കണ്ണൂർ : കണ്ണൂർ തളിപ്പറമ്പ് ബസ് സ്റ്റാൻഡിന് സമീപത്തെ കെ വി കോംപ്ലക്സിലുണ്ടായ തീപിടുത്തം മൂന്ന് മണിക്കൂറിന് ശേഷം പൂർണ്ണമായും നിയന്ത്രണ വിധേയമായി. മൂന്ന് നില കെട്ടിടത്തിൽ വൈകീട്ട് അഞ്ചരയോടെയാണ് തീ പടർന്നത്. കണ്ണൂർ, പയ്യന്നൂർ, മട്ടന്നൂർ, പെരിങ്ങോം എന്നിവിടങ്ങളിൽ നിന്നായി എത്തിയ 15 ഫയർഫോഴ്സ് യൂണിറ്റുകളാണ് തീയ്യണക്കാനുള്ള തീവ്രശ്രമത്തിൽ പങ്കാളികളായത്. ജില്ലാ ഫയർഫോഴ്സ് ഓഫീസർ അരുൺ ഭാസ്കർ, കണ്ണൂർ റൂറൽ എസ് പി അനൂജ് പലിവാൽ എന്നിവരാണ് ദൗത്യത്തിന് നേതൃത്വം നൽകിയത്.
50 ഓളം കടകൾക്ക് നാശനഷ്ടം സംഭവിച്ചതായാണ് ജില്ലാ കളക്ടർ അരുൺ കെ വിജയൻ നൽകുന്ന പ്രാഥമിക വിവരം. കളിപ്പാട്ടങ്ങൾ വിൽക്കുന്ന കടയിൽ നിന്നാണ് ആദ്യം തീപടർന്നതെന്നാണ് പറയുന്നത്.. മൊബൈല്‍ ഷോപ്പുകളും തുണിക്കടകളും ഉള്‍ക്കൊള്ളുന്നതാണ് കെട്ടിടം. തീപിടിത്തത്തില്‍ ഇതുവരെ ആളാപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തീപിടുത്തത്തിൻ്റെ കാരണം ഇതുവരെ വ്യക്തമല്ല.
