കോഴിക്കോട് : അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മൂന്നുമാസം പ്രായമുള്ള കുഞ്ഞിന്റെ നില അതീവ ഗുരുതരമായി തുടരുന്നു. രണ്ടാഴ്ചയിലേറെയായി കുഞ്ഞ് വെന്റിലേറ്ററിന്റെ സഹായത്തിലാണ്. ഓമശ്ശേരിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടിയ കുഞ്ഞിനെ പിന്നീട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.
കുഞ്ഞിൻ്റെ വീട്ടിലെ കിണർ വെള്ളത്തിൽ രോഗത്തിന് കാരണമായ അമീബയുടെ സാന്നിദ്ധ്യം കണ്ടെത്തിയത് കൂടുതൽ ആശങ്കക്ക് വഴിവെച്ചിട്ടുണ്ട്. കുഞ്ഞിന് രോഗം സ്ഥിരീകരിച്ചത് മുതൽ കോഴിക്കോട് ജില്ല അതീവ ജാഗ്രതയിലാണ്. കിണർ വെള്ളമാണ് രോഗത്തിൻ്റെ ഉറവിടമെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതോടെ ആരോഗ്യവകുപ്പ് സമീപപ്രദേശങ്ങളിലെ കിണറുകൾ ശുചീകരിക്കാനും അണുവിമുക്തമാക്കാനുമുള്ള നടപടികൾ ഊർജ്ജിതമാക്കി. അതോടൊപ്പം രോഗം സ്ഥിരീകരിച്ച അന്നശ്ശേരി സ്വദേശിയായ ഒരു യുവാവും മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുണ്ട്.
അമീബിക് മസ്തിഷ്കജ്വരം രോഗം ബാധിച്ച് കഴിഞ്ഞ ദിവസം താമരശ്ശേരിയിൽ ഒൻപതു വയസ്സുകാരി മരിച്ചിരുന്നു. ഈ കുട്ടിയുടെ സഹോദരങ്ങളുടെ സ്രവ സാമ്പിളുകൾ ഉൾപ്പെടെ കൂടുതൽ പേരുടെ പരിശോധനകൾ മെഡിക്കൽ കോളേജിൽ നടക്കുന്നുണ്ട്. ജലത്തിലൂടെ പകരുന്നതും വളരെ വേഗത്തിൽ ജീവന് ഭീഷണിയാകുന്നതുമായ ഈ രോഗം പൊതുജനങ്ങളിലും ആരോഗ്യപ്രവർത്തകരിലും ഒരുപോലെ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.
രോഗത്തെക്കുറിച്ചും അത് തടയാനുള്ള മാർഗ്ഗങ്ങളെക്കുറിച്ചും പൊതുജനങ്ങൾക്ക് അവബോധം നൽകാനുള്ള ശ്രമങ്ങൾ ആരോഗ്യവകുപ്പ് നടത്തുന്നുണ്ട്. കിണറുകളും മറ്റ് ജലസ്രോതസ്സുകളും ക്ലോറിനേറ്റ് ചെയ്യേണ്ടതിൻ്റെ പ്രാധാന്യം അധികൃതർ വ്യക്തമാക്കുന്നു