ഇന്ത്യയിലെ ഏറ്റവും വലിയ ഐടി സേവന സ്ഥാപനമായ ടാറ്റ കൺസൾട്ടൻസി സർവ്വീസസ് (ടിസിഎസ്) അടുത്ത വർഷത്തോടെ 12,000-ത്തിലധികം ജീവനക്കാരെ പിരിച്ചുവിടും. കൂടുതലും മുതിർന്ന തലങ്ങളിൽ നിന്നുള്ളവരെയാണ് നടപടി ബാധിക്കുമെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. മണികൺട്രോളിന് നൽകിയ അഭിമുഖത്തിലാണ് ചീഫ് എക്സിക്യൂട്ടീവ് കെ. കൃതിവാസൻ പദ്ധതികൾ വെളിപ്പെടുത്തിയത്.
ദ്രുതഗതിയിലുള്ള സാങ്കേതിക മാറ്റങ്ങളുടെ പശ്ചാത്തലത്തിൽ ടിസിഎസിനെ കൂടുതൽ ചടുലവും ഭാവിക്ക് തയ്യാറുള്ളതുമാക്കുന്നതിനുള്ള വിശാലമായ തന്ത്രത്തിന്റെ ഭാഗമായാണ് ഈ തീരുമാനമെന്നാണ് പറയുന്നത്.
“AI, ഓപ്പറേറ്റിംഗ് മോഡൽ മാറ്റങ്ങൾ തുടങ്ങിയ പുതിയ സാങ്കേതികവിദ്യകളെക്കുറിച്ച് ഞങ്ങൾ ആഹ്വാനം ചെയ്തുവരികയാണ്” – കമ്പനിക്ക് ഭാവിയിൽ ആവശ്യമായ കഴിവുകൾ സൂക്ഷ്മമായി വിലയിരുത്തുന്നതിനൊപ്പം വലിയ തോതിൽ AI വിന്യസിക്കേണ്ടതിൻ്റെ ആവശ്യകതയിലേക്കാണ് കൃതിവാസൻ വിരൽ ചൂണ്ടുന്നത്.
2025 ജൂൺ വരെ, ടിസിഎസ് ലോകമെമ്പാടുമായി 6,13,000 പേർക്ക് തൊഴിൽ നൽകി. ഇതിൽ നിന്ന് 2 ശതമാനം കുറവ് വരുത്താനാണ് ഉദ്ദേശിക്കുന്നത്. അത് ഏകദേശം 12,200 ജോലിക്കാർ വരും. ജൂനിയർ സ്റ്റാഫിനേക്കാൾ മിഡിൽ മാനേജ്‌മെന്റിലും സീനിയർ ലെവലിലുമായിരിക്കും പിരിച്ചുവിടലുകൾ പ്രധാനമായും കേന്ദ്രീകരിക്കുകയെന്ന് സിഇഒ വ്യക്തമാക്കി. പിരിച്ചുവിടലുകൾക്ക് Al ഒരു പ്രധാന കാരണമാകുന്നുണ്ടെന്ന് സമ്മതിക്കാൻ കമ്പനി തയ്യാറല്ലെങ്കിലും സത്യം മറിച്ചാണെന്നാണ് വിദ്ഗദർ പറയുന്നു.
മാനുവൽ ടെസ്റ്റിംഗ് പോലുള്ള റോളുകളുടെ ആവശ്യകത ഓട്ടോമേഷൻ കുറയ്ക്കുന്നതിനാൽ, ഉയർന്നുവരുന്ന സാങ്കേതികവിദ്യകളുമായി പൊരുത്തപ്പെടുന്നത് പല മുതിർന്ന ജീവനക്കാരും വെല്ലുവിളിയായി കണ്ടെത്തിയിട്ടുണ്ട്. ചുരുക്കത്തിൽ, ഇത് ടിസിഎസിന്റെ മാത്രം കാര്യമല്ല. കഴിഞ്ഞ 2 വർഷത്തിനിടെ കോർപ്പറേറ്റ് ലോകത്തിലെ പല വമ്പൻ കമ്പനികളും ജീവനക്കാരെ കുറച്ച് AI ഓട്ടോമേഷനെ പ്രതിഷ്ഠിച്ചു കഴിഞ്ഞു, നിശ്ശബ്ദമായി. ടിസിഎസിനെപ്പോലെ മറ്റൊരു കമ്പനിയും ഇത് തുറന്ന് സമ്മതിക്കുന്നില്ലെന്ന് മാത്രം.
ടിസിഎസ് പിരിച്ചുവിടുന്ന ജീവനക്കാർക്ക് നിയമ പ്രകാരമുള്ള പിരിച്ചുവിടൽ പാക്കേജുകൾ, നോട്ടീസ് കാലയളവിലേക്കുള്ള ശമ്പളം, വിപുലീകൃത ആരോഗ്യ ഇൻഷുറൻസ്, ഔട്ട്‌പ്ലേസ്‌മെന്റ് സഹായം എന്നിവ നൽകുമെന്ന് സിഇഒ സ്ഥിരീകരിക്കുന്നു.
“ഇത് ഒരു കാര്യക്ഷമതാ നീക്കമല്ല. അസോസിയേറ്റുകൾക്ക് പ്രോജക്ടുകൾ തേടാൻ കഴിയുന്നുണ്ടെന്ന് ഉറപ്പാക്കുകയും വർഷം മുഴുവനും അവർ ഉൽപ്പാദനക്ഷമതയുള്ളവരായി തുടരുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യുക മാത്രമാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. അവരെ അനുവദിക്കുന്നതിനും ക്ലയന്റ് പ്രോജക്ടുകളിൽ ഏർപ്പെടുന്നതിനും ഇത് ഒരു പോസിറ്റീവ് സമ്മർദ്ദവും പ്രോത്സാഹനവും നൽകുന്നു.” – കൃതിവാസൻ മണികൺട്രോളുമായി പങ്കുവെക്കുന്നു.
ജീവനക്കാരുടെ എണ്ണം കുറയ്ക്കാൻ തീരുമാനിക്കുമ്പോൾ തന്നെ 2025 സാമ്പത്തിക വർഷത്തിലെ ഏപ്രിൽ-ജൂൺ പാദത്തിൽ ടിസിഎസ് 6,071 പുതിയ ജീവനക്കാരെ ജോലിക്കെടുത്തിരുന്നു. ടിസിഎസിനെ സംബന്ധിച്ചിടത്തോളം തങ്ങളുടെ ഭാവി വിശാലമായ പ്രതിഭാ സംഘത്തെ അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സാങ്കേതിക മേഖല ആവശ്യപ്പെടുന്ന കഴിവുകളുമായി പൊരുത്തപ്പെടുത്തിയെടുക്കുന്നതിലാണെന്ന് ഉറച്ചു വിശ്വസിക്കുന്നു.
6whfe3