തിരുവനന്തപുരം : മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദൻ്റെ മൃതദേഹം തിരുവനന്തപുരത്തെ മകൻ്റെ വീട്ടിലെത്തിച്ചു. വിശ്രമജീവിതം തുടങ്ങിയത് മുതൽ വിഎസ് ഇവിടെയാണ് ചിലവഴിച്ചിരുന്നത്. നേരത്തെ എകെജി സെൻ്ററിൽ പൊതുദർശനത്തിന് വെച്ചപ്പോൾ രാത്രി വൈകിയും പ്രിയ സഖാവിനെ ഒരു നോക്ക് കാണാനുള്ള നീണ്ട വരിയിൽ മുഷ്ടിചുരുട്ടി മുദ്രാവാക്യം വിളികളുമായി കാത്തിരിപ്പിലായിരുന്നു പ്രവർത്തകർ. എന്നാൽ 11. 30 ന് പൊതുദർശനം അവസാനിപ്പിച്ചതായി നേതാക്കൾ അറിയിച്ചു. എകെജി പഠന കേന്ദ്രത്തിൽ പ്രിയ വിഎസിന് വിട നൽകാൻ ആയിരങ്ങളാണ് എത്തിച്ചേർന്നത്. നേരത്തെ നിശ്ചയിച്ച സമയത്തിൽ നിന്നും ഏറെ വൈകിയാണ് മകൻ്റെ വീട്ടിലേക്ക് വിഎസിനെ എത്തിക്കാനായത്.
എകെജി സെൻ്റർ മുതൽ വേലിക്കകത്ത് വീടു വരെ പ്രവർത്തകർ ആംബുലൻസിനെ അനുഗമിച്ച് അന്ത്യാഭിവാദ്യമർപ്പിച്ചു. പാർട്ടി കേന്ദ്ര കമ്മറ്റിക്ക് വേണ്ടി സിപിഎം സെക്രട്ടറി എം എ ബേബി റീത്ത് സമർപ്പിച്ചു. സംസ്ഥാന കമ്മറ്റിക്ക് വേണ്ടി എം വി ഗോവിന്ദനും മുഖ്യമന്ത്രി പിണറായി വിജയനും വ്യവസായ മന്ത്രി പി രാജീവും എകെജി പഠന ഗവേഷണ കേന്ദ്രത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചു.
ചൊവ്വാഴ്ച രാവിലെ 9 മണി മുതൽ തിരുവനന്തപുരം ദർബാർ ഹാളിൽ പൊതുദർശനം ഉണ്ടാകും. ഉച്ചയ്ക്ക് ആലപ്പുഴയിലേക്ക് കൊണ്ടുപോകും. രാത്രിയോടെ ആലപ്പുഴയിലെ വീട്ടിൽ എത്തിക്കുന്ന മൃതദേഹം ബുധനാഴ്ച രാവിലെ പാർട്ടി ജില്ലാ കമ്മിറ്റി ഓഫീസിലേക്കെത്തിച്ച് പൊതുദർശനത്തിന് അനുവദിക്കും. ബുധനാഴ്ച ഉച്ചയോടെ ആലപ്പുഴ വലിയ ചുടുകാടിൽ സംസ്ക്കാരം. ആംബുലൻസ് കടന്നുപോകുന്ന വഴികളിൽ ജനങ്ങൾക്ക് ആദരാജ്ഞലികൾ അർപ്പിക്കാനുള്ള അവസരം ഉണ്ടാകുമെന്ന് എം വി ഗോവിന്ദൻ പറഞ്ഞു