ഇടുക്കി: കേരളം ഞെട്ടുന്ന വാർത്ത വരാനുണ്ടെന്ന സിപിഎമ്മിന് എതിരായുള്ള പ്രതിപക്ഷ നേതാവിന്റെ മുന്നറിയിപ്പിന് മറുപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സിപിഎമ്മിൽ ഒരു ബോംബും വീഴാനില്ലെന്നും വിണുകൊണ്ടിരിക്കുന്നതും വീഴാൻ പോകുന്നതും കോൺഗ്രസിലാണെന്നും അദ്ദേഹം പറഞ്ഞു. കഥകൾ വരുന്നതിൽ ഭയമില്ലെന്നും പറയുന്നതല്ലാതെ പുറത്തൊന്നും വരുന്നില്ലല്ലോ. അതിനെയൊക്കെ അഭിമുഖീകരിക്കാൻ യാതൊരു പ്രയാസവുമില്ല. ഞങ്ങൾ കൃത്യമായ നിലപാട് സ്വീകരിച്ചുകൊണ്ടാണ് മുമ്പോട്ട് പോകുന്നതെന്നും ഗോവിന്ദൻ പറഞ്ഞു.
സിപിഎമ്മിൽ ഒരു ബോംബും വീഴാനില്ല. ബോംബെല്ലാം വീണുകൊണ്ടിരിക്കുന്നതും വീഴാൻ പോകുന്നതും കോൺഗ്രസിലാണ്. കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും താത്ക്കാലികമായി പറഞ്ഞ് ഒഴിഞ്ഞിരിക്കുകയാണ്. രാഹുൽ മാങ്കൂട്ടത്തിലിനെ രാജി വെയ്പ്പിക്കും എന്നായിരുന്നു 24 മണിക്കൂർ മുമ്പ് ശക്തമായി ഇവരെല്ലാവരും പറഞ്ഞിരുന്നത്. എന്നാൽ രാജി വെയ്പ്പിക്കാൻ കൂട്ടാക്കാത്തതിന് കാരണം രാഹുൽ മാങ്കൂട്ടത്തിലിന്‍റെ അതിശക്തമായ ഭീഷണിയാണ്. താൻ രാജി വയ്ക്കുകയാണെങ്കിൽ മറ്റു പല ആളുകളുടെയും മുഴുവൻ കഥകളും പുറത്തു പറയേണ്ടി വരുമെന്ന ഭീഷണിയെ തുടര്‍ന്നാണ് രാജി വേണ്ട എന്ന് തീരുമാനിച്ചത്- എം.വി. ഗോവിന്ദൻ പറഞ്ഞു. കേസ് വന്നിട്ടാണ് രാജി വെയ്ക്കേണ്ടതെങ്കിൽ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്യേണ്ട ആവശ്യമില്ലല്ലോ എന്നും അദ്ദേഹം ചോദിച്ചു.
കേസിനെക്കാളും പ്രധാനപ്പെട്ട തെളിവുകളാണ് പുറത്തുവന്നത്. മാതൃകാപരമായ നിലപാട് എന്നാണ് പറയുന്നത്. എന്ത് മാതൃകാപരമായ നിലപാടാണ് ഇത്? പീഡനം പൂർണ്ണമായും പുറത്തുവന്നു. സ്ത്രീകൾ തന്നെ അത് വ്യക്തമാക്കി രംഗത്തെത്തി. പേരും പറഞ്ഞു. ഇനി ഒന്നും പറയാൻ ബാക്കിയില്ല. എല്ലാം തെളിവാണ്. ആരോപണമല്ല. ആ തെളിവ് അടിസ്ഥാനപ്പെടുത്തി കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെ പറഞ്ഞിട്ടുള്ളത് രാജി വയ്ക്കണമെന്നാണ്. രാജി വെയ്ക്കാതെ കേരളത്തിൽ രാഷ്ട്രീയപ്രവർത്തനവുമായി മുമ്പോട്ട് പോകാൻ രാഹുൽ മാങ്കൂട്ടത്തിലിന് സാധിക്കില്ലെന്ന് അദ്ദേഹത്തിനറിയാം, അത് പ്രോത്സാഹിപ്പിക്കുന്ന ഷാഫി ഉൾപ്പെടെയുള്ളവർക്ക് നല്ല പോലെ അനുഭവത്തിന്റെ വെളിച്ചത്തിൽ മനസ്സിലാകും. കൂടുതൽ പറയാൻ പുറപ്പെട്ടാൽ അപകടമാണ് – എം.വി. ഗോവിന്ദൻ വ്യക്തമാക്കി.
മുകേഷ് എംഎൽഎയ്ക്കെതിരായി ഉയർത്തുന്ന ആരോപണത്തിൽ അദ്ദേഹത്തിൻ്റെ മറുപടി ഇങ്ങനെ – “മുകേഷിനെതിരെ പതിറ്റാണ്ടുകൾക്ക് മുമ്പ് ഉണ്ടായ ആരോപണമാണ് പുറത്തു വന്നത്. അതിന്റെ ഭാഗമായിട്ടാണ് കേസ് വന്നത്. അതിന്റെ വിധി എന്താണോ അതിന് അടിസ്ഥാനപ്പെടുത്തി
നിലപാട് സ്വീകരിക്കാം എന്നാണ് പറഞ്ഞത്. എന്നാൽ രാഹുലിന്റെ കാര്യം അങ്ങനെ അല്ല. ഓരോ സ്ത്രീകളും വന്ന് പറയുകയാണ്. അത് ആരോപണങ്ങളല്ല, തെളിവാണ്. “- അദ്ദേഹം പറഞ്ഞു.