അമൃത്സർ : അമൃത്സറിലെ സുവർണ്ണ ക്ഷേത്രത്തിന് ബോംബ് ഭീഷണി. ദർബാർ സാഹിബ് എന്ന് അറിയപ്പെടുന്ന സുവർണ്ണ ക്ഷേത്രത്തിലെ ലങ്കർ ഹാളിൽ സ്ഫോടനം നടത്തുമെന്നാണ് ഇ-മെയിൽ വഴി
ഭീഷണി സന്ദേശം. തുടർന്ന് സിഖുകാരുടെ പരമോന്നത മത ഭരണ സമിതി ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി (എസ്ജിപിസി) പരാതി നൽകി. ഉടൻ ബോംബ് നിർവീര്യ സംഘം സ്ഥലത്തെത്തി പരിശോധനകൾ നടത്തി.
പോലീസ് ഇക്കാര്യം അന്വേഷിച്ചുവരികയാണെന്നും ഇപ്പോൾ ഇതിനെക്കുറിച്ച് കൂടുതലൊന്നും പറയാൻ കഴിയില്ലെന്നും എസ്ജിപിസി മേധാവി ഹർജീന്ദർ സിംഗ് ധാമി പറഞ്ഞു.
എസ്ജിപിസി സമർപ്പിച്ച പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അമൃത്സർ പോലീസ് കമ്മീഷണർ ഗുർപ്രീത് സിംഗ് ഭുള്ളർ സ്ഥിരീകരിച്ചു. പഞ്ചാബ് പോലീസിന്റെ സൈബർ ക്രൈം വിഭാഗവും ഭീഷണി മെയിലിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണ്. വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി ഭഗവന്ത് മാൻ ആവശ്യപ്പെട്ടു.