തൃശൂർ: കൃത്രിമമായി നൂറുകണക്കിന് വോട്ടുകൾ ബിജെപി തൃശൂരിൽ ചേർത്തു എന്നതിന് അനവധി തെളിവുകൾ പുറത്തുവരുന്ന സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്ന് ലഭിച്ചത് വിചിത്രമായ മറുപടിയാണെന്ന് സിപിഐ നേതാവും തൃശൂരിൽ ലോകസഭാ സ്ഥാനാർത്ഥിയുമായിരുന്ന വിഎസ് സുനിൽകുമാർ. സത്യവാങ്മൂലം നൽകിയാൽ പരാതി അന്വേഷിക്കാം എന്നായിരുന്നു മറുപടി. പരാതിയിൽ കഴമ്പില്ലെങ്കിൽ ജയിലിൽ അടയ്ക്കാനുള്ള വകുപ്പുകൾ വരെ ഉണ്ട്. ”തെറ്റ് ചൂണ്ടിക്കാണിക്കേണ്ടത് ജനാധിപത്യ അവകാശമാണ്. അത് നിറവേറ്റുക തന്നെ ചെയ്യും”- വിഎസ് സുനിൽ കുമാർ പറഞ്ഞു.
ചേലക്കര മണ്ഡലത്തിലെയും മറ്റിങ്ങളിലേയും വോട്ടർമാരെ തൃശൂരിൽ കൊണ്ടുവന്നു ചേർത്തുവെന്ന് സുനിൽ കുമാർ പറഞ്ഞു. അനർഹമായ നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്നും സുനിൽ കുമാർ പറഞ്ഞു. വോട്ടർ പട്ടിക ക്രമക്കേട് വിവാദത്തിൽ തൃശൂർ ഡിസിസി അദ്ധ്യക്ഷൻ ജോസഫ് ടാജറ്റും രംഗത്തുണ്ട്. തൃശൂർ അസംബ്ലിയിൽ കോൺഗ്രസ് നടത്തിയ പരിശോധനയിൽ അയ്യന്തോൾ, പൂങ്കുന്നം ഫ്ളാറ്റുകളിലാണ് ക്രമക്കേട് കണ്ടെത്തിയത്. 10 ഫ്ളാറ്റുകളിൽ 100 ലധികം പേരുടെ വ്യാജ വോട്ടു ചേർത്തു എന്ന പരാതിയാണ് നൽകിയത്. വോട്ടർ പട്ടിക ശുചീകരിക്കുക എന്നത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കടമയാണ്. ക്രമക്കേടിന് ഉത്തരവാദി തെരഞ്ഞെടുപ്പ് കമ്മീഷനാണ്. കളക്ടർക്ക് മുതൽ ഇതിന് ഉത്തരവാദിത്തമുണ്ട്. ധാർമ്മികതയുടെ പ്രശ്നം കൂടിയുണ്ട്. കേന്ദ്ര മന്ത്രി തന്നെ ക്രമക്കേടിന് കൂട്ടുനിന്നു. ധാർമ്മികതയുടെ ലംഘനമാണിതെന്നും ടാജറ്റ് ആരോപിച്ചു.
