കൊച്ചി : ലക്ഷദ്വീപിലെ ബിത്ര ദ്വീപ് ഏറ്റെടുക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ ദ്വീസ് നിവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. പരമ്പരാഗതമായി താമസിക്കുന്ന ദ്വീപില്‍ നിന്ന് ഒഴിയാന്‍ തയ്യാറല്ല എന്ന നിലപാടിലാണ് 50ഓളം കുടുംബങ്ങള്‍. പ്രതിരോധാവശ്യങ്ങള്‍ക്ക് ദ്വീപ് ഏറ്റെടുക്കേണ്ടത് അനിവാര്യമാണെന്ന കടുത്ത നിലപാടിലാണ് കേന്ദ്ര സര്‍ക്കാര്‍.
ബിത്ര ദ്വീപില്‍ സാമൂഹികാഘാത പഠനം നടത്താന്‍ ഈ മാസം 11ന് വിജ്ഞാപനം വന്നതോടെയാണ് പ്രതിഷേധം ശക്തമായത്. സൈനിക ആവശ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ദ്വീപ് ഏറ്റെടുക്കുന്നത് എന്നാണ് വിജ്ഞാപനത്തില്‍ പറയുന്നത്. ഗ്രാമസഭയുടെയോ സ്ഥലം ഉടമയുടെയോ അനുവാദം ഇതിനാവശ്യമില്ലെന്നും ഈ ഉത്തരവില്‍ പറയുന്നു. കൂടിയാലോചനകള്‍ ഇല്ലാതെയുള്ള തീരുമാനത്തിനെതിരെ കനത്ത പ്രതിഷേധമാണ് ഉയരുന്നത്.
91.7 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള ബിത്ര ദ്വീപില്‍ 300ഓളം പേര്‍ സ്ഥിരതാമസക്കാരുണ്ട്. മത്സ്യബന്ധനം ഉപജീവനമാര്‍ഗ്ഗമാക്കിയ ഇവർക്ക് ബിത്ര ദ്വീപില്‍ നിന്ന് മാറേണ്ടിവന്നാല്‍ ജീവിതം വഴിമുട്ടുമെന്ന് ദ്വീപ് നിവാസികള്‍ പറയുന്നു. അന്താരാഷ്ട്ര കപ്പല്‍ ചാലിനോട് ഏറ്റവും അടുത്തുള്ള ദ്വീപ് നാവിക സേന നിരീക്ഷണത്തിന് അനുയോജ്യമാണെന്ന കണ്ടെത്തലാണ് പ്രതിരോധ നീക്കങ്ങള്‍ക്കായി ബിത്രാ ദ്വീപ് ഏറ്റെടുക്കാൻ കേന്ദ്ര സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നത്.