പത്തനംതിട്ട : വൃശ്ചികമാസത്തിൽ മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട തുറന്നയുടനെ തന്നെ ഇത്തവണ അഭൂതപൂർവ്വമായ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. നവംബർ 18ന് ഉച്ചയ്ക്ക് 12 വരെ ദർശനത്തിനായി വിർച്വൽ ക്യൂ, സ്പോട്ട് ബുക്കിംഗ് എന്നിങ്ങനെ എത്തിയത് 1,96,594 പേർ. വിർച്ച്വൽ ക്യൂ, സ്പോട്ട് ബുക്കിങ് മാർഗ്ഗങ്ങൾ ഉണ്ടായിട്ടും ഭക്തർ ഈ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാതെ എത്തുന്നതാണ് തിരക്ക് നിയന്ത്രണാതീതമാക്കുന്നതെന്ന് എഡിജിപി എസ്. ശ്രീജിത്ത് പറഞ്ഞു.
“ഭക്തജനത്തിരക്ക് ഉയർന്ന സാഹചര്യത്തിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ പോലീസ് സേന ഏറെ പാടുപെട്ടു. സാഹചര്യങ്ങൾ ഇപ്പോൾ നിയന്ത്രണവിധേയമാണ്. കഴിഞ്ഞ തവണ ആദ്യത്തെ ദിവസം 29,000 പേരാണ് സന്നിധാനത്തെത്തിയത്. കഴിഞ്ഞ സീസണിൽ ആദ്യ നാല് ദിവസങ്ങളിൽ ഒരു ലക്ഷം പേർ ദർശനം നടത്തി. ഇപ്പോൾ ആദ്യത്തെ ദിവസം 55,000 പേരും രണ്ടാമത്തെ ദിവസം ഒരു ലക്ഷത്തി നാലായിരം പേരുമാണ് എത്തിചേർന്നത്.
രണ്ടു ദിവസത്തിനകം രണ്ടു ലക്ഷത്തിത്തോളം പേർ ദർശനം നടത്തിക്കൊണ്ടിരിക്കുകയാണ്. ഇവിടെ രണ്ട് ബുദ്ധിമുട്ടുകളുണ്ട്. ജനങ്ങൾ അത് മനസ്സിലാക്കി പ്രവർത്തിക്കേണ്ടതുണ്ട്. സ്പോട്ട് ബുക്കിംഗ് കോടതി നിർദ്ദേശ പ്രകാരം 20,000 എന്ന് നിജപ്പെടുത്തിയെങ്കിലും, അതിൽ കൂടുതൽ ആളുകളാണ് എന്തിച്ചേരുന്നത്. വരുന്നവർക്കെല്ലാം ഉടൻ ദർശനം വേണമെന്ന് നിർബ്ബന്ധം. ഇപ്പോൾ 20,000 എന്ന സ്ഥാനത്ത് 37,000 പേർക്കോളം സ്പോട്ട് ബുക്കിങ് നൽകേണ്ടി വന്നിരിക്കുന്നു. വരുന്നവരെ തിരിച്ചു വിടുന്നത് ശരിയല്ല. രണ്ടാമത്തെ പ്രശ്നം, ഏതെങ്കിലും ദിവസം വിർച്വൽ ക്യൂ എടുത്തിട്ട് തോന്നുന്ന ദിവസം വരുന്നവർ. ഇക്കാര്യങ്ങൾ ഭക്തജനങ്ങൾ അറിഞ്ഞ് മനസിലാക്കി പ്രവർത്തിക്കണം. എല്ലാവർക്കും ദർശനത്തിന് അവസരമുണ്ട്. ജനങ്ങൾ അച്ചടക്കം പാലിച്ചാൽ ഒരു തിക്കും തിരക്കും ഉണ്ടാവില്ല. ആവശ്യത്തിന് പോലീസുണ്ട്. ഇതിൽക്കൂടുതൽ വിന്യസിച്ചാൽ അവർക്ക് ജോലിയെടുക്കാനാവില്ല.” – എഡിജിപി മാധ്യമങ്ങളോട് പറഞ്ഞു.
