ന്യൂഡൽഹി : അശ്ലീലവും ലൈംഗികതയും പ്രകടമാക്കുന്ന പ്രോഗ്രാമുകൾ സ്ട്രീമിംഗ് നടത്തുന്ന ഒടിടി പ്ലാറ്റ്ഫോമുകൾക്ക് നിരോധനം ഏർപ്പെടുത്തി കേന്ദ്രസർക്കാർ. ഉല്ലു, ALTT, Desiflix, Big Shots, തുടങ്ങിയ സ്ട്രീമിംഗ് ആപ്ലിക്കേഷനുകളാണ് നിരോധിച്ചത്
രാജ്യത്തെ ഐടി നിയമങ്ങളും നിലവിലുള്ള അശ്ലീല നിയമങ്ങളും ലംഘിക്കുന്ന ‘സോഫ്റ്റ് പോൺ’ ഇത്തരം പ്ലാറ്റ്‌ഫോമുകൾ ഹോസ്റ്റ് ചെയ്യുകയും വിതരണം ചെയ്യുകയും ചെയ്യുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
‘ലൈംഗിക വെബ് സീരീസ് ‘ എന്ന വ്യാജേന മുതിർന്നവർക്കുള്ള പരിപാടികൾ മതിയായ മോഡറേഷൻ ഇല്ലാതെ പ്രചരിപ്പിക്കുന്നതായാണ് ആരോപണം. ഇത്തരം പരാതികളും റിപ്പോർട്ടുകളും പരിഗണിച്ചാണ് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം (MeitY) നടപടി സ്വീകരിച്ചത്.
അശ്ലീല ഉള്ളടക്കം പ്രസിദ്ധീകരിച്ചതിൻ്റെ പേരിൽ മാർച്ചിലും 19 വെബ്‌സൈറ്റുകൾ, 10 ആപ്പുകൾ, 18 ഒടിടി പ്ലാറ്റ്‌ഫോമുകളിലെ 57 സോഷ്യൽ മീഡിയ ഹാൻഡിലുകളും മന്ത്രാലയം നിരോധിച്ചിരുന്നു.
ഈ ഒടിടി പ്ലാറ്റ്‌ഫോമുകളിൽ ഡ്രീംസ് ഫിലിംസ്, നിയോൺ എക്സ് വിഐപി, മൂഡ് എക്സ്, ബെഷറാംസ്, വൂവി, മോജ്ഫ്ലിക്സ്, യെസ്മ, ഹണ്ടേഴ്സ്, ഹോട്ട് ഷോട്ട്സ് വിഐപി, ഫുഗി, അൺകട്ട് അഡ്ഡ, റാബിറ്റ്, ട്രൈ ഫ്ലിക്സ്, എക്സ്ട്രാമൂഡ്, ചിക്കൂഫ്ലിക്സ്, എക്സ് പ്രൈം, ന്യൂഫ്ലിക്സ്, പ്രൈം പ്ലേ എന്നിവ ഉൾപ്പെടുന്നു. ‘സർഗ്ഗാത്മകമായ ആവിഷ്കാര’ത്തിന്റെ മറവിൽ അശ്ലീലം, അസഭ്യം എന്നിവ പ്രചരിപ്പിക്കരുതെന്ന് പ്ലാറ്റ്‌ഫോമുകളുടെ ഉത്തരവാദിത്തത്തെ ഓർമ്മപ്പെടുത്തി കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് സിംഗ് താക്കൂർ ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു.