ബര്‍മിങ്ങാം: എജ്ബാസ്റ്റണില്‍ ടെസ്റ്റ് ജയം സ്വന്തമാക്കി ഇന്ത്യ. എഡ്ജ്ബാസ്റ്റണിൽ ഇന്ത്യയുടെ ആദ്യ ടെസ്റ്റ് വിജയമാണിത്. എഡ്ജ്ബാസ്റ്റണിൽ ടെസ്റ്റ് ജയിക്കുന്ന ആദ്യ ഏഷ്യൻ ടീം എന്ന ഖ്യാതിയും ഇനി ഇന്ത്യക്ക് സ്വന്തം. ഇന്ത്യ ടെസ്റ്റ് ജയിക്കുന്ന 60-ാമത്തെ വേദിയാണ് എജ്ബാസ്റ്റണ്‍.
രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ 336 റൺസിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ഇന്ത്യ ഉയര്‍ത്തിയ 608 റണ്‍സെന്ന കൂറ്റന്‍ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ട് 271 റണ്‍സിന് ഓള്‍ഔട്ടായി. ജയത്തോടെ അഞ്ചു മത്സര പരമ്പര 1-1 ന് ഇന്ത്യ ഒപ്പമെത്തി. ഒന്നാം ഇന്നിങ്‌സില്‍ ഇരട്ട സെഞ്ചുറിയും (269) രണ്ടാം ഇന്നിങ്‌സില്‍ സെഞ്ചുറിയും നേടിയ (161) ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗിൽ ആണ് കളിയിലെ താരം.
സ്‌കോര്‍: ഇന്ത്യ – 587, 427/6 ഡിക്ലയേര്‍ഡ്, ഇംഗ്ലണ്ട് – 407, 271.

കൂറ്റൻ ലക്ഷ്യം പിന്തുടരുന്നതിനിടെ ഇംഗ്ലണ്ടിന് മോശം തുടക്കമാണ് ലഭിച്ചത്, 50 റൺസെടുക്കുന്നതിനിടയിൽ മൂന്ന് വിക്കറ്റുകൾ നഷ്ടപ്പെട്ടു. ജാക്ക് ക്രോളിയെ (0) മുഹമ്മദ് സിറാജ് പുറത്താക്കി. ബെൻ ഡക്കറ്റിനെയും (25), ജോ റൂട്ടിനെയും (6) ആകാശ് ദീപ് പുറത്താക്കി.
അഞ്ചാം ദിവസം മഴ തടസ്സപ്പെടുത്തിയ മത്സരം പുനരാരംഭിച്ചപ്പോൾ ആകാശ് ദീപ് മൂന്നാം വിക്കറ്റും നേടി. 24 റൺസ് എടുത്ത ഒല്ലി പോപ്പിൻ്റെ വിക്കറ്റാണ് ആകാശ് പിഴുതത്. തുടർന്ന് ഹാരി ബ്രൂക്കിനെ (23 റൺസ്) പുറത്താക്കി ആകാശ് ഇന്ത്യയ്ക്ക് അഞ്ചാം വിക്കറ്റ് സമ്മാനിച്ചു. ബ്രൂക്ക് പുറത്തായതിനുശേഷം, ആറാം വിക്കറ്റിൽ ബെൻ സ്റ്റോക്സും ജാമി സ്മിത്തും ചേർന്ന് 70 റൺസ് നേടി ഇംഗ്ലണ്ടിനെ മുന്നോട്ട് നയിച്ചെങ്കിലും ഉച്ചഭക്ഷണത്തിന് തൊട്ടുമുമ്പ് ബെൻ സ്റ്റോക്സിനെ പുറത്താക്കി വാഷിംഗ്ടൺ സുന്ദർ കൂട്ടുകെട്ട് തകർത്തു.
ഉച്ചഭക്ഷണത്തിന് ശേഷം കളിയാരംഭിച്ചപ്പോൾ ആദ്യം ക്രിസ് വോക്‌സ് പുറത്തായി. പ്രശസ്ത് കൃഷ്ണക്കായിരുന്നു വിക്കറ്റ്. തുടർന്ന് ജാമി സ്മിത്തിനെ പുറത്താക്കി ആകാശ് ദീപ് ഇന്നിംഗ്‌സിൽ അഞ്ച് വിക്കറ്റ് നേട്ടം പൂർത്തിയാക്കി. ഒരു ടെസ്റ്റ് ഇന്നിംഗ്‌സിൽ ആകാശ് 5 വിക്കറ്റ് നേടുന്നത് ഇതാദ്യമായാണ്. സ്മിത്ത് 99 പന്തിൽ 9 ഫോറുകളും നാല് സിക്‌സറുകളും ഉൾപ്പെടെ 88 റൺസ് നേടി. ഒന്നാം ഇന്നിങ്‌സിൽ താരം 184 റണ്‍സോടെ പുറത്താകാതെ നിന്നിരുന്നു.
