[ Photo Courtesy : Deepikapadukone/Instagram ]
അബുദാബി : അബുദാബി ടൂറിസം വ്യവസായത്തിന് പുതിയൊരു മാനം നൽകാൻ ബോളിവുഡിലെ പ്രശസ്ത താര ദമ്പതികളായ ദീപിക പദുക്കോണും രൺവീർ സിങ്ങും. ഇതാദ്യമായാണ് ഒരു ബോളിവുഡ് ദമ്പതികൾ ഒരു ടൂറിസം കേന്ദ്രത്തെ പ്രതിനിധീകരിച്ച് ബ്രാൻഡ് അംബാസഡന്മാരാകുന്നത്. രൺവീർ മുൻപെ അബുദാബി ടൂറിസത്തിൻ്റെ ബ്രാൻഡ് അംബാസഡരായിരുന്നു. ദീപികയുടെ വരവോടെ അബുദാബി ടൂറിസത്തിന് പുതിയൊരു ദിശാബോധം കൂടി സൃഷ്ടിക്കാൻ കഴിയുമെന്നാണ് അധികാരികളുടെ പ്രതീക്ഷ. താര ജോഡികൾ ഇനി അവരുടെ സിനിമകളിലൂടെയും കഥകളിലൂടെയും സോഷ്യൽ മീഡിയാ കുറിപ്പുകളിലൂടെയും അബുദാബിയുടെ സൗന്ദര്യവും സംസ്ക്കാരവും ഊഷ്മളമായ അനുഭവങ്ങളായി ലോകത്തിന് മുന്നിൽ അവതരിപ്പിക്കും.
കഴിഞ്ഞ മൂന്ന് വര്‍ഷമായി തന്റെ ഭര്‍ത്താവ് രണ്‍വീര്‍ അബുദാബിയുടെ സന്ദര്‍ശകനാണെന്നും അദ്ദേഹത്തോടൊപ്പം ഇനി യാത്രയില്‍ പങ്കാളിയാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ദീപിക പറഞ്ഞു
യാത്രയുടെ യഥാര്‍ത്ഥ സന്തോഷം ലഭിക്കുന്നത് പ്രിയപ്പെട്ടവരുമായി പങ്കുവെക്കുമ്പോഴാണ് എന്ന് അവര്‍ കൂട്ടി ചേർത്തു. അബുദാബിക്ക് മനോഹരമായ പാരമ്പര്യങ്ങളുണ്ടെന്നും ഇവിടുത്തെ ആളുകള്‍ അതിഥികളെ കുടുംബം പോലെ സ്വാഗതം ചെയ്യുന്നുവെന്നും ദീപിക സൂചിപ്പിച്ചു.
കുടുംബമായി അവധിക്കാലം ആഘോഷിക്കാൻ അബുദാബി ഒരു മികച്ച സ്ഥലമാണ്. സംസ്ക്കാരം, സാഹസികത, ബീച്ചുകൾ, വിനോദം എന്നിവയുടെ മനോഹരമായ ഒരു മിശ്രിതമാണ് ഈ നഗരമെന്ന് രൺവീർ ഓർമ്മിപ്പിച്ചു. ജീവിതകാലം മുഴുവൻ ഓർമ്മകൾ സൃഷ്ടിക്കാൻ ആളുകൾ വരുന്ന സ്ഥലമാണ് അബുദാബി. ഭാര്യ ദീപികയ്‌ക്കൊപ്പം ഈ യാത്ര പങ്കിടുന്നതിൽ രൺവീർ സന്തോഷം പ്രകടിപ്പിച്ചു.
അബുദാബിയുടെ വരാനിരിക്കുന്ന പ്രചാരണ പരിപാടികൾക്ക് ദീപിക നേതൃത്വം നൽകും, എമിറേറ്റിന്റെ സീസണൽ ഓഫറുകളും ദീപാവലി പോലുള്ള ഉത്സവങ്ങളും ഇതിൽ ഉൾപ്പെടും. ഊർജ്ജസ്വലവും കുടുംബപരവും സൗഹൃദവലയം കൊണ്ടും ഈ പവർ കപ്പിളിന്റെ സഹകരണം അബുദാബിയുടെ പ്രശസ്തി കൂടുതൽ ശക്തിപ്പെടുത്താൻ ഉതകുമെന്ന് അബുദാബി ടൂറിസം വകുപ്പ് ലക്ഷ്യമിടുന്നു.
