(Photo Courtesy : X)
കാഠ്മണ്ഡു: നേപ്പാളിൽ പ്രധാനമന്ത്രി കെപി ശർമ ഒലിയുടേയും ആഭ്യന്തര മന്ത്രി രമേഷ് ലേഖകിൻ്റെയും രാജിക്ക് കാരണമായ ജെൻ – സി പ്രതിഷേധങ്ങളുടെ മുൻനിരയിൽ പ്രവർത്തിച്ചത് ഒരു 36 കാരൻ. ഹാമി നേപ്പാൾ എന്ന യുവജന സംഘടനയുടെ പ്രസിഡൻ്റ് സുദൻ ഗുരുങ്.
എണ്ണമറ്റ വിവിധ ദുരന്തമേഖലകളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ സജീവമുഖം – സുദൻ ഗുരുങ് അറിയപ്പെടുന്നത് അങ്ങിനെയാണ്. ഭൂചലനം, പ്രളയം, മണ്ണിടിച്ചിൽ തുടങ്ങിയ പ്രകൃതി ദുരന്തങ്ങളിൽ അകപ്പെട്ടവർക്ക് അടിയന്തര സാമഗ്രികൾ വിതരണം ചെയ്യാനായി രാജ്യാന്തര തലത്തിൽ നിന്നടക്കം ധനസഹായങ്ങൾ നേടിയെടുക്കാൻ ഇടപെടൽ നടത്തുന്നയാൾ.
ഒരുകാലത്ത് ഈവൻ്റ് മാനേജരായി പ്രവർത്തിച്ചിരുന്ന ഗുരുങ്, നേപ്പാളിൽ 2015-ലുണ്ടായ ഭൂചലനത്തിന് ശേഷമാണ് സാമൂഹ്യപ്രവർത്തനത്തിലേക്ക് കടന്നുവരുന്നത്. 9000ത്തോളം പേർക്ക് ജീവൻ നഷ്ടപ്പെട്ട ഭൂചലനത്തിൽ സുദൻ ഗുരുങിൻ്റെ പൊന്നോമന മകനും ഉൾപ്പെട്ടിരുന്നു. ആ ദുരന്തത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി സോഷ്യൽ മീഡിയയിലൂടെ വളണ്ടിയർമാരെ സംഘടിപ്പിക്കാൻ ഗുരുങ് നടത്തിയ ശ്രമമാണ് ഹാമി നേപ്പാൾ എന്ന എൻജിഒക്ക് തുടക്കമിട്ടത്.
ഏകദേശം 200 ഓളം പേരാണ് അന്ന് സോഷ്യൽ മീഡിയയിലൂടെ താൽപര്യമറിയിച്ചെത്തിയത്. ഗുരുങ് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മുഴുകുന്നതങ്ങനെയാണ്.
സുദൻ ഗുരുങ്ങിൻ്റെ നേതൃത്വത്തിലുള്ള ഹാമി നേപ്പാളിന് വളരെ പെട്ടെന്നു തന്നെ വിവിധ മേഖലകളിൽ നിന്നുള്ള പിന്തുണ ആകർഷിക്കാൻ സാധിച്ചു. പ്രമുഖ നേത്രരോഗ വിദഗ്ധനായ ഡോ. സാൻഡുക് രൂയിറ്റ് സംഘടനയുടെ രക്ഷാധികാരിയായും 2018- ലെ നേപ്പാൾ മിസ് യൂണിവേഴ്സായ മനിത ദേവ്കോട്ട ഗുഡ്‍വിൽ അംബാസഡറായി പ്രവർത്തിച്ചു. ചലച്ചിത്ര താരങ്ങളും ഗായകരുമടക്കം സംഘടനയ്ക്ക് പിന്നിൽ അണിനിരന്നു. 2019ൽ കൊവിഡ് വ്യാപനത്തെ തുടർന്ന് സംഘടന സജീവ പ്രവർത്തനം നടത്തി. ഭൂചലനം നാശം വിതച്ച തുർക്കിക്ക് അടിയന്തര സാമഗ്രികളയച്ചും സംഘടന ശ്രദ്ധ നേടി.
രാഷ്ട്രീയ പാർട്ടികളിൽനിന്ന് അകന്ന് പ്രവർത്തിക്കുന്ന ഹാമി നേപ്പാളിൻ്റെ ആപ്തവാക്യം ‘ജനങ്ങൾക്കുവേണ്ടി, ജനങ്ങളാൽ’ എന്നതാണ്. ഇന്ന് 1600- ലധികം അംഗങ്ങൾ സംഘടനയ്ക്ക് പിന്നിലുണ്ട്. അൽ ജസീറ, കൊക്ക കോള, വൈബർ, ഗോൾഡ് സ്റ്റാർ തുടങ്ങിയ ബ്രാൻഡുകളുടെ പിന്തുണയും സംഘടനയ്ക്ക് ലഭിച്ചിട്ടുണ്ട്.
സോഷ്യൽ മീഡിയ നിരോധനത്തിന് ദിവസങ്ങൾ മുൻപ് ഹാമി നേപ്പാൾ ഇൻസ്റ്റഗ്രാമിലൂടെ പ്രതിഷേധങ്ങൾക്ക് ആഹ്വാനം ചെയ്തിരുന്നു. ‘എങ്ങനെ പ്രതിഷേധിക്കാം’ എന്ന തലക്കെട്ടോടെ പുറത്തിറക്കിയ വീഡിയോയിൽ വിദ്യാർത്ഥികളോട് യൂണിഫോമണിഞ്ഞ്, പുസ്തകങ്ങളും ബാഗുകളുമായി സമാധാനത്തോടെ പ്രതിഷേധിക്കണമെന്നായിരുന്നു ആഹ്വാനം. എന്നാൽ സുദൻ ഗുരുങ്ങിൻ്റെ ആഹ്വാനത്തിന് നേർവിപരീതമായി നേപ്പാളിലെ സാഹചര്യവും ഭരണകൂടത്തിൻ്റെ പ്രതികരണവും.