ന്യൂഡൽഹി : ഛത്തീസ്ഗഡിലെ ദുർഗിൽ 5 ദിവസമായി ജയിൽ കഴിയുന്ന മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ സെഷൻസ് കോടതിയും തള്ളി. കേസ് പരിഗണിക്കാൻ അധികാരമില്ലെന്ന് കോടതി വ്യക്തമാക്കി കൊണ്ടായിരുന്നു കോടതി ജാമ്യാപേക്ഷ നിരസിച്ചത്. ബിലാസ്പുരിലെ എൻഐഎ കോടതിയെ സമീപിക്കാനും നിർദേശിച്ചു. ജാമ്യാപേക്ഷ തള്ളിയതോടെ കന്യാസ്ത്രീകൾക്ക് ജയിലിൽ തുടരേണ്ടിവരും.
കഴിഞ്ഞ ദിവസം മജിസ്ട്രേട്ട് കോടതി ഇവരുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. കേസിൽ ആരോപിച്ചിരിക്കുന്ന മനുഷ്യക്കടത്ത്, നിർബ്ബന്ധിത മതപരിവർത്തനം എന്നീ കുറ്റങ്ങൾ അധികാരപരിധിയിലല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. ഇതിനെ തുടർന്നാണ് ജാമ്യത്തിനായി സെഷൻസ് കോടതിയെ സമീപിച്ചത്. മതപരിവർത്തനമോ മനുഷ്യക്കടത്തോ നടന്നിട്ടില്ലെന്നും, ജോലി ചെയ്തു ജീവിക്കാനായി ഭരണഘടന നൽകുന്ന അവകാശമാണ് യുവതികൾ ഉപയോഗിച്ചതെന്നും ജാമ്യാപേക്ഷയിൽ ഉന്നയിച്ചിരുന്നു.
മനുഷ്യക്കടത്ത് ആരോപിച്ചാണ് വെള്ളിയാഴ്ച ഛത്തീസ്ഗഡിലെ ദുർഗിൽ വെച്ച് കണ്ണൂർ തലശ്ശേരി ഉദയഗിരി ഇടവകാംഗമായ സിസ്റ്റർ വന്ദന ഫ്രാൻസിസ്, അങ്കമാലി എളവൂർ ഇടവകാംഗമായ സിസ്റ്റർ പ്രീതി മേരി എന്നിവരെയാണ് ബജ്‌റങ്ദൾ പ്രവർത്തകരുടെ പരാതിയിൽ അറസ്റ്റ് ചെയ്തത്. മതപരിവർത്തനം നടന്നിട്ടില്ലെന്നും രക്ഷിതാക്കളുടെ സമ്മതത്തോടെയാണു പെൺകുട്ടികൾ യാത്ര ചെയ്തതെന്നും അസീസിസിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹവും വ്യക്തമാക്കിയിരുന്നു.
