ശ്രീനഗർ : ജമ്മുവിലെ കശ്മീർ ടൈംസ് പത്രത്തിന്റെ ഓഫീസിൽ വ്യാഴാഴ്ച ജമ്മു കശ്മീർ പോലീസിന്റെ സംസ്ഥാന അന്വേഷണ ഏജൻസി (എസ്‌ഐഎ) നടത്തിയ റെയ്ഡിൽ എകെ 47 റൈഫിളുകളും വെടിയുണ്ടകളും മൂന്ന് ഹാൻഡ് ഗ്രനേഡ് ലിവറുകളും കണ്ടെടുത്തു. അന്വേഷണത്തിന്റെ ഭാഗമായി കമ്പ്യൂട്ടറുകൾ ഉൾപ്പെടെ ഓഫീസിൽ എസ്‌ഐഎ സംഘം സമഗ്രമായ പരിശോധന നടത്തി. രാജ്യത്തിനെതിരായ ഉള്ളടക്കം പ്രചരിപ്പിച്ചുവെന്നാരോപിച്ച് പ്രസിദ്ധീകരണത്തിനും അതിന്റെ പ്രമോട്ടർമാർക്കുമെതിരെ കേസെടുത്തതിനെ തുടർന്നാണ് നടപടി.
1954-ൽ മുതിർന്ന പത്രപ്രവർത്തകൻ വേദ് ഭാസിൻ സ്ഥാപിച്ച കശ്മീർ ടൈംസ് വളരെക്കാലമായി വിഘടനവാദ അനുകൂലിയായി കണക്കാക്കപ്പെടുന്നു. ജമ്മു പ്രസ് ക്ലബ്ബിന്റെ പ്രസിഡന്റായും സേവനമനുഷ്ഠിച്ച വേദ് ഭാസിൻ സമീപകാലത്താണ് അന്തരിച്ചത്. അതിനുശേഷം അദ്ദേഹത്തിന്റെ മകൾ അനുരാധ ഭാസിൻ ജാംവാളും ഭർത്താവ് പ്രബോധ് ജാംവാളും പത്രത്തിൻ്റെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്തു. അനുരാധ ഭാസിനും പ്രബോധ് ജാംവാളും നിലവിൽ വിദേശത്താണ്.
2021–22 മുതൽ ജമ്മുവിൽ നിന്ന് പത്രത്തിൻ്റെ പ്രിന്റ് എഡിഷൻ പ്രസിദ്ധീകരിച്ചിട്ടില്ല. പക്ഷെ, ഓൺലൈൻ എഡിഷൻ്റെ പ്രവർത്തനം സജീവമാണ്. വർഷങ്ങൾക്ക് മുമ്പ് ഗുലാം നബി ഫൈ ഭീകരവാദ സെമിനാർ വിവാദത്തിലും വേദ് ഭാസിന്റെ പേര് ഉയർന്നുവന്നിരുന്നു
അതേസമയം ഓഫീസിലെ റെയ്ഡിനെ എഡിറ്റർമാരായ അനുരാധ ഭാസിൻ ജാംവാളും പ്രബോധ് ജാംവാളും സംയുക്ത പ്രസ്താവനയിൽ അപലപിച്ചു,
“വിമർശനാത്മക ശബ്ദങ്ങൾ വർദ്ധിച്ചുവരുന്ന ഒരു കാലഘട്ടത്തിൽ, അധികാരത്തോട് സത്യം പറയാൻ തയ്യാറുള്ള ചുരുക്കം ചില സ്വതന്ത്ര മാധ്യമങ്ങളിൽ ഒന്നായി ഞങ്ങൾ തുടരുന്നു. ഞങ്ങൾക്കെതിരെ ഉന്നയിക്കപ്പെടുന്ന ആരോപണങ്ങൾ ഭീഷണിപ്പെടുത്താനും, നിയമവിരുദ്ധമാക്കാനും, ഒടുവിൽ നിശബ്ദരാക്കാനും ഉദ്ദേശിച്ചുള്ളതാണ്. ഞങ്ങൾ നിശബ്ദരാക്കപ്പെടില്ല.” പ്രസ്താവനയിൽ പറയുന്നു.
തെറ്റ് തെളിയിക്കപ്പെട്ടാൽ മാത്രമെ നടപടി സ്വീകരിക്കാവൂ എന്ന് ഉപമുഖ്യമന്ത്രി സുരീന്ദർ സിംഗ് ചൗധരി പ്രതികരിച്ചു.
