കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഇന്ത്യൻ യൂട്യൂബർമാർക്ക് ഗൂഗിൾ നൽകിയത് 21,000 കോടി രൂപയാണെന്ന് റിപ്പോർട്ട്. ഈ വർഷം മെയ് മാസത്തിൽ നടന്ന ഒരു പരിപാടിയിൽ കണ്ടന്റ് ക്രിയേറ്റർമാർക്ക് നൽകിയ പേയ്‌മെന്റുകളെക്കുറിച്ച് സംസാരിക്കുന്നതിനിടെ യൂട്യൂബ് സിഇഒ നീൽ മോഹൻ വെളിപ്പെടുത്തിയതാണ് ഇക്കാര്യം. മൂന്ന് വർഷത്തിനിടെ ഇന്ത്യൻ ക്രിയേറ്റർമാർക്കും, കലാകാരന്മാർക്കും, മീഡിയ കമ്പനികൾക്കുമായി 21,000 കോടിയിലധികം രൂപ നൽകിയിട്ടുണ്ടെന്നാണ് നീൽ മോഹൻ വ്യക്തമാക്കിയത്.
കഴിഞ്ഞ വർഷം ഇന്ത്യയിൽ 10 കോടി ചാനലുകൾ ഉണ്ടായെന്നും അതിൽ 15,000 ക്രിയേറ്റർമാർ 10 ലക്ഷം സബ്‌സ്‌ക്രൈബർമാരുടെ എണ്ണം മറികടന്നു എന്നും യൂട്യൂബ് സിഇഒ പറഞ്ഞു. ഇന്ത്യക്കാർക്കിടയിൽ യൂട്യൂബിന്റെ വർദ്ധിച്ചുവരുന്ന ജനപ്രീതിയെക്കുറിച്ച് പ്രതിപാദിക്കുകയായിരുന്നു നീൽ മോഹൻ. ലോകമെമ്പാടുമുള്ള കാഴ്ചക്കാരുമായി സ്രഷ്ടാക്കൾക്ക് ബന്ധപ്പെടാനുള്ള ഒരു മാർഗ്ഗമായി YouTube മാറിയിരിക്കുന്നുവെന്നും സിഇഒ പ്രസ്താവിച്ചു. വളരെ കുറച്ച് രാജ്യങ്ങൾക്ക് മാത്രമേ ഇത് പ്രയോജനപ്പെടുത്താൻ കഴിയൂ എന്നിരിക്കെ, ഇന്ത്യയ്ക്ക് ഇത് ഫലപ്രദമായി ഉപയോഗപ്പെടുത്താൻ കഴിഞ്ഞതിൽ അദ്ദേഹം പ്രശംസ അറിയിച്ചു.
മെയ് മാസത്തിൽ തന്റെ പ്ലാറ്റ്‌ഫോം ഇന്ത്യൻ ക്രിയേറ്റർ എക്കണോമിയിൽ കൂടുതൽ നിക്ഷേപം നടത്തുകയാണെന്ന് പ്രഖ്യാപിച്ച നീൽ മോഹൻ അടുത്ത രണ്ട് വർഷത്തിനുള്ളിൽ 850 കോടി നിക്ഷേപിക്കുമെന്ന് വ്യക്തമാക്കി.
