തിരുവനന്തപുരം : മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരെ സാമൂഹികമാധ്യമങ്ങളില്‍ അധിക്ഷേപിച്ച സംഭവത്തില്‍ എന്‍. പ്രശാന്തിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ. അഡിഷണല്‍ ചീഫ് സെക്രട്ടറി രാജന് ഖോബ്രഗഡെയ്ക്കാണ് അന്വേഷണ ചുമതല. മൂന്ന് മാസം കൊണ്ട് അന്വേഷണം പൂർത്തിയാക്കണം. നിലവിൽ ഒന്‍പത് മാസമായി പ്രശാന്ത് സസ്പെന്‍ഷനിലാണ്. .
2024 നവംബറിലാണ് പ്രശാന്തിനെ സസ്പെന്‍ഡ് ചെയ്തത്. സാമൂഹിക മാധ്യമങ്ങളിലൂടെ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരെ അധിക്ഷേപിച്ചതായിരുന്നു കാരണം. വിഷയത്തില്‍ നേരത്തെ ഒരു കുറ്റപത്രമെമ്മോ പ്രശാന്തിന് നല്‍കിയിരുന്നു. എന്നാല്‍ ഇതിന് പ്രശാന്ത് നല്കിയ മറുപടി തൃപ്തികരമല്ല എന്നും തനിക്കെതിരെയുള്ള കുറ്റങ്ങള്‍ പ്രശാന്ത് നിഷേധിക്കുന്നുവെന്നും അവയെ ന്യായീകരിക്കുന്നുവെന്നും അന്വേഷണ ഉത്തരവില്‍ സൂചിപ്പിച്ചിരിക്കുന്നു.
സാമൂഹികമാധ്യമക്കുറിപ്പിലൂടെ അഡിഷണല്‍ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ നിരന്തരം അവഹേളിച്ചതാണ് പ്രധാനമായും എന്‍. പ്രശാന്തിന്റെ സസ്പെന്‍ഷനിലേക്ക് നയിച്ചത്. പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ക്കുള്ള ക്ഷേമത്തിനും പദ്ധതിനിര്വ്വഹണത്തിനുമുള്ള ‘ഉന്നതി’യുടെ ഫയലുകള്‍ കാണാനില്ലെന്നും സ്പെഷ്യല്‍ സെക്രട്ടറിയായിരുന്ന പ്രശാന്ത് വ്യാജ ഹാജര്‍ രേഖപ്പെടുത്തിയെന്നും ചൂണ്ടിക്കാട്ടി ജയതിലക് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
ഇത് പുറത്തുവന്നതോടെയാണ് സാമൂഹിക മാധ്യമത്തിലൂടെ, എല്ലാ സര്‍വ്വീസ് ചട്ടങ്ങളും ലംഘിച്ച് ജയതിലകിനെ പ്രശാന്ത് അധിക്ഷേപിക്കാന്‍ തുടങ്ങിയത്. കൂടാതെ മറ്റ് മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരേയും പ്രശാന്ത് അധിക്ഷേപിച്ചിരുന്നു.
