(Photo Courtesy : The Telegraph)
മോസ്കോ: റഷ്യയുടെ കുർസ്ക് മേഖലയിലെ സ്വാൻനോ പാലം തകർത്ത് യുക്രെയ്ൻ. സെയം നദിക്ക് കുറുകെയുള്ള പാലമാണ് തകർത്തത്. പാലം ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ സൈനിക കമാൻഡറുടെ ടെലഗ്രാം ചാനലിൽ പോസ്റ്റ് ചെയ്തു. ഒരാഴ്ചക്കിടെ യുക്രെയ്ൻ തകർക്കുന്ന രണ്ടാമത്തെ പാലമാണിത്. യുദ്ധം അവസാനിപ്പിക്കാൻ ഖത്തറിന്റെ മധ്യസ്ഥതയിൽ ഈ മാസം ചർച്ച നടക്കാനിരിക്കെയാണ് റഷ്യൻ മേഖലയായ കുർസ്കിൽ യുക്രെയ്ൻ്റെ അപ്രതീക്ഷിത ആക്രമണം.
റഷ്യൻ സേനയുടെ സഞ്ചാരവും സാധന വിതരണവും തടയാനാണ് പാലങ്ങൾ യുക്രെയ്ൻ സേന തകർക്കുന്നതെന്നാണ് സൂചന. അവശേഷിക്കുന്ന ഒരു പാലം കൂടി തകർന്നാൽ കുർസ്കിൽ സൈന്യത്തെ എത്തിക്കാനും സാധാരണക്കാരെ ഒഴിപ്പിക്കാനുമുള്ള റഷ്യയുടെ ശ്രമങ്ങൾ സങ്കീർണമാകുമെന്നാണ് റിപ്പോർട്ട്.
യുക്രെയ്ൻ സൈനിക മുന്നേറ്റം ശക്തമായതോടെ മധ്യസ്ഥരായ ഖത്തറുമായുള്ള കൂടിക്കാഴ്ച റഷ്യ താൽക്കാലികമായി മാറ്റിവെച്ചതായാണ് റിപ്പോർട്ട്.