ബർലിൻ: നാലാം തവണയും യൂറോ കപ്പിൽ മുത്തമിട്ട് സ്പെയിൻ. ഫൈനലിൽ ഇംഗ്ലീഷ് പടയെ ഒന്നിനെതിരെ രണ്ടു ഗോളിന് കീഴടക്കിയാണ് ചെമ്പട നാലാം യൂറോ കീരിടജേതാവായത്. ഇംഗ്ലണ്ടിന് യുറോ കപ്പ് ഫൈനലിലെ തുടർച്ചയായ രണ്ടാം തോൽവിയാണിത്. കഴിഞ്ഞ യൂറോ കപ്പ് ഫൈനലിൽ സ്വന്തം നാട്ടിൽ ഇറ്റലിയോട് പെനാൽറ്റി ഷൂട്ടൗട്ടിലാണ് ഇംഗ്ലണ്ട് തോറ്റത്.
സ്പെയിനായി നിക്കോ വില്യംസും പകരക്കാരൻ മൈക്കൽ ഒയാർസബലുമാണ് ഗോൾ കരസ്ഥമാക്കിയത്. ഇംഗ്ലണ്ടിനായും പകരക്കാരൻ കോൾ പാൾമറാണ് ആശ്വാസ ഗോൾ നേടിയത്
കളിച്ച എല്ലാ മത്സരങ്ങളും ജയിച്ചാണ് സ്പെയിൻ ഫൈനൽ കളിക്കാനെത്തിയത്. 1964, 2008, 2012 യൂറോ കപ്പിലാണ് ഇതിന് മുൻപ് സ്പെയിൻ വിജയം വരിച്ചിട്ടുള്ളത്. സ്വന്തം മണ്ണിൽ 1966 ൽ ലോകകപ്പുയർത്തിയതിന് ശേഷം വിജയമെന്നത് ഇംഗ്ലണ്ടിന് അന്യം നിൽക്കുകയാണ്.
ഫൈനലിൻ്റെ ആവേശമൊന്നും ആദ്യ പകുതിയിൽ കണ്ടില്ലെങ്കിലും രണ്ടാം പകുതിയിൽ മുന്നേറ്റങ്ങളുടെ മേളമായിരുന്നു. ഫലം, മൂന്നു ഗോളുകൾ! രണ്ടാം പകുതിയുടെ ആരംഭത്തിൽ തന്നെ യുവതാരം നിക്കോ വില്യംസിലൂടെ സ്പെയിനാണ് ഗോളിന് തുടക്കമിട്ടത്. കാർവഹാൽ നൽകിയ പന്തുമായി മുന്നോട്ടു നീങ്ങിയ യമാൽ ഇംഗ്ലീഷ് പടയെ മറികടന്ന് ഇടതുവിങ്ങിലുണ്ടായിരുന്ന വില്യംസിന് പന്തെത്തിച്ചു. പന്ത് കാലിൽ തൊടേണ്ട താമസം, നിക്കോ വില്യംസിൻ്റെ ഇടങ്കാൽ ഷോട്ട് ഇംഗ്ലീഷ് വല കുലുക്കി. ഗോൾ കീപ്പർ പിക്ക്ഫോർഡിന് നിസ്സഹായനായി നോക്കി നിൽക്കാനെ കഴിഞ്ഞുള്ളൂ.
ലീഡ് വർദ്ധിപ്പിക്കാനുള്ള സ്പെയിനിൻ്റെ ശ്രമങ്ങൾ മത്സരത്തിൻ്റെ രണ്ടാം പകുതിയെ കൂടുതൽ മികവുറ്റതാക്കി എന്ന് പറയാതെ വയ്യ. ഇംഗ്ലീഷ് ഗോൾമുഖം പലതവണ സ്പെയിൻ കിടുകിടാ വിറപ്പിച്ചുകൊണ്ടിരുന്നു. ഡാനി ഓൽമയുടെയും വില്യംസിന്‍റെയും ഗോൾ ശ്രമങ്ങൾ ഗോൾമുഖം കടന്നില്ലെന്നു മാത്രം. മുന്നേറ്റത്തിലെ പിന്നോട്ടടി തിരിച്ചറിഞ്ഞ് 60ാം മിനിറ്റിൽ നായകൻ ഹാരി കെയിനെ പിൻവലിച്ച ഇംഗ്ലണ്ട് ഓലീ വാറ്റിക്കിൻസിനെ കളത്തിലിറക്കി. അതിനിടയിലും ഇംഗ്ലണ്ട് ഗോളി പരീക്ഷക്കപ്പെട്ടുകൊണ്ടേയിരുന്നു. 66ാം മിനിറ്റിൽ ഇംഗ്ലീഷ് ഗോൾമുഖത്ത് യമാലും നടത്തി ഒരു ശ്രമം. ബോക്സിനുള്ളിൽ നിന്ന് യമാൽ തൊടുത്ത ഷോട്ട് ഇംഗ്ലണ്ട് ഗോൾ കീപ്പർ പിക്ക്ഫോർഡ് രക്ഷപ്പെടുത്തി. 70ാം മിനിറ്റിൽ ചെൽസിയുടെ കോൾ പാൾമർ ഇംഗ്ലണ്ടിനായി കളത്തിലിറങ്ങി. നിമിഷങ്ങൾക്കുള്ളിൽ അതിന് ഫലം കണ്ടു. 22 വാര അകലെ നിന്നുള്ള പാൾമറിൻ്റെ കിടിലൻ ഷോട്ട് ഉനായ് സിമോണിനെ സാക്ഷിയാക്കി പോസ്റ്റിൽ തുളച്ചു കയറി. ബോക്സിനുള്ളിൽ നിന്ന് ബെല്ലിങ്ഹാം പുറത്തേക്ക് നൽകിയ പന്താണ് താരം നിലംപറ്റെയുള്ള ഷോട്ടിലൂടെ വലയിലേക്ക് അടിച്ചുകയറ്റിയത്. പിന്നാലെ ഇംഗ്ലണ്ടും ഉണർന്നു കളിച്ചു. 81ാം മിനിറ്റിൽ യമാലിന് ബോക്സിനുള്ളിൽ വെച്ച് തന്നെ വീണ്ടും ഒരവസരം കൈവന്നെങ്കിലും ഗോളി പിക്ക്ഫോർഡ് തകർപ്പൻ സേവിലൂടെ ഇംഗ്ലണ്ടിനെ കാത്തു. 86-ാം മിനിറ്റിലായിരുന്നു പകരക്കാരനായി ഇറങ്ങിയ ഒയാർസബലിലൂടെ സ്പെയിൻ വിജയ ഗോൾ നേടിയത്.