Monday, January 12, 2026

ബിജെപി നേതാവ് സി സദാനന്ദൻ ഉൾപ്പെടെ 4 പേരെ രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്ത് രാഷ്ട്രപതി

Date:

ന്യൂഡൽഹി : കേരളത്തില്‍ നിന്നുള്ള ബിജെപി നേതാവ് സി. സദാനന്ദന്‍ ഉൾപ്പെടെ നാലുപേരെ രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്ത് രാഷ്ട്രപതി ദ്രൗപദി മുര്‍മു.  രാജ്യസഭയിലെ നോമിനേറ്റഡ് സീറ്റുകളിലുണ്ടായ ഒഴിവിനെ തുടര്‍ന്നാണ് പുതിയ ശുപാർശകൾ. കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂര്‍ സ്വദേശിയായ സദാനന്ദൻ
നിലവില്‍ സംസ്ഥാന ബിജെപി വൈസ് പ്രസിഡന്റാണ്

കൂത്തുപറമ്പ് രാഷ്ട്രീയ മേഖലയാക്കിയ സദാനന്ദൻ 1994 ജനുവരി 25-നുണ്ടായ ആര്‍എസ്എസ്-സിപിഎം സംഘര്‍ഷത്തിൽ ഇരുകാലുകളും നഷ്ടപ്പെട്ട് വീല്‍ചെയറിലും കൃത്തിമക്കാലുമായാണ് രാഷ്ട്രീയ പ്രവര്‍ത്തനം തുടരരുന്നത്. 2016-ലും 2021-ലും നിയമസഭാ തെരഞ്ഞെടുപ്പില്‍ കൂത്തുപറമ്പിൽ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2016-ല്‍ സദാനന്ദന്റെ നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും എത്തിയിരുന്നു.

പ്രശസ്ത അഭിഭാഷകൻ ഉജ്ജ്വൽ നികം, പരിചയസമ്പന്നനായ നയതന്ത്രജ്ഞൻ ഹർഷ് വർദ്ധൻ ശൃംഗ്ല, ചരിത്രകാരി ഡോ. മീനാക്ഷി ജെയിൻ എന്നിവരാണ് രാഷ്ട്രപതി രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്ത മറ്റുള്ളവർ. 2025 ജൂലൈ 12 ശനിയാഴ്ച പുറത്തിറക്കിയ ഔദ്യോഗിക ഗസറ്റ് വിജ്ഞാപനത്തിൽ, മുമ്പ് നാമനിർദ്ദേശം ചെയ്യപ്പെട്ട അംഗങ്ങളുടെ വിരമിക്കൽ മൂലമുണ്ടായ ഒഴിവുകൾ നികത്തുന്നതിനാണ് നാമനിർദ്ദേശങ്ങൾ നടത്തിയതെന്ന് പറയുന്നു. സാഹിത്യം, ശാസ്ത്രം, കല, സാമൂഹിക സേവനം എന്നിവയിൽ പ്രത്യേക അറിവോ പ്രായോഗിക പരിചയമോ ഉള്ള അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാൻ അധികാരപ്പെടുത്തുന്ന ഭരണഘടനയുടെ ആർട്ടിക്കിൾ 80(1)(a) പ്രകാരമുള്ള അധികാരങ്ങൾ വിനിയോഗിച്ചാണ്  രാഷ്ട്രപതി പുതിയ അംഗങ്ങളെ ശുപാർശ ചെയ്തത്.

സി സദാനന്ദൻ്റെ രാജ്യസഭാ പ്രവേശനത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. “ശ്രീ സി. സദാനന്ദൻ മാസ്റ്ററുടെ ജീവിതം അനീതിക്ക് മുന്നിൽ തലകുനിക്കാതിരിക്കാനുള്ള ധൈര്യത്തിന്റെയും പ്രതിരൂപമാണ്. അക്രമത്തിനും ഭീഷണിക്കും ദേശീയ വികസനത്തിനായുള്ള അദ്ദേഹത്തിന്റെ ആവേശത്തെ തടയാൻ കഴിഞ്ഞില്ല. അധ്യാപകൻ, സാമൂഹിക പ്രവർത്തകൻ എന്നീ നിലകളിലും അദ്ദേഹത്തിന്റെ ശ്രമങ്ങൾ പ്രശംസനീയമാണ്. യുവജന ശാക്തീകരണത്തിൽ അദ്ദേഹം അതിയായി അഭിനിവേശമുള്ളയാളാണ്. രാഷ്ട്രപതി ജി അദ്ദേഹത്തെ രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്തതിന് അഭിനന്ദനങ്ങൾ. എംപി എന്ന നിലയിൽ അദ്ദേഹത്തിൻ്റ പ്രവർത്തനങ്ങൾക്ക് ആശംസകൾ.” പ്രധാനമന്ത്രി എക്സിൽ കുറിച്ചു.

ഇന്ത്യയിലെ പ്രമുഖ പബ്ലിക് പ്രോസിക്യൂട്ടർമാരിൽ ഒരാളാണ് നോമിനിയിൽ ഉൾപ്പെട്ട ഉജ്ജ്വൽ നികം.  26/11 മുംബൈ ഭീകരാക്രമണ വിചാരണയിലും മറ്റ് ഉയർന്ന ക്രിമിനൽ കേസുകളിലും സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി പ്രവർത്തിച്ചിരുന്നു.  2024 ലെ പൊതുതെരഞ്ഞെടുപ്പിൽ നികമിനെ മുംബൈ നോർത്ത് സെൻട്രൽ ലോക്‌സഭാ മണ്ഡലത്തിൽ നിന്ന് ബിജെപി മത്സരിപ്പിച്ചിരുന്നെങ്കിലും തോറ്റു.

മുൻ വിദേശകാര്യ സെക്രട്ടറിയായ ഹർഷ് വർദ്ധൻ ശൃംഗ്ല, അമേരിക്ക, ബംഗ്ലാദേശ്, തായ്‌ലൻഡ് എന്നിവിടങ്ങളിലെ അംബാസഡർ ഉൾപ്പെടെയുള്ള പ്രധാന നയതന്ത്ര പദവികൾ വഹിച്ചിട്ടുണ്ട്. 2023-ൽ ഇന്ത്യയുടെ ജി20 പ്രസിഡൻസിയുടെ ചീഫ് കോർഡിനേറ്ററായും സേവനമനുഷ്ഠിച്ചു. പട്ടികയിൽ ഇടം നേടിയ ഡോ. മീനാക്ഷി ജെയിൻ ഡൽഹി സർവ്വകലാശാലയുടെ ഗാർഗി കോളേജിലെ മുൻ ചരിത്ര അസോസിയേറ്റ് പ്രൊഫസറാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

‘എറണാകുളം ജില്ല വിഭജിക്കണം; മൂവാറ്റുപുഴ കേന്ദ്രമായി പുതിയ ജില്ല വേണം’ – കേരള മുസ്ലിം ജമാഅത്ത്

കൊച്ചി : ജനസംഖ്യാപരമായ മാറ്റങ്ങളും സാമൂഹികാവസ്ഥയും പരിഗണിച്ച് എറണാകുളം ജില്ല വിഭജിക്കണമെന്ന്...