തൃശൂർ : ഒരു ഭരണഘടനാ സ്ഥാപനത്തിന്റെ ഭാഗത്തുനിന്ന് വരേണ്ട മറുപടിയല്ല തെരഞ്ഞെടുപ്പ് കമ്മിഷന്റെ വാര്‍ത്താ സമ്മേളനത്തില്‍ ഉണ്ടായത്, വെറും രാഷ്ട്രീയ പ്രസ്താവന മാത്രമെന്ന് സിപിഐ നേതാവ് വിഎസ് സുനില്‍കുമാര്‍. തെരഞ്ഞെടുപ്പ് കമ്മീഷന്‍ എന്താണ് പറയാന്‍ പോകുന്നതെന്നുള്ള മുന്‍കൂട്ടിയുള്ള ആത്മവിശ്വാസ പ്രകടനമാണ് രാവിലെ സുരേഷ് ഗോപി നടത്തിയതെന്നും വിഎസ് സുനില്‍ കുമാര്‍ പറഞ്ഞു.
“അതൊരു സ്വതന്ത്ര ഭരണഘടനാസ്ഥാപനത്തിന്റെ ഭാഗത്ത് നിന്ന് വരുന്ന ഒരു വിശദീകരണമായല്ല എനിക്ക് തോന്നിയത്. ഇലക്ഷന്‍ കമ്മിഷന്‍ നടത്തിയത് ഒരു പൊളിറ്റിക്കല്‍ സ്റ്റേറ്റ്‌മെന്റാണ്. ഇലക്ഷന്‍ കമ്മിഷന്‍ പറയാന്‍ പോകുന്നതെന്താണെന്ന് മനസ്സിലാക്കിയുള്ള ആത്മവിശ്വാസ പ്രകടനമാണ് ഇന്ന് രാവിലെ സുരേഷ് ഗോപിയുടെ ഭാഗത്ത് നിന്നുണ്ടായത്. ഇന്ന് പ്രയോഗിച്ച വാക്കുകള്‍ അദ്ദേഹമിരിക്കുന്ന സ്ഥാനത്തിന് യോജിച്ചതാണോ എന്ന് ചിന്തിക്കണം. വ്യക്തി എന്ന നിലയില്‍ ഇത്തരം തരംതാഴ്ന്ന വാക്കുകള്‍ പറയുന്നത് അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെ പ്രശ്‌നമാണ്. അതില്‍ നമുക്ക് ഒന്നും ചെയ്യാന്‍ കഴിയുന്ന കാര്യമല്ല.” – സുനില്‍ കുമാര്‍ വ്യക്തമാക്കി
എപ്പോള്‍ സുപ്രീംകോടതിയില്‍ പോകണം എന്നുള്ള കാര്യങ്ങള്‍ രാഷ്ട്രീയപാര്‍ട്ടികള്‍ക്കറിയാം എന്നും കോടതിയില്‍ പോകേണ്ട കാര്യം പഠിപ്പിക്കാന്‍ സുരേഷ് ഗോപി വരേണ്ട എന്നും അദ്ദേഹം വ്യക്തമാക്കി.
വാനരന്‍ പ്രയോഗവുമായി ബന്ധപ്പെട്ടും അദ്ദേഹം പ്രതികരിച്ചു. കേന്ദ്രമന്ത്രിയുടേത് തരംതാഴ്ന്ന പ്രയോഗം. സ്ഥാനത്തിന് യോജിച്ച പ്രതികരണം അല്ല ഉണ്ടായത്. വ്യക്തി എന്ന നിലയില്‍ അല്ലെങ്കില്‍ പോലും അദ്ദേഹത്തിന്റെ സ്ഥാനത്തെയെങ്കിലും മാനിക്കാന്‍ തയ്യാറാകണം. വാനരന്മാര്‍ എന്ന വാക്കൊക്കെ കേന്ദ്രമന്ത്രിമാര്‍ വിളിക്കുന്നത് ശരിയല്ല. ഇരിക്കുന്ന സ്ഥാനത്തെപ്പറ്റി നന്നായി ചിന്തിക്കണം. സുരേഷ് ഗോപിയുടേത് കേട്ടാല്‍ അറക്കുന്ന സ്റ്റേറ്റ്‌മെന്റ്. രാത്രി കിടക്കുമ്പോള്‍ പറയുന്നത് ശരിയാണോ എന്ന് ചിന്തിക്കണം. സുരേഷ് ഗോപിക്ക് എതിരെ ഉയരുന്ന ആരോപണങ്ങളില്‍ കൃത്യമായ മറുപടി പറയാന്‍ കഴിയുന്നില്ലെങ്കില്‍ തെറിവാക്ക് പറയുകയല്ല വേണ്ടത് – അദ്ദേഹം വ്യക്തമാക്കി.
