കൊച്ചി : പെട്രോളിനും ഡീസലിനും ബദലായി ‘ഹൈഡ്രജന്റെ’ ഉപയോഗം പ്രയോജനപ്പെടുത്താനൊരുങ്ങി കേരളം. ദക്ഷിണേന്ത്യയിലെ ആദ്യ ഗ്രീൻ ഹൈഡ്രജൻ പ്ലാന്റും ഇന്ധനം നിറയ്ക്കുന്ന സ്റ്റേഷനും കൊച്ചിയിൽ ഉടൻ കമ്മീഷൻ ചെയ്യും. കൊച്ചി വിമാനത്താവള പരിസരത്താണ് പ്ലാന്റ്. പദ്ധതി കമ്മീഷന്‍ ചെയ്താല്‍ ആദ്യഘട്ടത്തിൽ കൊച്ചി വാട്ടർ മെട്രോയും കൊച്ചി മെട്രോയുടെ തിരഞ്ഞെടുത്ത ഇ-ഫീഡർ സർവ്വീസുകളും ഹൈഡ്രജൻ ഇന്ധനം ഉപയോഗിച്ച് പ്രവർത്തിപ്പിക്കാനാണ് ഉദ്ദേശം.
കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡുമായി (സിയാൽ) സഹകരിച്ച് ബിപിസിഎല്ലാണ് നെടുമ്പാശ്ശേരിയിൽ 1,000 കിലോവാട്ട് ശേഷിയുള്ള പ്ലാന്റ് ഒരുക്കുന്നത്. പ്രതിദിനം 80 കിലോഗ്രാം ഗ്രീൻ ഹൈഡ്രജൻ ഉത്പാദിപ്പിക്കാനുള്ള പ്രാരംഭ ശേഷി ഇന്ധനം നിറയ്ക്കുന്ന സ്റ്റേഷന് ഉണ്ടാവും. ഇതോടനുബന്ധിച്ച് അനെർട്ടുമായി സഹകരിച്ച് തിരുവനന്തപുരത്ത് ഹൈഡ്രജൻ റീഫ്യുവലിംഗ് സ്റ്റേഷൻ നിർമ്മിക്കാനും പ്ലാനുണ്ട്.
കൊച്ചിൻ ഷിപ്പ്‌യാർഡ് കൊച്ചി വാട്ടർ മെട്രോക്കായി നിർമ്മിക്കുന്ന ഇലക്ട്രിക്-ഹൈബ്രിഡ് പാസഞ്ചർ ഫെറികൾ ഗ്രീൻ ഹൈഡ്രജൻ ഇന്ധനത്തില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കുന്ന തരത്തിലാണ് ആസൂത്രണം ചെയ്യുന്നത്. ഹൈഡ്രജൻ റീഫ്യുവലിംഗ് സ്റ്റേഷൻ കമ്മീഷൻ ചെയ്യുന്നതോടെ ഹൈഡ്രജൻ ബസുകൾ വിന്യസിക്കാനും സിയാലിന് പദ്ധതിയുണ്ട്.
ഹൈഡ്രജൻ ഉപയോഗിച്ച് പ്രവർത്തിക്കുന്ന വെർട്ടിക്കൽ ടേക്ക്-ഓഫ് ആൻഡ് ലാൻഡിംഗ് (VTOL) സാധ്യമാകുന്ന ചെറു വിമാനങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള പദ്ധതിയിലും ബി.പി.സി.എല്‍ പങ്കാളിയാണ്. പത്തില്‍ താഴെ ആളുകള്‍ക്ക് കൊച്ചി, തിരുവനന്തപുരം തുടങ്ങിയ നഗരങ്ങള്‍ക്കിടയില്‍ വേഗത്തില്‍ എത്തിച്ചേരാന്‍ സാധിക്കുന്ന തരത്തിലായിരിക്കും വി.ടി.ഒ.എല്‍ വിമാനങ്ങളുടെ പ്രവര്‍ത്തനം. കൂടാതെ ആവശ്യമെങ്കില്‍ എയര്‍ ആംബുലന്‍സുകളായും ഇത്തരം വിമാനങ്ങള്‍ ഉപയോഗിക്കാൻ സാദ്ധ്യമാകും.
