ഒരു ഭാഗത്ത് യുഡിഎഫിനെതിരെ രൂക്ഷവിമർശനം, ആരോപണങ്ങൾ, മറുവശത്ത് അകത്ത് കയറാനുള്ള കൊടിയ ചർച്ച; അസ്ഥിരതയിലായ രാഷ്ട്രീയ ഭാവിക്കായി അൻവറിൻ്റെ പെടാപ്പാട്

Date:

മലപ്പുറം : നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് യുഡിഎഫിനും എൽഡിഎഫിനും അഭിമാന പോരാട്ടമാകുമ്പോൾ, തെരഞ്ഞെടുപ്പിന് വഴിയൊരുക്കി രാജിവെച്ച മുൻ എംഎൽഎ പി വി അൻവറിന് ഇത് സ്വന്തം രാഷ്ട്രീയഭാവിയുടെ കൂടി പോരാട്ടമാണ്. ഇടത്പക്ഷ സ്വതന്ത്രനായി രണ്ടുതവണ മത്സരിച്ച് ജയിച്ച അൻവർ, ഇടത് പക്ഷത്തോട് തെറ്റിപ്പിരിഞ്ഞ് പോന്നപ്പോൾ പിന്നീട് അവർക്കില്ലാത്ത കുറ്റങ്ങളില്ലെന്നായി. യുഡിഎഫും കോൺഗ്രസും അത് ശരിക്കും ആസ്വദിച്ചു. യുഡിഎഫിലേക്കുള്ള വഴി തുറക്കുമെന്ന് അൻവറും പ്രതീക്ഷവെച്ചു. ശക്തി തെളിയിക്കാനും നേതാവായിരിക്കാനും സ്വന്തമായി ഒരു പാർട്ടി തന്നെ ഉണ്ടാക്കി. അതിന് ആയുസ്സ് കുറവായിരുന്നു. തമിഴ്നാട് ഡിഎംകെയുമായി കൈക്കോർക്കാനുള്ള ഒരു ശ്രമവും നടന്നു. വിജയകരമായിരുന്നില്ല കാര്യങ്ങൾ. ശക്തി പ്രകടനങ്ങൾക്കൊന്നും വേണ്ടത്ര ശോഭ ലഭിച്ചില്ല. ഒടുവിൽ തൃണമൂൽ കോൺഗ്രസിൽ അഭയം. എല്ലാം യുഡിഎഫിലേക്കെത്താനുള്ള വഴികൾ. ഉപതെരഞ്ഞെടുപ്പ് വന്നാൽ കാര്യങ്ങൾ ഒന്നുകൂടി എളുപ്പമാകുമെന്ന് കരുതിയിടത്തും തെറ്റി.

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതിലും തൃണമൂല്‍ കോണ്‍ഗ്രസിനെ മുന്നണിയിലെടുക്കാത്തതിലും നിരാശ പൂണ്ട്
ആദ്യം സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിനെതിരെ ആരോപണം പിന്നെ യുഡിഎഫിനെതിരെ രൂക്ഷവിമർശനനം. ഷൗക്കത്ത് ഇടത് പക്ഷവുമായി കൈകോർക്കാൻ ചർച്ച നടത്തിയെന്നും നിലമ്പൂരിൽ ചെയ്യിക്കില്ലെന്നുമായിരുന്നു യുഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ അൻവറിൻ്റെ ആരോപണം
“എന്നെ വസ്ത്രാക്ഷേപം നടത്തി തെരുവിലേക്ക് ദയാവധത്തിന് വിട്ടുകൊടുത്തു, മുഖത്ത് ചെളിവാരി എറിഞ്ഞു” യുഡിഎഫ് നേതൃത്വത്തിനെതിരെ വാര്‍ത്താസമ്മേളനത്തിലെ അൻവറിൻ്റെ വാക്കുകൾ.
“യുഡിഎഫിൽനിന്ന് നീതി ലഭിച്ചില്ലെങ്കിൽ നിലമ്പൂരിൽ തനിച്ച് മത്സരിക്കും, പ്രചാരണത്തിനായി ബംഗാൾ മുഖ്യമന്ത്രി മമത ബാനര്‍ജിയെ എത്തിക്കും” പിവി അൻവര്‍ അന്ന് പറഞ്ഞു വെച്ചു.

യുഡിഎഫ് പ്രവേശനത്തിനായി എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലുമായി ചര്‍ച്ച നടത്തുമെന്നും പിവി അൻവർ പറഞ്ഞു. 
“ഇനി ആരുടെയും കാലുപിടിക്കാനില്ല. കാലുപിടിക്കാൻ ശ്രമിക്കുമ്പോള്‍ മുഖത്ത് ചവിട്ടരുത്. കത്രിക പൂട്ട് ഇട്ട് തന്നെ പൂട്ടുകയാണ്. കെസി വേണുഗോപാലിലാണ് ഇനി പ്രതീക്ഷ. കെസി വേണുഗോപാലുമായി സംസാരിക്കും. തൃണമൂലിനെ ഘടകക്ഷിയാക്കാൻ എന്താണ് പ്രശ്ശം. തന്‍റെ പാര്‍ട്ടിയെ ഉള്‍പ്പെടുത്താതിരിക്കാൻ എന്ത് ന്യായമാണുള്ളത്. തൃണമൂലിനെ ഘടകക്ഷിയാക്കിയാൽ തൃണമൂല്‍ നേതാക്കള്‍ പ്രചരണത്തിനെത്തും. തന്നോട് നാമനിര്‍ദേശ പത്രിക നൽകാൻ പാര്‍ട്ടി നേതൃത്വം പറഞ്ഞിട്ടുണ്ട്. കെ സുധാകരനും ചെന്നിത്തലയും ബന്ധപ്പെടുന്നുണ്ട്. കെ മുരളീധരനടക്കം ബന്ധപ്പെടുന്നുണ്ട്. തന്നെ അസോസിയേറ്റഡ് അംഗം ആക്കിയാലും മതി. അത് പ്രഖ്യാപിക്കണം” പിവി അൻവര്‍ പറഞ്ഞു.

താൻ ചെയ്ത കുറ്റം എന്താണ്?, ഈ സര്‍ക്കാരിനെ താഴെയിറക്കാൻ ആരുടെ കാലാണ് പിടിക്കേണ്ടതെന്നും പിവി അൻവര്‍ ചോദിച്ചു. തനിക്ക് എന്ത് സംരക്ഷണം ആണ് ഉള്ളതെന്നും സര്‍ക്കാര്‍ തന്‍റെ ഗൺമാനെയും തനിക്കുള്ള സുരക്ഷയും പിന്‍വലിച്ചെന്നും ബിസിനസ് തകര്‍ത്തെന്നും അൻവർ പറഞ്ഞു. യുഡിഎഫിൽ എത്തുന്ന കാര്യത്തിൽ വിട്ടുവീഴ്ചക്കില്ലെന്നും അവസാന വഴിയെന്ന നിലയില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ സമീപിക്കുമെന്നുമാണ് പിവി അൻവര്‍ വ്യക്തമാക്കിയിരുന്നത്.

ഒന്നും നടപ്പായിലെന്നു മാത്രമല്ല,  വിഡി സതീശൻ നയിക്കുന്ന യുഡിഎഫിലേക്കില്ലെന്നും പണമില്ലാത്തതിനാൽ മത്സരിക്കുന്നില്ലെന്നുമാണ് ഏറ്റവും ഒടുവിൽ അൻവറിൻ്റെ ഭാഷ്യം.

യുഡിഎഫ് പ്രവേശനം നല്‍കാത്തതില്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരെ  രൂക്ഷ വിമര്‍ശനങ്ങളാണ് അൻവർ ഉന്നയിക്കുന്നത്. അന്‍വര്‍ ഇല്ലാതെ യുഡിഎഫ് ജയിക്കില്ലെന്നുവരെ പറഞ്ഞു വെച്ചു.

“അധികപ്രസംഗിയായി തന്നെ തുടരും. യുഡിഎഫിന് അകത്ത് വന്നാലും അന്‍വര്‍ ജനങ്ങള്‍ക്ക് വേണ്ടി സംസാരിക്കും. ചില ആളുകള്‍ക്ക് പല ഏര്‍പ്പാടും ഉണ്ടാകും. അവര്‍ക്ക് എന്നെ അവസാനിപ്പിക്കണം” അന്‍വര്‍ കൂട്ടിച്ചേർത്തു.

എന്നാൽ, യുഡിഎഫിൽ എടുക്കാത്തതിന് താൻ ചെയ്ത കുറ്റം എന്താണെന്ന അൻവറിൻ്റെ ചോദ്യത്തിന് പേരു പറയാൻ മടിച്ച മണ്ഡലത്തിലെ കോൺഗ്രസ് അണികൾ അടക്കം പറയുന്നതിങ്ങനെ – മുൻപ് പിന്നിൽ നിന്ന് കുത്തിയ കാര്യം ഇത്ര വേഗം ഓൻ മറന്നോ?

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

പതിനാറുകാരനെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസ് : 14 പ്രതികളിൽ 10 പേർ അറസ്റ്റിൽ

കാസർഗോഡ് : പതിനാറുകാരനെ ലൈം​ഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ കാസർഗോഡ് ഒരാൾ കൂടി...

മെഡിക്കൽ കോളേജുകളടക്കമുള്ള ആശുപത്രികളിലെ ഉപകരണ ക്ഷാമം; കുടിശ്ശിക തീര്‍ക്കാൻ 100 കോടി

തിരുവനന്തപുരം : ആശുപത്രികളിലെ ഉപകരണ ക്ഷാമം പരിഹരിക്കാൻ താത്ക്കാലിക ഇടപെടൽ നടത്തി...

കർണാടകയിൽ സൈനിക യൂണിഫോമിലെത്തി ബാങ്ക് കവർച്ച ; SBI ശാഖയിൽ നിന്ന് കവർന്നത് 8 കോടിയും 50 പവനും

ബെംഗളൂരു : കര്‍ണാടകയിൽ വിജയപുര ജില്ലയിലെ എസ്ബിഐ ശാഖയിൽ വൻ കവര്‍ച്ച....