തിരുവനന്തപുരം : ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ‘ബി നിലവറ’ തുറക്കാൻ ആവശ്യം. ഭരണസമിതി യോഗത്തിൽ സർക്കാർ പ്രതിനിധിയാണ് അമൂല്യ നിധിശേഖരമുണ്ടെന്നു കരുതപ്പെടുന്ന ‘ബി നിലവറ’ തുറക്കാൻ ആവശ്യപ്പെട്ടത്. യോഗത്തിൽ മറ്റ് അംഗങ്ങൾ ആരും പ്രതികരിച്ചില്ലെന്നാണ് അറിയുന്നത്. ക്ഷേത്രാചാരങ്ങളിൽ തീരുമാനമെടുക്കാൻ ഉത്തരവാദിത്തമുള്ള ക്ഷേത്രതന്ത്രി യോഗത്തിൽ പങ്കെടുത്തിരുന്നില്ല.
ക്ഷേത്രത്തിന്റെ തെക്കു പടിഞ്ഞാറ് ഭരതക്കോണിൽ വടക്കോട്ടും കിഴക്കോട്ടും തുറക്കുന്ന രീതിയിലാണ് എ, ബി നിലവറയുടെ സ്ഥാനം. ശ്രീപത്മനാഭസ്വാമിയുടെ ശിരസ്സിന്റെ ഭാഗത്താണിവ. ക്ഷേത്രത്തിലെ
അമൂല്യ നിധിശേഖരമുണ്ടെന്നു വിശ്വസിക്കുന്ന ഈ നിലവറ ഉൾപ്പെടെ 6 നിലവറകൾ തുറന്ന് അറകളിലെ സൂക്ഷിപ്പുകളുടെ കണക്ക് എടുക്കണമെന്ന 2011 ജൂണിൽ സുപ്രീംകോടതി നിർദ്ദേശിച്ചിരുന്നു. നിത്യപൂജയ്ക്കുള്ള സാധനങ്ങൾ സൂക്ഷിക്കുന്ന ഇ, എഫ് നിലവറകൾ എന്നും തുറക്കുന്നവയാണ്. അതുകൂടാതെ മറ്റ് അറകൾ തുറന്നെങ്കിലും ബി നിലവറ അന്നും തുറന്നില്ല.
നൂറ്റാണ്ടിലേറെയായി ബി നിലവേറ തുറന്നിട്ടില്ലെന്നാണ് വിശ്വസിക്കുന്നത്. എന്നാൽ, 1990, 2002 വർഷങ്ങളിലായി
7 തവണ ഈ നിലവറ തുറന്നെന്ന് സുപ്രീം കോടതി നിയോഗിച്ച പ്രത്യേക ഓഡിറ്റർ വിനോദ് റായിയുടെ റിപ്പോർട്ടിൽ പറയുന്നുണ്ട്. അതേസമയം, ബി നിലവറയുടെ ആദ്യത്തെ അറ മാത്രമെ തുറന്നിട്ടുള്ളൂവെന്നും അതിനുള്ളിലെ മറ്റൊരു വാതിൽ തുറന്നതായി ഓർമ്മയുള്ള ആരും ഈ തലമുറയിൽ ജീവിച്ചിരിപ്പില്ലെന്നും രാജകുടുംബാംഗങ്ങൾ അന്നു വ്യക്തമാക്കിയിരുന്നു.
2011 ൽ തുറന്ന എ നിലവറക്ക് പ്രവേശന കവാടം കഴിഞ്ഞാൽ കരിങ്കല്ലുകൾ പാകിയ വിശാലമായ ഒരു മുറിയാണുള്ളത്. അവിടെയുളെ കല്ലുപാളികൾ നീക്കി, ഒരാൾക്കു മാത്രം ഇറങ്ങാൻ കഴിയുന്ന പടികളിലൂടെ താഴോട്ട് ചെല്ലുമ്പോൾ ചെറിയൊരു അറയാണ്. ഒരാൾക്കു കുനിഞ്ഞു മാത്രം നിൽക്കാം. 3.67 മീറ്റർ നീളം, 2.27 മീറ്റർ വീതി, 1.76 മീറ്റർ ഉയരം ഇത്രയുമാണ് അറയുടെ വലുപ്പം. ഇവിടെ 150 സെന്റീമീറ്റർ നീളത്തിലും 212 സെന്റീമീറ്റർ ഉയരത്തിലും നിർമ്മിച്ച അലമാരയിലാണു നിധിശേഖരം കണ്ടെത്തിയത്. അറ ഗ്രാനൈറ്റിൽ മോടിപിടിപ്പിച്ചിട്ടുണ്ടെന്നാണ് പറയുന്നത്.
ചെറിയ അറയിൽ ശ്വാസം കിട്ടാത്തതിനാൽ ഫയർഫോഴ്സ് ഇടയ്ക്കിടെ ഓക്സിജൻ പമ്പ് ചെയ്തു കൊടുത്താണ് കൂടുതൽ നേരമെടുത്ത് പരിശോധന പൂർത്തിയാക്കാനായത്. ദിവസങ്ങൾ നീണ്ട പരിശോധനയിൽ രണ്ടായിരത്തോളം ശരപ്പൊളി സ്വർണമാലകളാണ് കണ്ടെടുത്തത്. ഇവയിൽ പലതിനും രണ്ടര കിലോയോളം തൂക്കവും 18 അടി നീളവും ഉണ്ടായിരുന്നു എന്നാണ് റിപ്പോർട്ട്. ബൽജിയം രത്നങ്ങളുടെ വിഭാഗത്തിൽ പെടുന്ന രത്നങ്ങൾ ഒരു ചാക്ക് നിറയെ കണ്ടെടുത്തിരുന്നെന്ന് പറയപ്പെട്ടന്നു. ബി നിലവറ തുറക്കണമെന്ന് ഇപ്പോൾ ഉയർന്ന ആവശ്യം ഇനിയുള്ള ദിവസങ്ങളിൽ പുതിയ ഊഹാപോഹങ്ങൾക്ക് വഴിവെച്ചേക്കും.
