കൊച്ചി : ഓപ്പറേഷൻ നുംഖോര്‍ പരിശോധനയുടെ ഭാഗമായി നടൻ ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള ഒരു കാർ കൂടി പിടിച്ചെടുത്ത് കസ്റ്റംസ്. കൊച്ചി വെണ്ണലയിലുള്ള ബന്ധുവിന്റെ ഫ്ലാറ്റിലെ പാർക്കിങ്ങില്‍ നിന്നാണ് വാഹനം കണ്ടെത്തിയത്.
ദുൽഖറിന്‍റെ രണ്ട് ലാൻഡ് റോവർ വാഹനങ്ങളും രണ്ട് നിസാൻ പട്രോൾ വാഹനങ്ങളും കസ്റ്റംസ് ഓപ്പറേഷൻ്റെ ഭാഗമായി നിരീക്ഷണത്തിന് വിധേയമാക്കിയത്. ഇതിൽ ഒരു ലാന്‍ഡ് റോവര്‍ നേരത്തെ പിടിച്ചെടുത്തിരുന്നു. ഭൂട്ടാനിൽ നിന്നുള്ള വാഹനക്കടത്തിന്റെ ഭാഗമെന്ന നിലയിൽ ഓപ്പറേഷൻ നുംഖുറിന്റെ ഭാഗമായാണ് ദുൽഖർ സൽമാന്റെ തമിഴ്നാട് റജിസ്ട്രേഷനുള്ള 2004 മോഡൽ ലാൻഡ് റോവർ ഡിഫൻഡർ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്.
ഡിഫൻഡർ പിടിച്ചെടുത്ത ദിവസം തൃശൂർ റജിസ്ട്രേഷനിലുള്ള ഒരു കാർ കൂടി കസ്റ്റംസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ ഈ വാഹനം ദുൽഖറിന്റെ ഉടമസ്ഥതയിലായിരുന്നില്ല. തുടർന്ന് 2 വാഹനങ്ങൾക്ക് വേണ്ടിയുള്ള തിരച്ചലിലായിരുന്നു കസ്റ്റംസ് ഉദ്യോഗസ്ഥർ.
അതേസമയം കസ്റ്റംസ് പിടിച്ചെടുത്ത തന്റെ വാഹനം വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് ദുൽഖർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. വാഹനം പിടിച്ചെടുത്ത നടപടി റദ്ദാക്കണമെന്നും എല്ലാ നിയമനടപടികളും പൂർത്തിയാക്കിയാണ് താൻ വാഹനം സ്വന്തമാക്കിയതെന്നും നടൻ പറയുന്നു. എന്നാൽ രേഖകള്‍ പരിശോധിക്കാൻ പോലും തയാറാകാതെ കസ്റ്റംസ് വാഹനം കസ്റ്റഡിയിലെടുക്കുകയായിരുന്നു എന്നും ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ ദുൽഖർ ആരോപിച്ചു.
വ്യക്തി എന്ന നിലയിൽ തന്റെ പ്രതിച്ഛായ മോശമാക്കുന്ന രീതിയിലാണ് കസ്റ്റംസ് മാധ്യമങ്ങളിലടക്കം വ്യാപക പ്രചാരണം കൊടുത്തത് എന്നും ദുൽഖർ ഹർജിയിൽ ആരോപിക്കുന്നു. കള്ളക്കടത്ത്, ലഹരി മരുന്ന്, ദേശവിരുദ്ധ പ്രവർത്തനങ്ങൾ തുടങ്ങിയ കാര്യങ്ങൾക്കൊക്കെ ഉപയോഗിക്കുന്ന വാഹനങ്ങൾ പിടിച്ചെടുക്കുന്നു എന്ന രീതിയിൽ വ്യാപകമായ പബ്ലിസിറ്റിയാണ് നൽകിയത്. എന്തു താൽപര്യത്തിന്റെ പുറത്താണ് അതെന്നറിയില്ല. എല്ലാ വിധത്തിലും നിയപരമായി റജിസ്റ്റർ ചെയ്തിട്ടുള്ളതാണ് തന്റെ വാഹനമെന്നും താരം വ്യക്തമാക്കുന്നു.
ഇത് കൂടാതെ ഹർജിയിൽ പിടിച്ചെടുത്ത വാഹനം എങ്ങനെയാണ് താൻ വാങ്ങിയത് എന്നും വിശദീകരിക്കുന്നുണ്ട്. ഇൻവോയിസ് അനുസരിച്ച് ഇന്റർനാഷനൽ കമ്മിറ്റി ഓഫ് ദി റെഡ് ക്രോസ് ന്യൂഡൽഹിയിലെ റീജിണൽ ഡലിഗേഷനു വേണ്ടി ഇറക്കുമതി ചെയ്തതാണ് ഈ ലാൻഡ് റോവർ ഡിഫൻഡറെന്നാണ് താരത്തിന്റെ വാദം.
