തിരുവനന്തപുരം : സംസ്ഥാനത്ത് ഓൺലൈൻ വഴിയും ഇനി മദ്യം ലഭ്യമാകും. ഓൺലൈൻ മദ്യവിൽപ്പനയ്ക്കായി ബെവ്‍കോ മൊബൈൽ ആപ്ലിക്കേഷൻ ഒരുക്കിക്കഴിഞ്ഞു. സ്വിഗ്ഗിയടക്കമുള്ള ഓൺലൈൻ ഡെലിവറി പ്ലാറ്റ്ഫോമുകൾ താത്പര്യം അറിയിച്ച് മുന്നോട്ടുവന്നിട്ടുണ്ടെന്നാണ് ബെവ്കോ എംഡി ഹർഷിത അട്ടല്ലൂരി വ്യക്തമാക്കുന്നത്.
വരുമാന വർധനവ് ലക്ഷ്യമിട്ടാണ് ഓൺലൈനിലൂടെ നിബന്ധനകൾക്ക് വിധേയമായി മദ്യവിൽപ്പനക്ക് ബെവ്കോ തയ്യാറെടുക്കുന്നത്. ഇതുസംബന്ധിച്ച വിശദമായ ശുപാർശ ബെവ്കോ എംഡി ഹർഷിത അട്ടല്ലൂരി സർക്കാരിന് സമർപ്പിച്ചു. മൂന്നുവർഷം മുമ്പും സർക്കാരിനോട് ഓൺലൈൻ മദ്യവിൽപ്പനയ്ക്ക് അനുമതി തേടിയിരുന്നു. എന്നാൽ, സർക്കാർ അനുമതി നൽകിയിരുന്നില്ല. 23വയസിന് മുകളിലുള്ളവർക്കായിരിക്കും ഓൺലൈനിൽ മദ്യം വാങ്ങാൻ കഴിയുക.
മദ്യം നൽകുന്നതിന് മുമ്പ് പ്രായം തെളിയിക്കുന്ന രേഖ നൽകണം. ഓൺലൈൻ മദ്യവിൽപ്പനയ്ക്ക് പുറമെ വീര്യം കുറഞ്ഞ മദ്യം പുറത്തിറക്കണമെന്നും ബെവ്‍കോ ശുപാർശ നൽകിയിട്ടുണ്ട്. വിനോദ സഞ്ചാരികളടക്കം വീര്യം കുറഞ്ഞ മദ്യം പുറത്തിറക്കണമെന്ന നിർദ്ദേശം മുന്നോട്ടുവെച്ചിട്ടുണ്ടെന്നാണ് ബെവ്കോ അധികൃതർ വ്യക്തമാക്കുന്നത്. വിദേശ നിർമ്മിത ബിയർ വിൽപ്പന അനുവദിക്കണമെന്നതും ബെവ്കോയുടെ ആവശ്യത്തിലുണ്ട്.
