Thursday, January 15, 2026

അസൂയ വേണ്ട, കേരളം ഇങ്ങനെയാണ് ; സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത നേടി കേരളം

Date:

തിരുവനതപുരം: സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത നേടിയ ആദ്യ സംസ്ഥാനമായി കേരളം. 14 മുതൽ 65 വയസു വരെയുള്ളവർ സമ്പൂർണ ഡിജിറ്റർ സാക്ഷരരായി മറ്റൊരു കേരള മോഡൽ കൂടി. ദിവസേനയുള്ള ഡിജിറ്റൽ ഉപയോഗത്തിന് ആവശ്യമായ പ്രാഥമിക അറിവുകൾ പകർന്നു നൽകി സംസ്ഥാനത്തിന് ഈ നേട്ടം കൈവരിക്കുന്നതിനായി ഡിജി കേരളം പദ്ധതി കൈത്താങ്ങായി. ഇത്തരമൊരു പ്രഖ്യാപനത്തിനൊരുങ്ങുകയാണ് കേരളം.

രാഷ്ട്രപതി ദ്രൗപതി മുർമുവിനെ ഇതിനായി ക്ഷണിക്കും. രാഷ്ട്രപതിയുടെ തീയതി ലഭിക്കുന്ന മുറയ്ക്ക് മറ്റ് ഒരുക്കങ്ങൾ ആരംഭിക്കും. അതോടെ ഈ നേട്ടം സ്വന്തമാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമാകും കേരളം.
സംസ്ഥാന സർക്കാർ 2022ൽ ആരംഭിച്ച ഡിജി കേരളം പദ്ധതിയിലൂടെ 99.98 ശതമാനം പേർ ഡിജിറ്റർ സാക്ഷരത നേടിയതായാണ് കണക്ക്. ദേശീയ ഡിജിറ്റൽ സാക്ഷരത മിഷൻ നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങൾ പ്രകാരം 14 മുതൽ 60 വയസ്സ് വരെയുള്ളവരുടെ കണക്കുകളാണ് ഡിജിറ്റൽ സാക്ഷരത കണക്കാക്കുന്നതിന് സ്വീകരിക്കേണ്ടത്. എന്നാൽ കേരളം 65 വയസു വരെയുള്ളവരെ ഉൾപ്പെടുത്തി. ഇത് 90 ശതമാനത്തിന് മുകളിൽ എത്തിയാൽ സമ്പൂർണമായതായും കണക്കാക്കും. 

സംസ്ഥാനത്ത് ഡിജി കേരളം പദ്ധതിയിലൂടെ ഇത് വരെ 21,88,398 പേർക്ക് ഡിജിറ്റൽ സാക്ഷരത പരിശീലനം നൽകിയിട്ടുണ്ട്. 21,87,966 പഠിതാക്കൾ പരിശീലനം പൂർത്തിയാക്കി. അതിൽ 21,87,667 (99.98%) പഠിതാക്കൾ മൂല്യനിർണയത്തിൽ വിജയം നേടി. 83,45,879 കുടുംബങ്ങളിലായി 1,50,82,536 പേരെ സർവ്വേയിൽ ഉൾപ്പെടുത്തിയിരുന്നു. 14 വയസ്സിനും 65 വയസ്സിനും ഇടയിൽ പ്രായമുള്ള 16,62,784 പഠിതാക്കൾക്കും 90 വയസ്സിന് മുകളിൽ പ്രായമുള്ള 15,223 പഠിതാക്കൾക്കും പദ്ധതിയുടെ ഭാഗമായി പരിശീലനം ലഭ്യമാക്കി.

സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത കൈവരിച്ച രാജ്യത്തെ ആദ്യത്തെ ഗ്രാമപഞ്ചായത്തായി തിരുവനന്തപുരം ജില്ലയിലെ പുല്ലമ്പാറയെ മാറ്റിയ ‘ഡിജി പുല്ലമ്പാറ’ പദ്ധതിയുടെ വിജയമാണ് ഡിജി കേരളം പദ്ധതിയ്ക്ക് പ്രചോദനമായത്. 1034 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ 1005 സ്ഥാപനങ്ങളിലാണ് ‘ഡിജി കേരളം’ പദ്ധതിയുടെ പ്രവർത്തനങ്ങൾ നടപ്പിലാക്കിയത്. ഡിജി കേരളം പദ്ധതിയ്ക്ക് മുൻപ് തന്നെ 29 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വിവിധ പദ്ധതികളിലൂടെ ഡിജിറ്റൽ സാക്ഷരത കൈവരിച്ചിരുന്നു.

സംസ്ഥാനത്ത് വിവരശേഖരണം, പരിശീലനം, അവലോകനം എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായാണ് ഡിജി കേരളം നടപ്പിലാക്കിയത്. ആദ്യ ഘട്ടത്തിൽ അടിസ്ഥാനമായ ഡിജിറ്റൽ അറിവ് ഇല്ലാത്ത വ്യക്തികളെ കണ്ടെത്താൻ പ്രാദേശിക തലത്തിൽ സർവേ നടത്തി. രണ്ടാം ഘട്ടത്തിൽ, സാധാരണക്കാർക്കും മനസിലാകുന്ന തരത്തിലുള്ള പരിശീലന മൊഡ്യൂളുകളുടെ സഹായത്തോടെ സ്മാർട്ട്ഫോൺ ഉപയോഗം, ഇന്റർനെറ്റ് ബ്രൗസിംഗ്, ഓൺലൈൻ സർക്കാർ സേവനങ്ങളുടെ ഉപയോഗം എന്നിവയ്ക്കായുള്ള പരിശീലനം നൽകി. മൂന്നാം ഘട്ടത്തിൽ പരിശീലനം പൂർത്തിയാക്കിയ പഠിതാക്കളുടെ ഡിജിറ്റൽ സാക്ഷരത മൊബൈൽ ആപ്പ്, വെബ് പോർട്ടൽ എന്നിവയുടെ സഹായത്തോടെ വിലയിരുത്തി, സർക്കാർ പോർട്ടലുകളിലൂടെ സേവനങ്ങൾ സ്വീകരിക്കുക, ഡിജിറ്റൽ ഇടപാടുകൾ നടത്തുക തുടങ്ങിയവ ചെയ്യാൻ കഴിയുന്നവിധം പഠിതാക്കളെ പ്രാപ്തരാക്കി.

ഡിജിറ്റൽ സാക്ഷരതയില്ലാത്തവരെ കണ്ടെത്തുന്നതിനായി 2,57,000 വോളന്റിയർമാർ പദ്ധതിയുടെ ഭാഗമായി. കുടുംബശ്രീ, സാക്ഷരതാ മിഷൻ പ്രേരക്മാർ, എസ്.സി., എസ്.ടി. പ്രൊമോട്ടർമാർ, തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായുള്ളവർ, എൻ എസ് എസ്, എൻ സി സി, എൻ വൈ കെ എസ് സന്നദ്ധസേനാ പ്രവർത്തകർ, ലൈബ്രറി കൗൺസിൽ, ഐഇഇഇ, യുവജനക്ഷേമ ബോർഡ്, സന്നദ്ധ സംഘടനകൾ, വിദ്യാർത്ഥികൾ എന്നിവരിൽ ഉൾപ്പെട്ട ഡിജിറ്റൽ സാക്ഷരരായ വോളണ്ടിയർമാരെ ഉപയോഗിച്ചാണ് വിവരശേഖരണവും പരിശീലനവും മൂല്യനിർണ്ണയവും നടത്തിയത്. https://digikeralam.lsgkerala.gov.in വെബ് പോർട്ടലും ഡിജികേരളം ആൻഡ്രോയിഡ് ആപ്പും ഡിജി കേരളം പ്രവർത്തനങ്ങൾക്കായി ഉപയോഗപ്പെടുത്തി.
ഡിജി കേരളം പദ്ധതിയുടെ സുതാര്യത ഉറപ്പാക്കുന്നതിനായി ജില്ലാ തലത്തിൽ ജില്ലാ ജോയിന്റ് ഡയറക്ടറുടെ നേതൃത്വത്തിൽ പരിശോധന നടത്തി. പത്ത് ശതമാനത്തിൽ അധികം പഠിതാക്കൾ പരാജയപ്പെട്ട എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പഠിതാക്കൾക്ക് വീണ്ടും പരിശീലനം ഉറപ്പാക്കി മൂല്യനിർണയം നടപ്പാക്കിയാണ് പദ്ധതി പൂർണതയിലേക്ക് നീങ്ങുന്നത്. ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് മുഖേന പദ്ധതിയുടെ വിലയിരുത്തൽ പൂർത്തിയാക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

‘രാഹുൽ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കണം’ ; സ്പീക്കർക്ക് പരാതി നൽകി വാമനപുരം എംഎൽഎ DK മുരളി

തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കണമെന്ന ആവശ്യവുമായി സ്പീക്കർക്ക് പരാതി നൽകി...

ശബരിമല സ്വർണ്ണക്കവർച്ചാക്കേസ് : കെ പി ശങ്കരദാസും അറസ്റ്റിൽ

തിരുവനന്തപുരം : ശബരിമല സ്വർണ്ണക്കവർച്ചയിൽ മുൻ ദേവസ്വം ബോർഡ് അംഗം കെ...

ഇറാനിലെ ഇന്ത്യൻ പൗരന്മാരോട് രാജ്യം വിട്ടുപോകാൻ നിർദ്ദേശിച്ച് ഇന്ത്യ ; അഭ്യർത്ഥന പ്രക്ഷോഭം കടുക്കുന്ന സാഹചര്യത്തിൽ

ടെഹ്റാൻ : ഇറാനിൽ പ്രക്ഷോഭം കടുക്കുന്ന സാഹചര്യത്തിൽ  സുരക്ഷ മുൻനിർത്തി അവിടെയുള്ള ഇന്ത്യൻ...

‘ഷാഫി-രാഹുൽ കാലത്ത് അനഭിലഷണീയ പ്രവണതകൾ കടന്നുകൂടി’; യൂത്ത് കോൺഗ്രസ് ആലപ്പുഴ ജില്ലാ കമ്മിറ്റിയിൽ കടുത്ത വിമർശനം

ആലപ്പുഴ: ഷാഫി പറമ്പിലിന്‍റെയും രാഹുൽ മാങ്കൂട്ടത്തിലിന്‍റെയും കാലത്ത് യൂത്ത് കോൺഗ്രസിൽ അനഭിലഷണീയ...