[Photo Courtesy : BCCI/X]
റായ്പൂര്‍ : ദക്ഷിണാഫ്രിക്കയ്ക്കെതിരെ രണ്ടാം ഏകദിനത്തിലും സെഞ്ചുറി നേടി വിരാട് കോലി. ഹരം കൊള്ളിച്ച കളിയിൽ കട്ടക്ക് നിന്ന ഋതുരാജ് ഗെയ്ക്വാദും സെഞ്ചുറി തികച്ചു. അവസാന ഓവറിൽ വെടിക്കെട്ട് ബാറ്റിംഗുമായി ക്യാപ്റ്റൻ കെഎൽ രാഹുൽ കൂടി തിളങ്ങിയതോടെ ഇന്ത്യ നിശ്ചിത ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 358 റൺസ് സ്കോർ ചെയ്തു.
മൂന്നാം വിക്കറ്റിൽ 195 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തിയ കോലിയും ഗെയ്ക്വാദുമാണ് ഇന്ത്യൻ ഇന്നിങ്സിന് അടിത്തറ പാകിയത്. ഗെയ്ക്വാദ് 105 റൺസും കോലി 102 റൺസുമെടുത്ത് പുറത്തായി. ക്യാപ്റ്റൻ കെഎൽ രാഹുൽ 66 റൺസെടുത്ത് പുറത്താവാതെ നിന്നു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് 10 ഓവർ തികയ്ക്കുന്നതിന് മുൻപെ രോഹിത് ശര്‍മയേയും യശസ്വി ജയ്സ്വാളിനേയും നഷ്ടമായി (62/2). എട്ടു പന്തില്‍ നിന്ന് 14 റണ്‍സെടുത്താണ് രോഹിത് മടങ്ങിയത്. 38 പന്തിൽ നിന്ന് 22 റൺസായിരുന്നു ജയ്സ്വാളിൻ്റെ സമ്പാദ്യം. പിന്നീട് മൂന്നാം വിക്കറ്റില്‍ വിരാട് കോലിയും ഋതുരാജ് ഗെയ്ക്വാദും ചേർന്ന് ദക്ഷിണാഫ്രിക്കൻ ബൗളര്‍മാരെ സൂക്ഷ്മതയോടെ നേരിട്ടു. അതോടെ ഇന്ത്യൻ ഇന്നിങ്സിന് ജീവൻ വെച്ചു. പതുക്കെ രണ്ടു പേരും ബൗണ്ടറികളുമായി കളം നിറഞ്ഞതോടെ സ്കോർ ഉയർന്നു. ഇരുവരും അര്‍ദ്ധസെഞ്ചുറി തികച്ചതോടെ കളി അടുത്ത തലത്തിലേയ്ക്കുയർന്നു. പിന്നീട് കൃത്യമായ റണ്റേറ്റോടെയായിരുന്നു ഇന്ത്യയുടെ കുതിപ്പ്. 30-ാം ഓവറില്‍ സ്കോര്‍ 200 കടന്നു.
77 പന്ത് നേരിട്ട് ഗെയ്ക്വാദ് സെഞ്ചുറി (105) തികച്ചതിനെ പിന്നാലെ പുറത്തായി. പിന്നാലെ കോലിയും സെഞ്ചുറി നേടി. ഏകദിന ക്രിക്കറ്റിലെ 53-ാം സെഞ്ചുറി! 93 പന്തില്‍ നിന്നായിരുന്നു കോലി ശതകം തികച്ചത്. 102 റണ്‍സിൽ താരം മടങ്ങി. ഏഴുഫോറുകളും രണ്ട് സിക്സറുകളും അടങ്ങുന്നതായിരുന്നു ഇന്നിങ്സ്. തത്സമയം ഇന്ത്യൻ സ്കോർ 284-4 എന്ന നിലയിലായിരുന്നു.
അഞ്ചാമനായി ഇറങ്ങിയ ക്യാപ്റ്റൻ കെഎൽ രാഹുൽ കളി നിയന്ത്രിയ്ക്കുന്നതാണ് പിന്നീട് കണ്ടത്. കൂട്ടായി ഇറങ്ങിയ വാഷിങ്ടണ്‍ സുന്ദറിന് പ്രത്യേകിച്ച് ഒന്നും ചെയ്യാനായില്ല. ഒരു റൺ എടുത്ത് റണ്ണൗട്ടായി. എന്നാല്‍ രാഹുലിനൊപ്പം രവീന്ദ്ര ജഡേജ ചേര്‍ന്നതോടെ കളി വീണ്ടും ഉഷാറായി. സ്കോര്‍ 300 കടന്നു. ജഡേജയെ ഒരുവശത്തുനിര്‍ത്തി രാഹുല്‍ ദക്ഷിണേന്ത്യൻ ബൗളര്‍മാരെ ദയയില്ലാതെ പ്രഹരിച്ചു. 33 പന്തില്‍ അര്‍ദ്ധസെഞ്ചുറി കൂടി തികച്ചതോടെ രാഹുലിൻ്റെ ബാറ്റിന് ശൗര്യം കൂടി. അവസാന ഓവറുകളിൽ വെടിക്കെട്ട് ബാറ്റിംഗ് കൂടി പുറത്തെടുത്തതോടെ ഇന്ത്യ 358 റൺസ് എന്ന മികച്ച സ്കോർ തൊട്ടു. രാഹുൽ 43 പന്തിൽ നിന്ന് 66 റൺസെടുത്തും ജഡേജ 24 റൺസെടുത്തും പുറത്താവാതെ നിന്നു. ദക്ഷിണാഫ്രിക്കയ്ക്കായി മാർക്കോ യാൻസൻ രണ്ടുവിക്കറ്റെടുത്തു.
