥ
ചൈനീസ് സോഷ്യൽ മീഡിയയിൽ വൈറലാണ്. വൃദ്ധസദനത്തിൽ വെച്ചാണ് രണ്ടു പേരും കണ്ടുമുട്ടി പ്രണയവിവാഹിതരായത്.
ചൈനയിലെ ഹെബെയ് പ്രവിശ്യയിൽ നിന്നാണ് വാർത്ത പുറത്ത് വരുന്നത്. വൃദ്ധസദനത്തിലെ ജീവനക്കാരിയായിരുന്നു സിയാവോഫാങ് എന്ന പെൺകുട്ടി. അവിടുത്തെ അന്തേവാസിയായിരുന്നു ലീ. ദീർഘകാലമായുള്ള പരിചയവും പരിചരണവും ഇരുവരേയും പ്രണയപരവശരാക്കി. വീട്ടുകാരുടെ എതിർപ്പിനെ അവഗണിച്ചാണ് സിയാവോഫാങ് ലിയെ വിവാഹം കഴിച്ചതത്രെ!
വൃദ്ധസദനത്തിൽ നടന്ന ലളിതമായ ചടങ്ങിലാണ് ഇരുവരും വിവാഹിതരായത്. വിവാഹത്തില്‍ ഇരുവരുടെയും ബന്ധുക്കളോ കുടുംബാംഗങ്ങളോ പങ്കെടുത്തിരുന്നില്ല. ഏതാനും അന്തേവാസികൾ മാത്രം. പെൺകുട്ടിയുടെ കുടുംബം അവളുടെ മുത്തച്ഛനാകാൻ പ്രായമുള്ള ഒരു പുരുഷനുമായുള്ള പ്രണയബന്ധം അംഗീകരിച്ചില്ല. അതിലവൾക്ക് പരാതിയോ പരിഭവമോ ഇല്ല. കാരണം ലീയെ അവൾക്ക് അത്രമേൽ ഇഷ്ടമായിരുന്നു. ലീയുടെ പ്രായം അദ്ദേഹത്തെ വിവാഹം കഴിക്കാതിരിക്കാനുള്ള ഒരു കുറവായി താൻ കാണുന്നില്ലെന്നാണ് സിയാവോഫാങ് പറഞ്ഞത്. അവളുടെ പക്വത, സ്നേഹം, ജ്ഞാനം എന്നിവയാണ് തന്നെ ആകർഷിച്ചത് എന്നും ലീയും കൂട്ടിച്ചേര്‍ക്കുന്നു. വളരെ ചെറിയ പ്രായമാണെങ്കിൽ കൂടിയും സിയാവോഫാങിന്‍റെ മറ്റുള്ളവരോടുള്ള സഹാനുഭൂതിയും കരുണയും പ്രസരിപ്പുമാണ് അവളെ തന്‍റെ ജീവിതപങ്കാളിയാക്കാൻ താൻ തീരുമാനിച്ചതിന് പിന്നിലെ കാരണമെന്ന് ലീയും പറഞ്ഞു.
രോഗത്തിലും ആരോഗ്യത്തിലും പരസ്പരം അരികിൽ നിൽക്കുമെന്ന് വാഗ്ദാനം ചെയ്തുകൊണ്ട് ഇരുവരും കൈകൾ കോർത്ത് പിടിച്ചു കൊണ്ടാണ് ജീവിതസഖികളായത്.
വിവാഹശേഷമുള്ള ഇരുവരുടെയും ചിത്രങ്ങൾ ചൈനയിലെ സാമൂഹിക മാധ്യമങ്ങളിൽ വളരെവേഗം വൈറലായി. വൃദ്ധനായ ഒരാളെ ജീവിത പങ്കാളിയാക്കിയ പെൺകുട്ടിയുടെ പ്രവൃത്തിയെ വിഡ്ഢിത്തമെന്നാണ് ചൈനീസ് സമൂഹ മാധ്യമത്തിൽ ചിലർ പ്രതികരിച്ചത്. എന്നാൽ പ്രണയത്തിന് പ്രായമില്ലെന്നും എല്ലാ എതിർപ്പുകളെയും അവഗണിച്ച് തന്‍റെ പ്രണയത്തിനൊപ്പം നിന്ന പെൺകുട്ടിയുടെ ധൈര്യത്തെ അഭിനന്ദിച്ചേ മതിയാകൂ എന്ന് അഭിപ്രായപ്പെട്ടവരും നിരവധിയാണ്. സ്വന്തമായി സമ്പാദ്യം ഒന്നുമില്ലാത്ത ലീ തന്‍റെ പെൻഷൻ പണത്തെ ആശ്രയിച്ചാണ് ജീവിക്കുന്നത്. സിയാവോഫാങ്ങിന്‍റെ ഏക വരുമാന മാർഗം വൃദ്ധസദനത്തിലെ ജോലിയാണ്. എന്നാൽ, ഭാവിയെക്കുറിച്ച് തനിക്ക് ആശങ്കകൾ ഒന്നുമില്ലെന്നും ലീ തന്നോടൊപ്പം ഉണ്ടെങ്കിൽ എന്തും സാധിക്കുമെന്നാണ് താൻ വിശ്വസിക്കുന്നതെന്നും സിയാവോഫാങ് ഉറച്ച ശബ്ദത്തിൽ പറയുന്നു.