കൊച്ചി : ഛത്തീസ്ഗഢിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾക്ക് 9 ദിവസത്തെ അന്യായ തടങ്കലിന് ശേഷം ജാമ്യം ലഭിച്ചത് ആശ്വാസകരമാണെന്ന് ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ ബാവ. ചെയ്യാത്ത തെറ്റിനായിരുന്നു ക്രിസ്തുവിനേയും ക്രൂശിച്ചത്. കന്യാസ്ത്രീകളെ പരസ്യ വിചാരണ നടത്തി ആക്രമിച്ചവർക്കെതിരേയും കേസെടുക്കണം. അല്ലാത്തപക്ഷം മതസ്വാതന്ത്ര്യത്തെയും പൗരസ്വാതന്ത്ര്യത്തെയും വിചാരണ ചെയ്യാൻ അവർ വീണ്ടും രംഗത്തിറങ്ങും. കേസ് റദ്ദാക്കിയാൽ മാത്രമെ കന്യാസ്ത്രീകൾക്ക് നീതി ലഭിക്കൂ, അപ്പോൾ മാത്രമേ ആർഷഭാരത സംസ്ക്കാരത്തിനേറ്റ കളങ്കം മായൂ എന്നും മാത്യൂസ് തൃതീയൻ ബാവ പറഞ്ഞു.
കന്യാസ്ത്രീകൾക്കെതിരേയുള്ള കേസ് റദ്ദാക്കണമെന്ന് സിബിസിഐ അദ്ധ്യക്ഷൻ ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്ത്. ആൾക്കൂട്ട വിചാരണകളും തീവ്രവാദ പ്രവർത്തനങ്ങളും അവസാനിപ്പിക്കാൻ ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു.
ഛത്തീസ്ഗഢിലെ ദുര്‍ഗ് റെയില്‍വെ സ്റ്റേഷനില്‍ വെച്ചാണ് കന്യാസ്ത്രീകളായ കണ്ണൂര്‍ ഉദയഗിരി ഇടവകാംഗമായ സിസ്റ്റർ വന്ദന ഫ്രാൻസിസ്, അങ്കമാലി എളവൂര്‍ ഇടവകാംഗമായ സിസ്റ്റർ പ്രീതി മേരി എന്നിവർ അറസ്റ്റിലായത്. ഒരു പറ്റം ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ കന്യാസ്ത്രീകളെ വളഞ്ഞ് മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ചതിനെ തുടർന്നായിരുന്നു അറസ്റ്റ്.
