കോട്ടയം : സമദൂര നിലപാടിൽ മാറ്റമില്ലെന്നും എൻഎസ്എസ് ഇപ്പോള്‍ സ്വീകരിച്ചത് സമദൂരത്തിലെ ശരിദൂരമെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായര്‍. ശബരിമല പ്രക്ഷോഭ സമയത്തെ സാഹചര്യം അല്ല നിലവിലെന്നും ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും പ്രത്യേകിച്ച് അനുകൂല നിലപാട് എൻഎസ്എസിനില്ലെന്നും സുകുമാരൻ നായര്‍ വ്യക്തമാക്കി.
ചങ്ങനാശ്ശേരി പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്തെ പൊതുയോഗത്തിനെത്തിയപ്പോൾ മാധ്യമ പ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു ജി സുകുമാരൻ നായർ. സമദൂര നയത്തിൽ നിന്ന് ഒരിക്കലും മാറിയിട്ടില്ലെന്നും മന്നത്ത് പത്മനാഭന്‍റെ കാലത്തുള്ള നിലപാട് തന്നെയാണ് തുടരുന്നതെന്നും. എൻഎസ്എസ് അയ്യപ്പ സംഗമത്തിൽ പങ്കെടുത്തത് സമദൂര നയത്തിൽ നിന്നുള്ള മാറ്റമാണെന്നുള്ളത് മാധ്യമങ്ങളുടെ വ്യാഖ്യാനമാണെന്നും അദ്ദേഹം പറഞ്ഞു.
ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും കൂടെ ഞങ്ങളില്ല. ഞങ്ങള്‍ക്ക് രാഷ്ട്രീയമില്ല. സമദൂരത്തിൽ ഒരു ശരിദൂരമുണ്ട്. അതാണ് ഇപ്പോള്‍ സ്വീകരിച്ച നിലപാട്. കോണ്‍ഗ്രസിനെയോ ബിജെപിയോ ആരെയും താൻ വിളിച്ചിട്ടില്ല. നിലപാടിന് യാതൊരു മാറ്റവുമില്ല. പറഞ്ഞത് ശബരിമല വിഷയത്തിലെ നിലപാടാണ്. അത് അംഗങ്ങള്‍ കൂടി അറിയാൻ യോഗത്തിൽ പറഞ്ഞു കഴിഞ്ഞു. യോഗത്തിൽ ഈ നിലപാട് എല്ലാവരും അംഗീകരിക്കുകയും ചെയ്തു. രാഷ്ട്രീയ നിലപാട് അല്ല ഇതെന്നും കോണ്‍ഗ്രസോ ബിജെപിയോ കാണാൻ വരുന്നതിൽ ആലോചിച്ച് പറയേണ്ട കാര്യമാണെന്നും സുകുമാരൻ നായര്‍ പറഞ്ഞു. ഇക്കാര്യം സംസാരിക്കാൻ ആണെങ്കിൽ വരേണ്ടതില്ല. മറ്റു കാര്യങ്ങള്‍ക്ക് ആളുകള്‍ വരേണ്ടെന്ന് പറയാൻ കഴിയില്ലെന്നും സുകുമാരൻ നായര്‍ പറഞ്ഞു.
ശബരിമല വിഷയത്തിൽ സര്‍ക്കാര്‍ നിലപാട് മാറ്റി അത് എൻഎസ്എസിന് അനുകൂല നിലപാടായതുകൊണ്ടാണ് പിന്തുണച്ചതെന്ന് യോഗത്തിനു ശേഷം അംഗങ്ങള്‍ പ്രതികരിച്ചു. എൻഎൻഎസിന്‍റെ ഉയര്‍ച്ചക്ക് വേണ്ടിയുള്ള എല്ലാ ഉത്തരവാദിത്വവും ജി സുകുമാരൻ നായര്‍ നിര്‍വ്വഹിക്കുന്നുണ്ടെന്നും യോഗത്തിൽ അദ്ദേഹത്തിന്‍റെ നിലപാടിനെ പൂര്‍ണ്ണമായും പിന്തുണച്ചുവെന്നും അംഗങ്ങള്‍ പറഞ്ഞു.
ശബരിമല വിശ്വാസപ്രശ്നത്തിൽ ഇടത് സർക്കാരിനെ അനുകൂലിച്ച ജനറൽ സെക്രട്ടറി ജി സുകുമാരൻ നായര്‍ക്കെതിരെ പല കരയോഗങ്ങളിലും പ്രതിഷേധം ഉയർന്നുവെങ്കിലും എൻഎസ്എസ് പ്രതിനിധിസഭാ യോഗത്തിൽ അദ്ദേഹത്തിന് പൂർണ്ണ പിന്തുണയാണ് ലഭിച്ചത്. പ്രതിഷേധങ്ങളെ തള്ളിയ സുകുമാരൻ നായർ വിശ്വാസ പ്രശ്നത്തിലെ ഇടത് ചായ്‍വ് പ്രതിനിധി സഭാ യോഗത്തിലും ആവർത്തിച്ചു.
