കൊച്ചി: സൈബറാക്രമണത്തിന് ഇരയായ സിപിഎം നേതാവ് കെ.ജെ. ഷൈനിന്റെ പരാതിയിൽ ആലുവ സൈബർ പോലീസ് കേസെടുത്തു. പറവൂരിലെ വീട്ടിലെത്തി ഷൈനിന്റെ മൊഴി സൈബർ പോലീസ് രേഖപ്പെടുത്തി. സൈബറാക്രമണത്തിന് പിന്നിൽ കോൺഗ്രസ് തന്നെയാണെന്ന് കെ.ജെ. ഷൈനിന്റെ ഭർത്താവ് ഡൈനസ് തോമസ് പറഞ്ഞു. കെ.ജെ. ഷൈനിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് കൂടുതൽ വകുപ്പുകൾ ചേർത്തേക്കുമെന്നാണ് വിവരം.
സൈബറാക്രമണത്തെക്കുറിച്ച് കെ.ജെ.ഷൈൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സൈബർ പോലീസ് മൊഴി രേഖപ്പെടുത്തിയത്. വനിതാ പോലീസിന്റെ സാന്നിധ്യത്തിലുള്ള മൊഴിയെടുപ്പ് ഒരു മണിക്കൂറിലേറെ നീണ്ടു. സാമൂഹിക മാധ്യമങ്ങളിലെ അധിക്ഷേപ ലിങ്കുകൾ ഉൾപ്പെടെയാണ് ഷൈൻ സൈബർ പോലീസിന് മുമ്പാകെ തെളിവായി സമർപ്പിച്ചിരിക്കുന്നത്.
നാട്ടിൽ എല്ലാവരും സൗഹാർദപരമായിരുന്നു പോയിരുന്നത്. ഇപ്പോൾ വ്യത്യസ്തമായിട്ടാണ് ഇങ്ങനൊരു ആക്രമണം നടക്കുന്നത്. സ്ത്രീ എന്ന നിലയ്ക്ക് ഒട്ടും അംഗീകരിക്കാൻ സാധിക്കില്ല ഈ സൈബറാക്രമണം. വളരെ മ്ലേച്ഛമായ പോസ്റ്റുകളാണ് വന്നത്. രാഷ്ട്രീയപരമായും ആശയപരമായ വിയോജിപ്പും ഉണ്ടാകാം. എന്നാൽ, ഇത് അങ്ങനെ അല്ല, വ്യക്തിപരമായുള്ള അധിക്ഷേപമാണ്. കേരളത്തിന്റെ രാഷ്ട്രീയ സാഹചര്യം എന്ന് പറയുന്നത് ഒരു എംഎൽഎയുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രശ്നങ്ങളാണ്. സാധാരണക്കാരായ ആളുകളെ സംബന്ധിച്ചിടത്തോളം കേരളത്തിൽ കേട്ടുകേൾവിയില്ലാത്ത തരത്തിലുള്ള പ്രശ്നങ്ങളാണ് അത്. അതിൽ നിന്ന് ശ്രദ്ധതിരിക്കാമെന്ന ഉദ്ദേശ്യമാണോ ഇത്തരത്തിൽ ഒരു നീക്കം നടത്തിയതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു’, കെ.ജെ. ഷൈനിൻ്റെ ഭർത്താവ് ഡൈനസ് തോമസ് പറഞ്ഞു.
സി.കെ. ഗോപാലകൃഷ്ണന്റെ ഫെയ്സ്ബുക്കിലാണ് ആദ്യം പോസ്റ്റ് വന്നത്. കോൺഗ്രസ് മണ്ഡലം സെക്രട്ടറിയാണെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. കോൺഗ്രസ് സൈബർ വിങ്ങിന്റെ ചുമതലക്കാരനാണ് അദ്ദേഹം. നാട്ടിൽ കോൺഗ്രസുമായി ബന്ധമുള്ള വ്യക്തികളാണ് ഇതുമായി ബന്ധപ്പെട്ട പോസ്റ്റുകൾ പങ്കുവെച്ചിരിക്കുന്നത്. ജിന്റോ ജോൺ, ബിആർഎം ഷെഫീർ ഉൾപ്പെടെ പാർട്ടിയുടെ ഉന്നതരായ നേതാക്കന്മാർ പോലും പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്. പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്ന ഭൂരിഭാഗം ആളുകളും കോൺഗ്രസിൻ്റെ ഉന്നസ്ഥാനം വഹിക്കുന്നവരാണ്, ഡൈനസ് പറഞ്ഞു.