മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകൻ എസ് ജയചന്ദ്രൻ നായര്‍ അന്തരിച്ചു

Date:

ബെംഗളൂരു /: മുതിർന്ന മാധ്യമപ്രവർത്തകനും  പത്രാധിപരുമായ എസ് ജയചന്ദ്രൻ നായർ അന്തരിച്ചു. 85 വയസ്സായിരുന്നു. ബെംഗളൂരുവിൽ മകളുടെ വസതിയിൽ ഇന്ന് വൈകിട്ടായിരുന്നു അന്ത്യം.  മലയാളത്തിൽ വാർത്താ വാരികകൾക്ക് വ്യക്തമായ മുഖം നൽകിയ പത്രാധിപരാണ് ജയചന്ദ്രൻ നായർ. തിരക്കഥാകൃത്ത്, എഴുത്തുകാരൻ, നിരൂപകൻ എന്നിങ്ങനെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം ദീർഘകാലം കലാകൗമുദി, സമകാലിക മലയാളം വാരികകളുടെ പത്രാധിപരായിരുന്നു.

ബാലകൃഷ്ണന്‍റെ കൗമുദിയിൽ 1957 ൽ പത്രപ്രവർത്തനം തുടങ്ങിയ ജയചന്ദ്രൻ നായർ തുടർന്ന് മലയാള ശബ്ദത്തിലും കേരളകൗമുദിയിലും പ്രവർത്തിച്ചു. അന്വേഷണാത്മക പത്രപ്രവർത്തനത്തിൽ മികവ് തെളിയിച്ചു. 1975 ല്‍ കലാകൗമുദി ആഴ്ചപ്പതിപ്പ് തുടങ്ങിയപ്പോള്‍ ആദ്യം സഹപത്രാധിപരും പിന്നീട് പത്രാധിപരുമായി. 1997ൽ ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് ഗ്രൂപ്പ് സമകാലിക മലയാളം വാരിക ആരംഭിച്ചപ്പോൾ അതിന്‍റെ പത്രാധിപരായി.

എം കൃഷ്ണൻ നായരുടെ പ്രശസ്ത പംക്തി സാഹിത്യ വാരഫലം മുടങ്ങാതെ പ്രസിദ്ധീകരിച്ചത് ജയചന്ദ്രൻ നായരുടെ വാരികകളിൽ ആയിരുന്നു. എം ടിയുടെ രണ്ടാമൂഴം കലാകൗമുദി പ്രസിദ്ധീകരിച്ചത് അദ്ദേഹം പത്രാധിപരായിരിക്കുമ്പോഴാണ്. കഥകൾക്കും നോവലുകൾക്കും മിഴിവേകാൻ നമ്പൂതിരിയുടെ വര മാധ്യമമാക്കിയ എഡിറ്ററും ജയചന്ദ്രൻ നായരാണ്. നിരവധി ദേശീയ, അന്താരാഷ്ട്ര പുരസ്‌കാരങ്ങൾ നേടിയ ഷാജി എൻ കരുണിന്‍റെ പിറവിയുടെ തിരക്കഥാകൃത്തും നിർമാതാവും ജയചന്ദ്രൻ നായരായിരുന്നു. ഷാജിക്ക് വേണ്ടി സ്വം എന്ന ചിത്രവും തിരക്കഥഎഴുതി നിർമ്മിച്ചിട്ടുണ്ട്. എന്റെ പ്രദക്ഷിണവഴികള്‍, റോസാദളങ്ങള്‍, പുഴകളും കടലും എന്നീ കൃതികളുടെ രചയിതാവാണ്. എന്റെ പ്രദക്ഷിണവഴികള്‍ സാഹിത്യ അക്കാദമി പുരസ്‌കാരം നേടി. പത്രപ്രവര്‍ത്തന മികവിന് കെ ബാലകൃഷ്ണന്‍ അവാര്‍ഡ്, കെ സി സബാസ്റ്റ്യന്‍ അവാര്‍ഡ്, എം വി പൈലി ജേണലിസം അവാര്‍ഡ്, കെ വിജയരാഘവന്‍  സ്മാരക പുരസ്‌കാരം, സി.എച്ച്. മുഹമ്മദ് കോയ ജേണലിസം അവാര്‍ഡ്  എന്നിവ നേടിയിട്ടുണ്ട്.
2

012 ൽ മലയാളം വാരികയുടെ പത്രാധിപത്യം ഒഴിഞ്ഞ ശേഷം ബംഗളൂരുവിൽ മകൾക്കും ഭാര്യക്കും ഒപ്പം വിശ്രമ ജീവിതം നയിക്കുകയായിരുന്നു. മികച്ച വായനക്കാരൻ കൂടിയായ ജയചന്ദ്രൻ നായർ വിശ്വ സാഹിത്യത്തിലെ പുതിയ രചനകളെ പരിചയപ്പെടുത്തുന്ന ലേഖനങ്ങൾ അടുത്ത കാലം വരെ എഴുതിയിരുന്നു. സരസ്വതി അമ്മയാണ് ഭാര്യ. ഇംഗ്ലണ്ടിൽ ഡോക്ടറായ ഡോ. ജയ്ദീപും സോഫ്റ്റ്‌വെയർ എൻജിനീയറായ ദീപയും മക്കളാണ്.

എസ് ജയചന്ദ്രൻ നായരുടെ വിയോഗത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു. സാഹിത്യത്തിനും  ചലച്ചിത്രത്തിനും സാഹിത്യ പത്രപ്രവർത്തനത്തിനും വിലപ്പെട്ട സംഭാവനകൾ നൽകിയ വ്യക്തിയാണ് എസ് ജയചന്ദ്രൻ നായർ. കേരളകൗമുദിയിലും കലാകൗമുദിയിലും സമകാലിക മലയാളത്തിലുമായി പടർന്നു നിന്നതാണ് അദ്ദേഹത്തിൻ്റെ  പതിറ്റാണ്ടുകൾ വ്യാപ്തിയുള്ള ജീവിതം. സാഹിത്യകൃതികളെ മുൻനിർത്തിയുള്ള ജയചന്ദ്രൻ നായരുടെ  പഠനങ്ങൾ ശ്രദ്ധേമായിരുന്നു. പിറവി എന്ന ചിത്രവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിൻ്റെ  സംഭാവന ദേശീയതലത്തിൽ തന്നെ ശ്രദ്ധേയമായി. ലിറ്റററി മാഗസിൻ രംഗത്ത് പല പുതുമകളും  ആവിഷ്കരിച്ച പത്രാധിപർ കൂടിയായിരുന്നു എസ് ജയചന്ദ്രൻ നായർ. പത്രലോകത്തിനും സാഹിത്യലോകത്തിനും വലിയ നഷ്ടമാണ് ജയചന്ദ്രൻനായരുടെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നതെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

പാലിയേക്കരയിലെ ടോൾ പിരിവ്: ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി

ന്യൂഡൽഹി : തൃശൂർ പാലിയേക്കരയിൽ ടോൾ പിരിക്കാൻ അനുവാദം നൽകിയ ഹൈക്കോടതി...

ചണ്ഡീഗഢിനെ ഭരണഘടനയുടെ ആർട്ടിക്കിൾ 240-ൽ ഉൾപ്പെടുത്താൻ നടപടി : പ്രതിഷേധം കനത്തപ്പോൾ അന്തിമ തീരുമാനമായില്ലെന്ന് കേന്ദ്ര സർക്കാർ

ന്യൂഡൽഹി : ചണ്ഡീഗഢിനെ ഭരണഘടനയുടെ ആർട്ടിക്കിൾ 240-ൽ ഉൾപ്പെടുത്തുന്നതിൽ അന്തിമ തീരുമാനം ആയില്ലെന്ന്...

ശരണപാതയിൽ വാഹനത്തിന് തകരാറോ അപകടമോ സംഭവിച്ചാൽ എംവിഡിയെ വിളിക്കാം ; 24 മണിക്കൂർ ഹെൽപ് ലൈൻ നമ്പർ

പത്തനംതിട്ട : ശബരിമല തീർത്ഥാടനവുമായി എത്തുന്ന ഭക്തർക്ക് യാത്രയ്ക്കിടെ ശരണപാതയിൽ അപകടമോ...