കൊച്ചി : ഭാര്യമാരെ തുല്യനീതിയോടെ പോറ്റാനാകുമെങ്കിൽ മാത്രമെ മുസ്ലിം വ്യക്തിനിയമം ഒന്നിലേറെ വിവാഹം അനുവദിക്കുന്നുള്ളൂവെന്ന് ഹൈക്കോടതി. തുല്യനീതി സാദ്ധ്യമല്ലെങ്കിൽ ഒന്നിലേറെ വിവാഹം പാടില്ലെന്ന സന്ദേശമാണ് ഖുര്‍ആന്‍ നല്‍കുന്നതെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ വ്യക്തമാക്കി.
സമ്പത്തുണ്ടെങ്കിലും മുസ്ലിം സമൂഹത്തിലെ ഭൂരിഭാഗംപേര്‍ക്കും ഒരു ഭാര്യയേയുള്ളൂ. നീതി ഉറപ്പുവരുത്തണമെന്ന ഉദ്ഘോഷമാണ് ഖുര്‍ആന്‍ എന്ന വിശുദ്ധഗ്രന്ഥത്തിന്റെ യഥാര്‍ത്ഥ ആത്മാവ്. ഇത് മറന്നാണ് ചിലര്‍ ബഹുഭാര്യത്വം സ്വീകരിക്കുന്നത്. സമൂഹവും മതനേതൃത്വവും ഇവരെ ബോധവത്കരിക്കണം – സിംഗിള്‍ ബെഞ്ച് പറഞ്ഞു. രണ്ടാംഭാര്യക്ക് ജീവനാംശം നല്‍കാതെ മൂന്നാം വിവാഹത്തിന് ഒരുങ്ങുന്ന കാഴ്ചപരിമിതിയുള്ള വ്യക്തിക്ക് മതനേതാക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ സഹായത്തോടെ സര്‍ക്കാർ കൗണ്‍സലിങ് നല്‍കണമെന്ന ഉത്തരവിലാണ് കോടതിയുടെ നിരീക്ഷണം.
പാലക്കാട് സ്വദേശിയായ അന്‍പതുകാരന്‍ ഭിക്ഷാടനത്തിലൂടെ ലഭിച്ചിരുന്ന പണം ഉപയോഗിച്ചാണ് ഭാര്യമാരെ പോറ്റിയിരുന്നത്. ആദ്യഭാര്യയുമായുള്ള ബന്ധം തുടരുമ്പോഴായിരുന്നു രണ്ടാം വിവാഹം. തന്നെ തലാഖ് ചെല്ലി മൂന്നാമതും വിവാഹംകഴിക്കാന്‍ ഭര്‍ത്താവ് തീരുമാനിച്ചതിനെ തുടർന്നാണ് രണ്ടാംഭാര്യ കുടുംബകോടതിയെ സമീപിച്ചത്.
ഭിക്ഷാടനത്തിലൂടെ ഭർത്താവിന് മാസം 25,000 രൂപയോളം വരുമാനമുണ്ടെന്നും 10,000 രൂപ ജീവനാംശം അനുവദിക്കണമെന്നായിരുന്നു ആവശ്യം. ഭര്‍ത്താവ് കാഴ്ചപരിമിതിയുള്ള യാചകനാണെന്നത് കണക്കിലെടുത്ത് കുടുംബകോടതി ആവശ്യം നിഷേധിച്ചിരുന്നു. ഹൈക്കോടതിയും ഇത് ശരിവെച്ചു.