തിരുവനന്തപുരം: അഡ്വ. ഒജെ ജനീഷിനെ യൂത്ത് കോൺഗ്രസ്സ് അദ്ധ്യക്ഷനായി തെരഞ്ഞെടുത്തു. ബിനു ചുള്ളിയിൽ വർക്കിങ് പ്രസിഡണ്ടാകും. തൃശ്ശൂരിൽ നിന്നുള്ള നേതാവാണ് ജനീഷ്. തൃശൂർ ജില്ലയിലെ കെഎസ്‌യു, യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷനായി പ്രവർത്തിച്ചിട്ടുണ്ട്.
ലൈംഗിക ആരോപണങ്ങളെ തുടർന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവെച്ചതിനു പിന്നാലെയാണ് പുതിയ സംസ്ഥാന അദ്ധ്യക്ഷനെ ദേശിയ നേതൃത്വം തെരഞ്ഞെടുത്തത്. രണ്ടുവർഷം മുമ്പ് നടന്ന തെരഞ്ഞെടുപ്പിലാണ് മാങ്കൂട്ടത്തിൽ പ്രസിഡന്റായത്. രണ്ടാമതെത്തിയെ അബിൻ വർക്കി വൈസ് പ്രസിഡന്റുമായി.
അബിന്‍ വർക്കിയും, കെ.എം.അഭിജിത്തും ദേശീയ സെക്രട്ടറിമാരായി മാറും. സംസ്ഥാന നേതൃത്വത്തിലേക്ക് അഭിജിത്തിനെ പരുഗണിക്കാൻ എംകെ രാഘവർ അടക്കമുള്ളവർ സമ്മർദ്ദം ചെലുത്തിയിരുന്നു. അബിനെ അദ്ധ്യക്ഷനാക്കാൻ രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ളവർ വാദിച്ചെങ്കിലും അതും നടപ്പായില്ല. യൂത്ത് കോൺഗ്രസ് ഭാരവാഹി തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ വോട്ടു കിട്ടിയ നേതാക്കളെ ഡൽഹിയിലേക്ക് വിളിപ്പിച്ച് അഭിമുഖം നടത്തിയശേഷമാണ് തീരുമാനമെടുത്തത്. നിലവിൽ സംസ്ഥാന യൂത്ത് കോൺഗ്രസ് ഉപാദ്ധ്യക്ഷനാണ് ഒജെ. ജനീഷ്. പാർട്ടിയിലെ മുതിർന്ന നേതാക്കൾ നടത്തിയ ചർച്ചകളിൽ ജനീഷിൻ്റെ പേരിൽ ധാരണയാവുകയായിരുന്നു.
