കല്പറ്റ: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതരുടെ പുനരധിവാസത്തിനായി ഒരുക്കുന്ന കല്പറ്റ എൽസ്റ്റൺ എസ്റ്റേറ്റ് ടൗൺഷിപ്പിലെ മാതൃകാവീടിന്റെ നിർമ്മാണം അന്തിമഘട്ടത്തിൽ. ചുമരിന്റെ തേപ്പ്, വയറിങ്, പ്ലമ്പിങ്, പെയിൻ്റിംഗ് പ്രവൃത്തികളാണ് ഇനി നടക്കേണ്ടത്.
മാതൃകാവീടിനൊപ്പം തന്നെ മറ്റു വീടുകളുടെ പ്രവൃത്തിയും പുരോഗമിക്കുന്നു. മാതൃകാവീടുൾപ്പെടുന്ന ടൗൺഷിപ്പിന്റെ ഒന്നാം സോണിൽ ആകെ 140 വീടുകളാണ് നിർമ്മിക്കുന്നത്. ഇതിൽ 140 വീടുകൾക്കുള്ള സ്ഥലവും ഒരുക്കിക്കഴിഞ്ഞു. 100 വീടുകളുടെ സ്ഥലത്തിന്റെ അതിർത്തി അടയാളപ്പെടുത്തി. 51 വീടുകളുടെ ഫൗണ്ടേഷൻ കുഴിയെടുക്കൽ പൂർത്തിയായി. 42 എണ്ണത്തിന്റെ പിസിസി വർക്കും കഴിഞ്ഞു. 23 വീടുകളുടെ ഫൗണ്ടേഷൻ കോൺക്രീറ്റും കഴിഞ്ഞു. രണ്ട്, മൂന്ന് സോണുകളിൽ വീടുകൾക്കായുള്ള സ്ഥലമൊരുക്കൽ പുരോഗമിക്കുകയാണ്. രണ്ടാമത്തെ സോണിലെ പ്രവൃത്തി അന്തിമഘട്ടത്തിലാണ്.
അഞ്ചുസോണുകളിലായിട്ട് 410 വീടുകളാണ് ടൗൺഷിപ്പിൽ ഒരുങ്ങുന്നത്. 410 വീടുകളിലായി 1662-ഓളം ആളുകൾക്കാണ് ടൗൺഷിപ്പ് തണലാവുക. ഏപ്രിൽ 16-നാണ് ടൗൺഷിപ്പ് നിർമ്മാണം തുടങ്ങിയത്. ഏഴുസെന്റിൽ 1000 ചതുരശ്രയടിയിലാണ് വീടുകൾ ഒരുങ്ങുന്നത്. രണ്ടുകിടപ്പുമുറികൾ, അടുക്കള, ലിവിങ് റൂം, ഡൈനിങ് റൂം, സ്റ്റഡി ഏരിയ, വർക്ക് ഏരിയ എന്നിങ്ങനെയാണ് വീടുകളുടെ ഘടന. രണ്ടു കിടപ്പുമുറികളിൽ ഒന്നിൽ അറ്റാച്ച്ഡ് ബാത്ത്റൂമും മറ്റൊന്നിന് പൊതുശൗചാലയവുമായിരിക്കും.
ഗോവണി വീടിന് പുറംഭാഗത്താണ് നിർമ്മിക്കുന്നത്. താമസക്കാർക്ക് ഭാവിയിൽ രണ്ടാംനില നിർമ്മിക്കാനും വാടകയ്ക്ക് നൽകാനുമൊക്കെയുള്ള സൗകര്യം കണക്കിലെടുത്താണ് ഗോവണി വീടിനുപുറത്ത് ഒരുക്കുന്നത്. പ്രകൃതിദുരന്തങ്ങളെ പ്രതിരോധിക്കും വിധമാണ് വീടുകൾ രൂപകല്പനചെയ്തിരിക്കുന്നത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കാണ് നിർമ്മാണച്ചുമതല. നിർമ്മാണപ്രവൃത്തിയുടെ ഭാഗമായി ലേബർ ഷെഡും ഓഫീസ് പ്രവർത്തനവും തുടങ്ങി. ഫാക്ടറി പ്രവർത്തിച്ചിരുന്ന സ്ഥലത്താണ് ലേബർ ഷെഡും ഓഫീസ് സൗകര്യങ്ങളും സജ്ജമാക്കിയിരിക്കുന്നത്.