ബ്രിസ്ബേൻ : ഓസ്ട്രേലിയയിലെ ബ്രിസ്ബേനിൽ നടന്ന യൂത്ത് ടെസ്റ്റിന്റെ രണ്ടാം ദിനത്തിൽ തകർപ്പൻ സെഞ്ച്വറി നേടി 14കാരൻ വൈഭവ് സൂര്യവംശി. 86 പന്തിൽ നിന്ന് 113 റൺസ് നേടിയ വൈഭവിന്റെ മികവിലാണ് ഇന്ത്യൻ അണ്ടർ 19 ടീം മികച്ച സ്കോറിലേക്കെത്തിയത്. ഓസ്ട്രേലിയയുടെ ആദ്യ ഇന്നിംഗ്സ് സ്കോർ മറികടക്കാൻ വൈഭവിൻ്റെ സെഞ്ചുറി നിർണ്ണായകമായി. ഓസീസിന്റെ ബൗളിംഗ് നിരയെ ബ്രിസ്ബേനിലെ ഇയാൻ ഹീലി ഓവലിൽ ആക്രമണോത്സുക ബാറ്റിംഗിലൂടെ തകർത്തെറിഞ്ഞു വൈഭവ് സൂര്യവംശി. ഒപ്പം യൂത്ത് ടെസ്റ്റുകളിൽ ഏറ്റവും കൂടുതൽ സിക്സുകൾ നേടിയ താരം എന്ന റെക്കോർഡും സ്വന്തം പേരിലാക്കി സൂര്യവംശി.
ഓസ്‌ട്രേലിയൻ മണ്ണിൽ യൂത്ത് ടെസ്റ്റിലെ ഏറ്റവും വേഗതയേറിയ സെഞ്ച്വറിയാണ് വൈഭവിൻ്റേത്. 78 പന്തിൽ നിന്ന് താരം സെഞ്ച്വറി പൂർത്തിയാക്കി. ലിയാം ബ്ലാക്ക്‌ഫോർഡിന്റെ 124 പന്തുകളുടെ മുൻ റെക്കോർഡാണ് താരം പഴങ്കഥയാക്കിയത്. പുറത്താകുമ്പോൾ ഇന്ത്യ അണ്ടർ 19 ടീം 23 റൺസ് പിന്നിലായിരുന്നു. ഓസ്ട്രേലിയ ആദ്യ ഇന്നിംഗ്സിൽ 243 റൺസാണ് സ്കോർ ചെയ്തത്.
എട്ട് സിക്സറുകളും ഒമ്പത് ഫോറുകളും ഉൾപ്പെടുന്നതാണ് വൈഭവിന്റെ ഇന്നിംഗ്സ്. ഒരു യൂത്ത് ടെസ്റ്റ് ഇന്നിംഗ്സിൽ ഇതുവരെ ആറ് സിക്സറുകളാണ് ഒരു കളിക്കാരൻ നേടിയിരുന്നത്. ആ റെക്കോർഡും ഈ കളിയിലൂടെ വൈഭവ് തകർത്തത്.

ഇത് കൂടാതെ പതിനഞ്ച് വയസ്സിന് മുമ്പ് 100 പന്തിൽ താഴെ രണ്ട് യൂത്ത് ടെസ്റ്റ് സെഞ്ച്വറികൾ നേടുന്ന ലോകത്തിലെ ആദ്യ കളിക്കാരനായും വൈഭവ് സൂര്യവംശി മാറി. ബ്രണ്ടൻ മക്കല്ലം സ്ഥാപിച്ച റെക്കോർഡാണ് വൈഭവ് തകർത്തത്. 2024 ഒക്ടോബറിൽ ഓസ്‌ട്രേലിയയുടെ U19 ടീം ഇന്ത്യയിൽ പര്യടനം നടത്തിയപ്പോൾ വെറും 58 പന്തിൽ നിന്നാണ് താരത്തിന്റെ മുൻ യൂത്ത് ടെസ്റ്റ് സെഞ്ച്വറി പിറന്നത് . ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിൽ ഇന്ത്യ രണ്ട് വിക്കറ്റിന് വിജയിച്ച ഒരു യൂത്ത് ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്‌സിൽ വൈഭവ് വെറും 62 പന്തിൽ നിന്ന് 104 റൺസ് നേടിയിരുന്നു.
യൂത്ത് ടെസ്റ്റിൽ ആയുഷ് മാത്രെയുടെ സിക്സറുകളുടെ റെക്കോർഡ് താരം മറികടന്നു. ഇതോടെ വൈഭവിന്റെ കരിയറിലെ യൂത്ത് ടെസ്റ്റുകളിൽ 15 സിക്സറുകളായി. നിലവിലെ പര്യടനത്തിലെ രണ്ടാം മത്സരത്തിൽ യൂത്ത് ഏകദിനങ്ങളിൽ 38 സിക്സറുകൾ നേടിയ ഉന്മുക്ത് ചന്ദിന്റെ റെക്കോർഡ് താരം നേരത്തെ മറികടന്നിരുന്നു.
എല്ലാ ഫോർമാറ്റുകളിലും സൂര്യവംശിയുടെ വളർച്ച വളരെ വേഗത്തിലായിരുന്നു.
2025 ന്റെ തുടക്കത്തിൽ, ഇന്ത്യൻ പ്രീമിയർ ലീഗിൽ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി താരം മാറിയിരുന്നു. വെറും 35 പന്തിൽ വൈഭവ് നേടിയ സെഞ്ച്വറി ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ രണ്ടാമത്തെ സെഞ്ച്വറിയാണ്.
ജൂലൈയിൽ, ഇംഗ്ലണ്ട് അണ്ടർ 19 ടീമിനെതിരെ ഏറ്റവും വേഗതയേറിയ യൂത്ത് ഏകദിന സെഞ്ച്വറി (52 പന്തുകൾ) റെക്കോർഡും വൈഭവ് സ്വന്തം പേരിൽ കുറിച്ചിരുന്നു.
