കോഴിക്കോട് : മണ്ണിടിച്ചിലിൻ്റെ പശ്ചാത്തലത്തില്‍ വയനാട് താമരശ്ശേരി ചുരം വഴിയുള്ള ഗതാഗതത്തിന് നിയന്ത്രണം. വീണ്ടും മണ്ണിടിച്ചിലിനുള്ള സാദ്ധ്യത മുന്നിൽ കണ്ടു കൊണ്ടാണ് ചുരത്തിലൂടെയുള്ള യാത്ര ഒഴിവാക്കാനുള്ള പോലീസ് നിർദ്ദേശം.
താമരശ്ശേരി ചുരം കയറേണ്ട വാഹനങ്ങള്‍ താമരശ്ശേരി ചുങ്കത്തുനിന്നും തിരിഞ്ഞ് പേരാമ്പ്ര, കുറ്റ്യാടി ചുരം വഴി പോകണമെന്നാണ് പോലീസ് അറിയിപ്പ്. മലപ്പുറം ജില്ലയിൽ നിന്നുള്ള വാഹനങ്ങൾ നാടുകാണിചുരം വഴി പോകണം. ഇപ്പോള്‍ ക്യു വിലുള്ള വാഹനങ്ങള്‍ തിരിച്ചു പോകണമെന്ന് കോഴിക്കോട് റൂറല്‍ എസ്പി കെ ബൈജു നിർദ്ദേശിച്ചു വയനാട് ഭാഗത്തേക്കുള്ള വാഹനങ്ങളാണ് ചുരത്തിലൂടെ ഇപ്പോള്‍ കടത്തിവിടുന്നത്
ലക്കിടി കവാടത്തിന്റെ തൊട്ടടുത്താണ് അപകടമുണ്ടായത്. വ്യൂ പോയിന്റിന് സമീപം മലയ്ക്ക് മുകളില്‍ നിന്നും പാറയും മണ്ണും ഇടിഞ്ഞുവീഴുകയായിരുന്നുവെന്ന് ആളുകൾ പറയുന്നു.
ഫയര്‍ ഫോഴ്‌സും സന്നദ്ധപ്രവര്‍ത്തകരും സ്ഥലത്തെത്തി മരങ്ങള്‍ നീക്കുകയായിരുന്നു. ജില്ലാ കളക്ടര്‍, എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, എഡിഎം എന്നിവരുള്‍പ്പെടെ സംഭവസ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു.

91ojer