ന്യൂഡൽഹി : ഇതിഹാസ ചലച്ചിത്ര സംവിധായകൻ സത്യജിത് റേയുടെ പൂർവ്വിക ഭവനം പൊളിച്ചുമാറ്റാനുള്ള തീരുമാനം പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ. കഴിഞ്ഞ ദിവസമാണ് സത്യജിത് റേയുടെ ഓർമ്മകൾ തങ്ങി നിൽക്കുന്ന ഭവനം പൊളിച്ചു മാറ്റാൻ
തുടങ്ങിയെന്ന് ബംഗ്ലാദേശി വാർത്താ വെബ്‌സൈറ്റായ ദി ഡെയ്‌ലി സ്റ്റാർ റിപ്പോർട്ട് ചെയ്തത്. ഈ നീക്കത്തിനെതിരെ ഇന്ത്യയിൽ നിന്ന് ശക്തമായ പ്രതിഷേധങ്ങൾ ഉയർന്നതിനെ തുടർന്ന് വിദേശകാര്യ മന്ത്രാലയം (MEA) ഖേദം പ്രകടിപ്പിക്കുകയും തീരുമാനം പുനഃപരിശോധിക്കാൻ ബംഗ്ലാദേശ് സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തത്.
“ബംഗ്ലാദേശിലെ മൈമെൻസിംഗിലുള്ള പ്രശസ്ത ചലച്ചിത്രകാരനും സാഹിത്യകാരനുമായ സത്യജിത് റേയുടെ മുത്തച്ഛനും പ്രശസ്ത സാഹിത്യകാരനുമായ ഉപേന്ദ്ര കിഷോർ റേ ചൗധരിയുടെ പൂർവ്വിക സ്വത്ത് പൊളിച്ചുമാറ്റുന്നതിൽ ഞങ്ങൾ അഗാധമായ ഖേദം പ്രകടിപ്പിക്കുന്നു,” വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. “ബംഗ്ലാ സാംസ്കാരിക നവോത്ഥാനത്തെ പ്രതീകപ്പെടുത്തുന്ന കെട്ടിടത്തിന്റെ നാഴികക്കല്ല് പദവി കണക്കിലെടുക്കുമ്പോൾ, പൊളിക്കൽ പുന:പരിശോധിക്കുകയും ഇന്ത്യയുടെയും ബംഗ്ലാദേശിന്റെയും പരസ്പര സംസ്ക്കാരത്തിന്റെ പ്രതീകമായും സാഹിത്യ മ്യൂസിയമായും നിലനിർത്തുന്നതിൻ്റെ ആവശ്യകതയും അതിന്റെ അറ്റകുറ്റപ്പണികൾക്കും പുന:ർനിർമ്മാണത്തിനുമുള്ള ഓപ്ഷനുകൾ പരിശോധിക്കുകയും ചെയ്യുന്നതാണ് അഭികാമ്യം” എന്ന് പ്രസ്താവന കൂട്ടിച്ചേർത്തു. ഇക്കാര്യത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിക്കാൻ ഇന്ത്യൻ സർക്കാർ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്.
സത്യജിത് റേയുടെ മുത്തച്ഛനും കവി സുകുമാർ റേയുടെ പിതാവുമായ ഉപേന്ദ്ര കിഷോർ റേ ചൗധരിയാണ് ഈ കെട്ടിടം നിർമ്മിച്ചത്. നൂറ്റാണ്ട് പഴക്കമുള്ള കെട്ടിടം മുമ്പ് മൈമെൻസിംഗ് ശിശു അക്കാദമിയായി പ്രവർത്തിച്ചിരുന്നു. കൂടാതെ റേയുടെ മറ്റൊരു പൂർവ്വികനായ ഹൊറികിഷോർ റേ ചൗധരിയുടെ പേരിലുള്ള റോഡിലാണ് ഭവനം സ്ഥിതിചെയ്യുന്നത്. ബംഗാളി സാഹിത്യത്തിനും കലയ്ക്കും റേ കുടുംബം വിലമതിക്കാനാവാത്ത സംഭാവനകളാണ് നൽകിയിട്ടുള്ളത്.
പ്രാദേശിക അധികാരികളുടെ അവഗണന കാരണം കെട്ടിടത്തിന് കേടുപാടുകൾ സംഭവിച്ചതായി ദി ഡെയ്‌ലി സ്റ്റാർ റിപ്പോർട്ട് ചെയ്യുന്നു. “10 വർഷമായി വീട് ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു. ശിശു അക്കാദമി പ്രവർത്തനങ്ങൾ വാടക സ്ഥലത്താണ് ഇപ്പോൾ പ്രവർത്തിക്കുന്നത്.” ജില്ലാ ചിൽഡ്രൻ അഫയേഴ്‌സ് ഓഫീസർ എംഡി മെഹെദി സമാനെ ഉദ്ധരിച്ച് റിപ്പോർട്ട് പറയുന്നു.
“വർഷങ്ങളായി വീട് ദയനീയാവസ്ഥയിലായിരുന്നു; മേൽക്കൂരയിൽ വിള്ളലുകൾ ഉണ്ടായി, പക്ഷേ ബന്ധപ്പെട്ട അധികാരികൾ പഴയ കെട്ടിടങ്ങൾക്ക് പിന്നിലെ സമ്പന്നമായ ചരിത്രത്തെക്കുറിച്ച് ഒരിക്കലും ശ്രദ്ധിച്ചില്ല.” – പ്രാദേശിക കവിയായ ഷമീം അഷ്‌റഫ് പറഞ്ഞതായി ടിഡിഎസ് റിപ്പോർട്ട് വ്യക്തമാക്കുന്നു. 1947-ൽ വിഭജനത്തിനുശേഷം ഈ പ്രദേശം കിഴക്കൻ പാക്കിസ്ഥാന്റെ ഭാഗമായപ്പോൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഈ വീട് ഏറ്റെടുത്തതാണ്. 1989-ൽ ഇത് മൈമെൻസിംഗ് ശിശു അക്കാദമി നടത്തിപ്പിനായി പുന:ർനിർമ്മിക്കപ്പെട്ടിരുന്നു.
നഗരത്തിന്റെ സാംസ്കാരികവും സാഹിത്യപരവുമായ പൈതൃകത്തിന്റെ ഒരു പ്രധാന ഭാഗത്തെ ഇല്ലാതാക്കുന്നുവെന്ന് വാദിച്ചുകൊണ്ട് പ്രദേശവാസികൾ പൊളിക്കലിനെതിരെ എതിർപ്പ് പ്രകടിപ്പിച്ചു.
പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും സംഭവവികാസത്തോട് പ്രതികരിച്ചു – ”ഇത് അങ്ങേയറ്റം ദുഃഖകരം” എന്ന് പറഞ്ഞു. “
“ബംഗാളി സംസ്കാരത്തിന്റെ മുൻനിര വാഹകരിൽ ഒന്നാണ് റേ കുടുംബം. ബംഗാളിന്റെ നവോത്ഥാനത്തിന്റെ ഒരു സ്തംഭമാണ് ഉപേന്ദ്രകിഷോർ. അതിനാൽ, ഈ വീട് ബംഗാളിന്റെ സാംസ്കാരിക ചരിത്രവുമായി സങ്കീർണ്ണമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഞാൻ വിശ്വസിക്കുന്നു,” മമത കൂട്ടിച്ചേർത്തു.
ചരിത്രപ്രസിദ്ധമായ ഈ ഭവനം സംരക്ഷിക്കണമെന്ന് ബംഗ്ലാദേശിലെ ഇടക്കാല സർക്കാരിനോടും രാജ്യത്തെ ജനങ്ങളോടും ബാനർജി അഭ്യർത്ഥിച്ചു. വിഷയത്തിൽ ഇന്ത്യൻ സർക്കാർ ഇടപെടണമെന്നും അവർ ആവശ്യപ്പെട്ടു. ഇന്ത്യയിലെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്നയും അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്സ് ആൻഡ് സയൻസസിന്റെ ഓണററി അവാർഡും നേടിയ സത്യജിത് റേ, ആഗോള സിനിമയിലെ ഏറ്റവും ആദരവോടെ ബഹുമാനിക്കുന്ന മഹത് വ്യക്തിത്വങ്ങളിൽ ഒരാളാണ് ഇന്നും.