ചെന്നൈ: എട്ട് വന്ദേഭാരത് ടെയിനുകളില്‍ തത്സമയ ബുക്കിങ് ആരംഭിച്ച് ദക്ഷിണ റെയില്‍വെ. കേരളത്തിൽ ആലപ്പുഴ വഴിയുള്ള മംഗളൂരു-തിരുവനന്തപുരം-മംഗളൂരു (20631/20632) തീവണ്ടിയില്‍ മാത്രമാണ് ഇപ്പോൾ ഈ സൗകര്യം ലഭ്യമാകുന്നത്. ഇനിമുതല്‍ ഈ വന്ദേഭാരത് കടന്നുപോകുന്ന സ്റ്റേഷനുകളിലെ റിസര്‍വ്വേഷന്‍ കൗണ്ടറുകളില്‍ നിന്നോ ഓണ്‍ലൈന്‍ വഴിയോ 15 മിനിറ്റ് മുന്‍പുവരെ ടിക്കറ്റ് ബുക്ക് ചെയ്യാം.
കോട്ടയം വഴിയുള്ള വന്ദേഭാരതില്‍ ഒരാഴ്ചയ്ക്കുള്ളില്‍ തത്സമയ റിസര്‍വ്വേഷന്‍ ആരംഭിക്കുമെന്ന് റെയില്‍വെ കൊമേഴ്സ്യല്‍ വിഭാഗം അറിയിച്ചിട്ടുണ്ട്. റിസര്‍വ്വേഷന്‍ സംവിധാനത്തിൽ മാറ്റം വരുത്തുന്നതിനു കൂടുതല്‍ സമയം വേണ്ടിവരുന്നതിനാലാണ് ദക്ഷിണ റെയില്‍വേയിലെ എല്ലാ തീവണ്ടികളിലും ഒരേ ദിവസം തന്നെ തത്സമയ റിസര്‍വ്വേഷന്‍ ആരംഭിക്കാന്‍ കഴിയാതിരുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി.