കൊച്ചി : മുഖ്യമന്ത്രി പിണറായി വിജയനെതിരെ കൊലവിളി നടത്തിയെന്ന പരാതിയിൽ കന്യാസ്ത്രീക്കെതിരെ പോലീസ് അന്വേഷണം. അഭിഭാഷകകൂടിയായ ടീന ജോസിനെതിരെ സംസ്ഥാന പോലീസ് മേധാവിക്ക് ലഭിച്ച പരാതിയിലാണ് നടപടി. ഫേസ്ബുക്ക് പോസ്റ്റിലെ കമന്റ് കൊലവിളിയാണെന്ന് ആരോപിച്ചാണ് പരാതി.
മുഖ്യമന്ത്രി തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുന്നതിനെക്കുറിച്ചുള്ള ഒരു പോസ്റ്റിന് താഴെ ടീന ജോസ് പങ്കുവെച്ച കുറിപ്പാണ് വിവാദമായത്. “അന്നേരമെങ്കിലും ആരെങ്കിലും ഒരു ബോംബെറിഞ്ഞു തീർത്തു കളയണം അവനെ. നല്ല മനുഷ്യനായ രാജീവ് ഗാന്ധിയെ തീർത്ത ഈ ലോകത്തിന് അതൊക്കെ പറ്റും.”- എന്നായിരുന്നു ടീന ജോസിൻ്റെ കമൻ്റ്. വിവാദമായപ്പോൾ പിന്നീട് ഇത് ഡിലീറ്റ് ചെയ്തു. എങ്കിലും ഇതിൻ്റെ സ്ക്രീൻഷോട്ടുകൾ വ്യാപകമായി സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയും വലിയ പ്രതിഷേധത്തിന് ഇടയാക്കുകയും ചെയ്തു.
സുപ്രീം കോടതി അഭിഭാഷകൻ സുഭാഷ് തീക്കടൻ നൽകിയ പരാതിയിലാണ് ഇപ്പോഴത്തെ നടപടികൾ. നിലവിൽ, കമൻ്റ് പോസ്റ്റ് ചെയ്ത അക്കൗണ്ട് യഥാർത്ഥത്തിൽ ടീന ജോസിൻ്റേത് തന്നെയാണോ, മറ്റാരുടെയെങ്കിലും ഇടപെടൽ ഉണ്ടായിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങൾ പോലീസ് പരിശോധിക്കുന്നുണ്ട്.
അതേസമയം, വിഷയത്തിൽ നിലപാട് വ്യക്തമാക്കിയും ടീന ജോസിനെ തള്ളിപ്പറഞ്ഞും സിഎംസി സന്യാസിനി സമൂഹം രംഗത്തെത്തി. തങ്ങൾക്ക് ടീന ജോസുമായി യാതൊരു ബന്ധവുമില്ലെന്ന് അവർ വ്യക്തമാക്കി. 2009ൽ തന്നെ കാനോനിക നിയമങ്ങൾക്കനുസൃതമായി ടീന ജോസിന്റെ സന്യാസിനി അംഗത്വം റദ്ദാക്കിയതാണെന്നും സന്യാസ വസ്ത്രം ധരിക്കാൻ ഇവർക്ക് അനുവാദമില്ലെന്നും സിഎംസി സന്യാസിനി സമൂഹത്തിൻ്റെ പിആർഒ വ്യക്തമാക്കി.
