(Photo courtesy : X)
ദഹ്റാഡൂണ്‍: ഉത്തരാഖണ്ഡിലെ മാനസദേവീക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും ആറുപേര്‍ മരിച്ചു. നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പ്രധാനക്ഷേത്രത്തിലേക്കുള്ള റോഡിലെ പടിക്കെട്ടിലാണ് ദാരുണ സംഭവം. പരിക്കേറ്റ മുപ്പത്തഞ്ചോളംപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച ആയതിനാൽ വലിയ ജനക്കൂട്ടം ഉണ്ടായിരുന്നു.
ക്ഷേത്രത്തില്‍ വലിയ ജനക്കൂട്ടം എത്തിച്ചേര്‍ന്നതിന് പിന്നാലെയാണ് തിക്കുംതിരക്കുമുണ്ടായതെന്ന് ഗഢ്‌വാള്‍ ഡിവിഷന്‍ കമ്മിഷണര്‍ വിനയ് ശങ്കര്‍ പാണ്ഡേ പറഞ്ഞു. ഉത്തരാഖണ്ഡ് സംസ്ഥാന ദുരന്ത പ്രതികരണ സേനയും പ്രദേശത്തെ പോലീസ് ഉദ്യോഗസ്ഥരും രക്ഷാപ്രവര്‍ത്തനത്തിലാണ്. അപ്പോഴും തിക്കും തിരക്കുമുണ്ടാകാന്‍ കാരണമെന്താണെന്ന് വ്യക്തതയില്ല. ഇതേക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും ധനസഹായം പ്രഖ്യാപിച്ച മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി മജിസ്റ്റീരിയൽ അന്വേഷണത്തിനും ഉത്തരവിട്ടു.