രാജീവ് ചന്ദ്രശേഖര്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ;  പ്രഖ്യാപനം തിങ്കളാഴ്ച

Date:

തിരുവനന്തപുരം : മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷനാകും. ദേശീയ നേതാക്കളായ പ്രകാശ് ജാവദേക്കറും അപരാജിത സാരംഗിയും രാജീവ് ചന്ദ്രശേഖറുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ഞായറാഴ്ച നടന്ന കോര്‍ കമ്മിറ്റി യോഗത്തിലാണ് ദേശീയ നേതൃത്വം അദ്ദേഹത്തിന്‍റെ പേര് നിര്‍ദേശിച്ചത്. രണ്ടാം മോദി സർക്കാരിൽ ഐടി ആന്‍റ് ഇലക്ട്രോണിക്സിന്‍റെയും നൈപുണ്യവികസനത്തിന്‍റെയും ചുമതലയുള്ള കേന്ദ്ര സഹമന്ത്രിയായിരുന്നു.

തിരുവനന്തപുരത്ത് ഹോട്ടല്‍ ഹൈസിന്തില്‍ നടക്കുന്ന  യോഗത്തിൽ തിരഞ്ഞെടുപ്പ് ചുമതലയുള്ള കേന്ദ്രമന്ത്രി പ്രഹ്ളാദ് ജോഷിയാണ് കേന്ദ്ര തീരുമാനം കോര്‍ കമ്മിറ്റിയെ അറിയിച്ചത്.  തിങ്കളാഴ്ച സംസ്ഥാന അദ്ധ്യക്ഷനെ ഔദ്യോഗികമായി പ്രഖ്യാപിക്കും. രാജീവ് ചന്ദ്രശേഖറിനു പുറമെ, ജനറൽസെക്രട്ടറി എം.ടി. രമേശ്, മുൻപ്രസിഡന്റ് വി. മുരളീധരൻ, ശോഭാ സുരേന്ദ്രൻ എന്നിവരായിരുന്നു പട്ടികയിലുണ്ടായിരുന്ന മറ്റ് നേതാക്കൾ. ഇവരെയെല്ലാം മറികടന്നാണ് കേരളത്തിലെ പാർട്ടിയെ നയിക്കാൻ രാജീവ് ചന്ദ്രശേഖര്‍ എത്തുന്നത്. 

വ്യവസായിയായ രാജീവ് ചന്ദ്രശേഖര്‍ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് ബിജെപി സ്ഥാനാർത്ഥിയായിരുന്നു. കേരള രാഷ്ട്രീയത്തില്‍ ഏറെയൊന്നും പ്രവര്‍ത്തന പരിചയമില്ലാത്ത രാജീവ് ചന്ദ്രശേഖറിനെ സംസ്ഥാന അദ്ധ്യക്ഷനാക്കുകവഴി വലിയ പരീക്ഷണത്തിനാണ് ബിജെപി ദേശീയ നേതൃത്വം ഒരുങ്ങുന്നത്. അദ്ദേഹത്തിലൂടെ പാര്‍ട്ടിക്കതീതമായ പിന്തുണ ഉറപ്പാക്കാനും യുവാക്കളെ സ്വാധീനിക്കാനും കഴിയുമെന്നാണ് ബിജെപി ദേശീയ നേതൃത്വം കണക്കുകൂട്ടൽ. വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിന് പാര്‍ട്ടിയെ സജ്ജമാക്കുക എന്നതാണ് രാജീവ് ചന്ദ്രശേഖറിനെ കാത്തിരിക്കുന്ന ആദ്യ ദൗത്യം. അതിന് പിന്നാലെ നിയമസഭ തെരഞ്ഞെടുപ്പും വരാനിരിക്കുന്നു. അടുത്തിടെ പാര്‍ട്ടിയില്‍ രൂപപ്പെട്ട ഗ്രൂപ്പ് സമവാക്യങ്ങളെ അതിജീവിക്കുക എന്നതും രാജീവ് ചന്ദ്രശേഖറിന് മുന്നിലെ വെല്ലുവിളിയാണ്.

വ്യവസായിയായ രാജീവ് ചന്ദ്രശേഖർ 2006ലാണ് തന്റെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. കര്‍ണാടകയില്‍ നിന്ന് മൂന്നു തവണ രാജ്യസഭാംഗമായിരുന്നു. 2021 – 2024 കാലഘട്ടത്തില്‍ മോദി മന്ത്രി സഭയില്‍ അംഗമായി. ടെക്ക്, നിര്‍മിത ബുദ്ധി, ഡാറ്റ പ്രൈവസി തുടങ്ങിയ മേഖലകളില്‍ പ്രാവീണ്യമുള്ള രാഷ്ട്രീയക്കാരന്‍ എന്ന നിലയില്‍ അദ്ദേഹത്തിന് വലിയ അംഗീകാരമാണ് ലഭിച്ചത്. ഈ പ്രതിച്ഛായ കേരളത്തിലെ പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്ന് ബിജെപി ദേശീയ നേതൃത്വം കണക്കുകൂട്ടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

സെൻയാർ ചുഴലിക്കാറ്റ് ശക്തമായേക്കാമെന്ന മുന്നറിയിപ്പ് : തമിഴ്‌നാട്, കേരളം, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിൽ കനത്ത മഴ സാദ്ധ്യത

തിരുവനന്തപുരം : തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും ശ്രീലങ്കയുടെ തെക്ക് ഭാഗങ്ങളിലും...